ഏ​ഷ്യ ക​പ്പി​ന് മു​ന്നോ​ടി​യാ​യി ശ്രീ​ല​ങ്ക​ൻ താ​ര​ങ്ങ​ൾ പ​രി​ശീ​ല​ന​ത്തി​ൽ

ഏഷ്യൻ തല്ലുമാല

ദുബൈ: കണക്കുകൾ ഒരുപാട് തീർക്കാനുണ്ട്. ലോകകപ്പിന്‍റെ ചരിത്രത്തിലാദ്യമായി ഇന്ത്യയെ വീഴ്ത്തിയ പാകിസ്താനോട്, ഏഷ്യകപ്പ് ഫൈനലിൽ അവസാന പന്തിൽ ബംഗ്ലാദേശിന്‍റെ കണ്ണീർവീഴ്ത്തിയ ഇന്ത്യയോട്, ലോകപോരിൽ ബംഗ്ലാദേശിനെ തോൽപിച്ച ശ്രീലങ്കയോട്, അഫ്ഗാനെ മറികടന്ന പാകിസ്താനോട്... അങ്ങനെ എത്രയെത്ര കണക്കുകൾ. മനസ്സിൽ കുറിച്ചിട്ട കണക്കുകൾക്ക് എണ്ണിയെണ്ണി പകരം ചോദിക്കാൻ അവർ ഇന്ന് മുതൽ അതേ മൈതാനത്ത് പാഡണിയുന്നു.

ഇന്ത്യയും പാകിസ്താനും ശ്രീലങ്കയും അഫ്ഗാനിസ്താനും ബംഗ്ലാദേശും ഹോങ്കോങ്ങുമെല്ലാം നേർക്കുനേർ ഏറ്റുമുട്ടുന്ന ഏഷ്യകപ്പിന് ഇന്ന് ദുബൈ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ടോസ് വീഴും. ഇത്തവണ ട്വന്‍റി20 ഫോർമാറ്റിലാണ് മത്സരം. ശനിയാഴ്ച രാത്രി യു.എ.ഇ സമയം ആറിന് (ഇന്ത്യൻ സമയം 7.30) നടക്കുന്ന ആദ്യ മത്സരത്തിൽ അഫ്ഗാനിസ്താൻ ശ്രീലങ്കയെ നേരിടും. രണ്ടാം മത്സരത്തിൽ ഞായറാഴ്ച ഇന്ത്യയും പാകിസ്താനും മാറ്റുരക്കും. സെപ്റ്റംബർ 11 ഫൈനൽ.

നാലു വർഷത്തിനുശേഷം

നാലു വർഷത്തെ ഇടവേളക്ക് ശേഷമാണ് ഏഷ്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് മാമാങ്കം വിരുന്നെത്തുന്നത് . 2018ൽ നടന്ന അവസാന ഏഷ്യ കപ്പിൽ ബംഗ്ലാദേശിനെ തോൽപിച്ച് ഇന്ത്യയാണ് കിരീടം അണിഞ്ഞത്. കോവിഡ് മൂലം 2020ൽ നടക്കാതെ പോയ ഏഷ്യകപ്പ് കഴിഞ്ഞ വർഷം ശ്രീലങ്കയിൽ നടക്കേണ്ടിയിരുന്നതാണ്.

എന്നാൽ, ആഭ്യന്തര സംഘർഷവും സാമ്പത്തിക പ്രതിസന്ധിയും മൂലം യു.എ.ഇയിലേക്ക് മാറ്റുകയായിരുന്നു. ദുബൈ, ഷാർജ എന്നിവിടങ്ങളിലായി 13 മത്സരങ്ങൾ നടക്കും. ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ദുബൈ സ്റ്റേഡിയത്തിലാണ്. യു.എ.ഇയിൽ കനത്ത ചൂടായതിനാൽ ടീമുകൾ വൈകുന്നേരമാണ് പരിശീലനത്തിനിറങ്ങുന്നത്. രാത്രിയിൽ ചൂട് കുറയുമെങ്കിലും 40 ഡിഗ്രിയാണ് ഹ്യൂമിഡിറ്റി. ഇത് താരങ്ങളുടെ പ്രകടനത്തെ ബാധിച്ചേക്കും.

ഏഷ്യൻ രാജ്യങ്ങളിലെ പ്രവാസികൾ തിങ്ങിത്താമസിക്കുന്ന യു.എ.ഇയിലേക്ക് ഏഷ്യ കപ്പ് എത്തുമ്പോൾ ആവേശത്തിന് കുറവുണ്ടാകില്ലെന്നുറപ്പ്. ഒരു രാജ്യത്തിനും ഹോം ഗ്രൗണ്ടിന്‍റെ ആനുകൂല്യം അവകാശപ്പെടാനില്ലെങ്കിലും എല്ലാ ടീമുകൾക്കും കാണികളിൽനിന്ന് തുല്യമായ പിന്തുണ ലഭിക്കും.

ഇന്ത്യ-പാക് മത്സരത്തിന്‍റെ ഗാലറി ടിക്കറ്റ് മണിക്കൂറുകൾക്കുള്ളിൽ വിറ്റഴിഞ്ഞിരുന്നു. ഇന്ത്യയും പാകിസ്താനും തമ്മിൽ മൂന്ന് മത്സരങ്ങൾ കളിക്കാനുള്ള സാധ്യതയും ഈ ടൂർണമെന്‍റിനുണ്ട്. എ. ഗ്രൂപ്പിൽ ഇന്ത്യ, പാകിസ്താൻ, ഹോങ്കോങ്, ബി. ഗ്രൂപ്പിൽ ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ ടീമുകളുമാണ് ഏറ്റുമുട്ടുന്നത്. യോഗ്യത റൗണ്ടിൽ ചാമ്പ്യന്മാരായാണ് ഹോങ്കോങ്ങിന്റെ വരവ്.

കരിഞ്ചന്ത തടയാൻ കർശന മുന്നറിയിപ്പുകളാണ് ദുബൈ പൊലീസ് പുറപ്പെടുവിച്ചിരിക്കുന്നത്. 2016 മുതൽ ഒന്നിടവിട്ട സീസണുകളിൽ ഏകദിനവും ട്വന്‍റി 20യും മാറിമാറി കളിക്കാനാണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്‍റെ തീരുമാനം. 2016ലാണ് ഏഷ്യകപ്പിൽ ആദ്യമായി ട്വന്‍റി-20 നടന്നത്. 2018ൽ ഏകദിനവും നടന്നു. 2018ലും യു.എ.ഇയാണ് ഏഷ്യകപ്പിന് ആതിഥ്യമരുളിയത്. 

Tags:    
News Summary - After four years Asias biggest cricket spectacle will be celebrated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.