അഭ്യൂഹങ്ങൾ അവസാനിപ്പിച്ച്, തന്‍റെ രണ്ടാം വിവാഹം സ്ഥിരീകരിച്ച് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ഓൾ റൗണ്ടർ റാഷിദ് ഖാൻ. നെതര്‍ലൻഡ്സിൽ റാഷിദ് ഖാൻ ചാരിറ്റബിൾ ഫൗണ്ടേഷന്റെ പ്രഖ്യാപന ചടങ്ങിൽ താരത്തിനൊപ്പം കാബുൾ യുവതിയും പങ്കെടുക്കുന്ന ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് അഭ്യൂഹങ്ങൾ പരന്നത്.
ചിത്രങ്ങളിലുള്ളത് തന്റെ ഭാര്യയാണെന്ന് റാഷിദ് ഖാൻ പ്രതികരിച്ചു. ആഗസ്റ്റ് രണ്ടിനായിരുന്നു വിവാഹം. 2024 ഒക്ടോബറിൽ കാബൂളിൽ വെച്ചായിരുന്നു താരത്തിന്‍റെ ആദ്യ വിവാഹം. സഹോദരങ്ങളായ ആമിർ ഖലീൽ, സകിയുല്ലാ, റാസാ ഖാൻ എന്നിവരും അന്ന് വിവാഹിതരായി. 10 മാസത്തിനുശേഷമാണ് താരം വീണ്ടും വിവാഹം കഴിച്ചത്. ‘2025 ആഗസ്റ്റ് രണ്ടിന് എന്റെ ജീവിതത്തിലെ പുതിയൊരു, അർഥവത്തായ ഒരു അധ്യായം ഞാൻ ആരംഭിച്ചു. എന്റെ നിക്കാഹ് കഴിഞ്ഞു, എപ്പോഴും പ്രതീക്ഷിച്ചിരുന്ന സ്നേഹം, സമാധാനം എന്നിവ ഉൾക്കൊള്ളുന്ന ഒരു സ്ത്രീയെ വിവാഹം കഴിച്ചു. അടുത്തിടെ ഭാര്യയുമായി ഒരു ചാരിറ്റി പരിപാടിയിൽ പങ്കെടുത്തു. അതിന്റെ ചിത്രങ്ങൾ എടുത്ത് അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത് ദൗർഭാഗ്യകരമാണ്. അവൾ എന്റെ ഭാര്യയാണ്. ഇവിടെ ഒന്നും ഒളിക്കാനില്ല. എന്നെ പിന്തുണക്കുകയും മനസ്സിലാക്കുകയും ചെയ്ത എല്ലാവർക്കും നന്ദി’ -റാഷിദ് ഖാൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
വിവാഹചിത്രങ്ങളും റാഷിദ് ഖാൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. എന്നാൽ ഭാര്യയുടെ പേരു വിവരങ്ങളൊന്നും താരം വെളിപ്പെടുത്തിയില്ല. ട്വന്‍റി20 ക്രിക്കറ്റിലെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമനാണ് റാഷിദ്. 108 മത്സരങ്ങളിൽനിന്ന് 182 വിക്കറ്റുകളാണ് താരത്തിന്‍റെ സമ്പാദ്യം. 2019ലാണ് മൂന്നു ഫോർമാറ്റിലും താരം അഫ്ഗാൻ ടീമിന്‍റെ നായകനാകുന്നത്. താരത്തിന്‍റെ നേതൃത്വത്തിലാണ് അഫ്ഗാൻ ടീം അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏവരെയും അസൂയപ്പെടുത്തുന്ന നേട്ടങ്ങൾ സ്വന്തമാക്കിയത്. കഴിഞ്ഞ ട്വന്‍റി20 ലോകകപ്പിൽ ടീം സെമിയിലെത്തിയിരുന്നു.
നിർധനരായ അഫ്ഗാൻ കുടുംബങ്ങളുടെ വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ശുദ്ധജല പദ്ധതികൾ എന്നിവയെ പിന്തുണക്കുന്നതിനാണ് റാഷിദ് ഖാൻ ഫൗണ്ടേഷൻ ആരംഭിച്ചത്. ഐ.പി.എല്ലിൽ ഗുജറാത്ത് ടൈറ്റൻസിന്‍റെ താരമാണ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.