അഞ്ച് ടെസ്റ്റ്; 21 സെഞ്ച്വറി, 7188 റൺസ്! റെക്കോഡുകൾ എഴുതിച്ചേർത്ത ആൻഡേഴ്സൻ -തെൻഡുൽക്കർ ട്രോഫി

ലണ്ടൻ: സമീപകാല ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇത്രയും ആവേശകരമായ മറ്റൊരു പരമ്പരക്ക് ആരാധകർ സാക്ഷ്യം വഹിച്ചിട്ടില്ല. ടെസ്റ്റിന്‍റെ എല്ലാ സൗന്ദര്യവും അടങ്ങിയ മനോഹരമായ അഞ്ച് മത്സരങ്ങൾ. ബാറ്റുകൊണ്ടും ബാളുകൊണ്ടും ഫീൽഡിലെ രസകരമായ നിമിഷങ്ങളിലൂടെയും ആരാധകരുടെ മനംകവർന്ന താരങ്ങൾ. ഹോട്ട്സ്റ്റാറിൽ ഒരു ടെസ്റ്റ് മത്സരത്തിന്‍റെ ക്ലൈമാക്സ് കാണാൻ തത്സമയം 60 കോടിയിലേറെ ക്രിക്കറ്റ് ആരാധകർ... ഇംഗ്ലിഷ് മണ്ണിൽ നടന്ന ആൻഡേഴ്സൻ -തെൻഡുക്കർ ട്രോഫിയിൽ പരമ്പര ജയത്തോളം പോന്ന സമനില പിടിച്ച് തിരികെ നാട്ടിലെത്തുമ്പോൾ കണക്കുകളാലും ടീം ഇന്ത്യ സമ്പന്നമാണ്.

ശുഭ്മൻ ഗിൽ നയിച്ച ടീം ഇന്ത്യ ഓവലിൽ നടന്ന അഞ്ചാമത്തെയും അവസാനത്തെയും മത്സരം ജയിച്ചതോടെ 2-2 എന്ന നിലയിൽ അവസാനിച്ച ടെസ്റ്റ് പരമ്പരയിൽ നിരവധി റെക്കോർഡുകൾ തകർന്നു, ചിലത് സൃഷ്ടിക്കപ്പെട്ടു. അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഇരു ടീമുകളുടെയും ഉജ്ജ്വല ബാറ്റിങ്ങിന്റെ പൂർണമായ പ്രകടനത്തിനാണ് സാക്ഷ്യം വഹിച്ചത്. അതിന്റെ ഫലമായി 21 സെഞ്ച്വറികൾ ഉൾപ്പെടെ അഞ്ച് മത്സരങ്ങളിൽനിന്ന് 7188 റൺസ് പിറന്നു. 1993ൽ ആറ് മത്സരങ്ങളടങ്ങിയ ആഷസ് പരമ്പയിൽ അടിച്ചുകൂട്ടിയ 7221 റൺസ് മാത്രമാണ് ഇതിനു മുകളിലുള്ളത്. ഈ പരമ്പരയിൽ തിരുത്തിക്കുറിച്ച റെക്കോഡുകളിൽ ചിലത് ഇവിടെ പരിശോധിക്കാം.

  • റൺസ് അടിസ്ഥാനത്തിൽ ഇന്ത്യയുടെ ഏറ്റവും ചെറിയ ടെസ്റ്റ് വിജയം - ഓവലിൽ ആറ് റൺസിനാണ് ഇന്ത്യ ജയിച്ചത്. 2004ൽ ഓസ്ട്രേലിയക്കെതിരെ നേടിയ 13 റൺസിന്റെ മുൻ റെക്കോർഡാണ് മറികടന്നത്.
  • ഇന്ത്യയ്‌ക്കെതിരെ ഏറ്റവും കൂടുതൽ 500+ റൺസ് പരമ്പരകൾ - ഇന്ത്യയ്‌ക്കെതിരായ ഒരു ടെസ്റ്റ് പരമ്പരയിൽ 500 അല്ലെങ്കിൽ അതിൽ കൂടുതൽ റൺസ് നേടിയ ആദ്യ കളിക്കാരനാണ് ജോ റൂട്ട് (3 തവണ).
  • ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ റൺസ് - ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ (ഡബ്ല്യു.ടി.സി) ചരിത്രത്തിൽ 6,000 റൺസ് നേടുന്ന ആദ്യ കളിക്കാരനായി ജോ റൂട്ട് മാറി.
  • ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ ക്യാപ്റ്റൻ എന്ന നേട്ടം - ശുഭ്മൻ ഗിൽ സുനിൽ ഗവാസ്കറിന്റെ 732 റൺസ് എന്ന റെക്കോഡ് തകർത്തു.
  • ഇന്ത്യ - ഇംഗ്ലണ്ട് പരമ്പരയിൽ ഏറ്റവും കൂടുതൽ അർധ സെഞ്ച്വറികൾ - ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഒരു ടെസ്റ്റ് പരമ്പരയിൽ ആറ് അർധ സെഞ്ച്വറികൾ നേടിയ ആദ്യ കളിക്കാരനായി രവീന്ദ്ര ജദേജ മാറി.
  • ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് - ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഗ്രഹാം ഗൂച്ചിന്റെ 35 വർഷം പഴക്കമുള്ള 752 റൺസിന്റെ റെക്കോർഡ് ഗിൽ തകർത്തു. 754 റൺസാണ് താരം പരമ്പരയിൽ അടിച്ചെടുത്തത്.
  • 5 മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിൽ ഒരു ടീം നേടുന്ന ഏറ്റവും കൂടുതൽ റൺസ് - 3,809 റൺസുമായി, അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ടീമായി ഇന്ത്യ മാറി.
  • ഒരു നൈറ്റ് വാച്ച്മാന്റെ അർധശതകം - സയ്യിദ് കിർമാനിക്കും അമിത് മിശ്രയ്ക്കും ശേഷം ടെസ്റ്റിൽ അർധശതകം നേടുന്ന മൂന്നാമത്തെ ഇന്ത്യൻ നൈറ്റ് വാച്ച്മാനായി ആകാശ് ദീപ് മാറി. ഇന്ത്യയ്‌ക്കെതിരെ ഏറ്റവും കൂടുതൽ ടെസ്റ്റ് സെഞ്ച്വറികൾ - ജോ റൂട്ട് ഇന്ത്യയ്‌ക്കെതിരെ നേടുന്ന 12 സെഞ്ച്വറികൾ ഒരു പുതിയ ലോക റെക്കോർഡാണ്.
  • ഇംഗ്ലണ്ടിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ ഇന്ത്യൻ ബൗളർ - ജസ്പ്രീത് ബുംറ ഇഷാൻ ശർമ്മയുടെ 51 വിക്കറ്റുകൾ എന്ന റെക്കോഡിനൊപ്പമെത്തി.
Tags:    
News Summary - Anderson-Tendulkar Trophy: List of major Test records broken, created in 5-match IND vs ENG series

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.