ടീമിന്‍റെ പ്രകടനത്തിൽ ഫുൾ ക്രെഡിറ്റും സഞ്ജുവിന്; മലയാളി താരത്തെ പുകഴ്ത്തി മുൻ ഓസീസ് നായകൻ

മുംബൈ: ഐ.പി.എല്ലിൽ ഏവരെയും അദ്ഭുതപ്പെടുത്തുന്ന പ്രകടനവുമായി മുന്നേറുകയാണ് സഞ്ജു സാംസണിന്‍റെ നേതൃത്വത്തിൽ രാജസ്ഥാൻ റോയൽസ്. ഐ.പി.എൽ പാതിദൂരം പിന്നിടുമ്പോൾ കിരീട സാധ്യത കൽപിക്കപ്പെടുന്ന ടീമുകളിൽ മുന്നിൽ തന്നെയുണ്ട് രാജസ്ഥാൻ.

എട്ടു മത്സരങ്ങളിൽനിന്ന് 14 പോയന്‍റുമായി തലപ്പത്താണ് രാജസ്ഥാൻ. വ്യക്തിഗത പ്രകടനത്തിലും നായകപദവിയിലും മിന്നിത്തിളങ്ങുന്ന സഞ്ജുവിന്‍റെ കാര്യമാണ് ഇതിൽ എടുത്തുപറയേണ്ടത്. സ്ഥിരതയില്ലാത്ത കളിക്കാരൻ എന്ന ലേബലിൽനിന്ന് താരം ബഹുദൂരം സഞ്ചരിച്ചിരിക്കുന്നു. 314 റൺസുമായി റൺവേട്ടക്കാരിൽ അഞ്ചാമതാണ്. മൂന്നു അർധ സെഞ്ച്വറിയും ഇതിൽ ഉൾപ്പെടും. സന്ദർഭത്തിനനുസരിച്ച് പക്വതയുള്ള കളിയാണ് താരം ടീമിനായി പുറത്തെടുക്കുന്നത്.

മുംബൈക്കെതിരായ കഴിഞ്ഞ മത്സരത്തിലെ താരത്തിന്‍റെ പ്രകടനം അതിനുള്ള തെളിവായിരുന്നു. ഫോം കണ്ടെത്താൻ പ്രയാസപ്പെട്ടിരുന്ന യശസ്വി ജയ്സ്വാളിന് സെഞ്ച്വറി പൂർത്തിയാക്കാനും ടീമിന്‍റെ വിജയ റൺ നേടാനും ഒരുമടിയുമില്ലാതെയാണ് സഞ്ജു സ്ട്രൈക്ക് മാറികൊടുത്തത്. മുന്‍ ആസ്ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച് സഞ്ജുവിനെ പ്രശംസിച്ച് രംഗത്തെത്തി. ഈഗോ ഇല്ലാതെ ടീമിനായി പക്വതയാര്‍ന്ന പ്രകടനമാണ് സഞ്ജു നടത്തുന്നതെന്ന് ഫിഞ്ച് പറഞ്ഞു.

‘സഞ്ജു ശരിക്കും പക്വതയുള്ള ഇന്നിങ്സാണ് കളിക്കുന്നത്, അതാണ് ടീമിന് വേണ്ടതും. ട്വന്‍റി20 ക്രിക്കറ്റിന്‍റെ കാലത്ത്, ചിലപ്പോഴെങ്കിലും ബാറ്ററുടെ ഈഗോ ടീമിന്‍റെ ലക്ഷ്യത്തിന് തടസമാവാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഓരോ സാഹചര്യത്തിലും ടീമിന് എന്താണോ വേണ്ടത് അതിന് അനുസരിച്ചാണ് സഞ്ജു കളിക്കുന്നത്’ -ഫിഞ്ച് സ്റ്റാര്‍ സ്പോര്‍ട്സിലെ ചര്‍ച്ചയില്‍ പങ്കെടുത്ത് പറഞ്ഞു.

സീസണില്‍ രാജസ്ഥാനെ അവിശ്വസനീയമായ രീതിയിലാണ് സഞ്ജു നയിക്കുന്നത്. ടീം എത്ര സമ്മര്‍ദത്തിലായാലും രാജസ്ഥാൻ താരങ്ങൾ എത്ര ശാന്തരാണെന്ന് നമുക്ക് കാണാനാകും. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മാത്രമാണ് അവര്‍ പരാജയപ്പെട്ടത്. സീസണില്‍ ഇതുവരെ രാജസ്ഥാന്‍റെ പ്രകടനം ആധികാരികമായിരുന്നു. അതിനുള്ള ഫുള്‍ ക്രെഡിറ്റും സഞ്ജുവിനാണെന്നും ഫിഞ്ച് വ്യക്തമാക്കി.

രാജസ്ഥാന് പ്ലേ ഓഫിലെത്താനുള്ള സാധ്യത വളരെ കൂടുതലാണ്. 62.80 ശരാശരിയും 152.42 സ്ട്രൈക്ക് റേറ്റുമുള്ള സഞ്ജു ലോകകപ്പ് ടീമിലെ വിക്കറ്റ് കീപ്പറാവാനുള്ള മത്സരത്തിലും മുന്‍നിരയിലുണ്ട്. സഞ്ജുവിനെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തണമെന്നും രോഹിത് ശർമക്കുശേഷം ഇന്ത്യൻ ട്വന്‍റി20 ടീമിന്‍റെ നായകനാക്കണമെന്നും മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ് അഭിപ്രായപ്പെട്ടിരുന്നു.

Tags:    
News Summary - Aaron Finch lauds Sanju Samson’s leadership skills

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT