12 വർഷം അണിഞ്ഞ ദേശീയ ജഴ്സി അഴിച്ചുവെച്ച് ആസ്ട്രേലിയ ട്വന്റി20 നായകൻ ആരോൺ ഫിഞ്ച്

കംഗാരുക്കൾ ആദ്യമായി ട്വന്റി20 ലോകകപ്പിൽ മുത്തമിടുമ്പോൾ നായകനായിരുന്ന ആരോൺ ഫിഞ്ച് കളി നിർത്തി. കഴിഞ്ഞ സെപ്റ്റംബറിൽ ഏകദിനത്തിൽനിന്നും വിരമിച്ച താരം അഞ്ച് ടെസ്റ്റുകളിലും 146 ഏകദിനങ്ങളിലും 103 ട്വന്റി20കളിലും ദേശീയ ജഴ്സിയിൽ ഇറങ്ങിയിട്ടുണ്ട്. 2021ലാണ് ആസ്ട്രേലിയ ട്വന്റി20 ലോകകപ്പ്​ ജേതാക്കളായത്.

ആസ്ട്രേലിയൻ ജഴ്സിയിൽ ഇനി ഇറങ്ങില്ലെങ്കിലും ആഭ്യന്തര ലീഗായ ബിഗ് ബാഷിൽ മെൽബൺ റെനഗേഡ്സിനായി കളി തുടരും. 2024ലെ ട്വന്റി20 ലോകകപ്പുവരെ തുടരാനാകില്ലെന്നതിനാൽ ഇപ്പോഴാണ് വിരമിക്കാൻ ഏറ്റവും മികച്ച​ സമയമെന്ന് ഫിഞ്ച് പറഞ്ഞു. സമീപകാലത്ത് ടീമിനൊപ്പം മികച്ച പ്രകടനം നടത്താനായിരുന്നില്ല. ഇതോടെ, ആദ്യ ഇലവനിൽ ഇടം ലഭിക്കാൻ പ്രയാസപ്പെട്ടിരുന്നു.

ട്വന്റി20യിൽ ആസ്ട്രേലിയക്കായി ഏറ്റവും കൂടുതൽ റൺ നേടിയ താരമാണ് ഫിഞ്ച്- 3,120 റൺസ്. കുട്ടിക്രിക്കറ്റിൽ രണ്ട് സെഞ്ച്വറികൾ നേടിയിട്ടുണ്ട്. ഏകദിനത്തിൽ 17 സെഞ്ച്വറികളടക്കം 5,401 റൺസാണ് സമ്പാദ്യം. 2015ൽ ഏകദിന ലോകകപ്പ് ചാമ്പ്യൻമാരായ ടീമിൽ അംഗമായിരുന്നു.

ട്വന്റി20യിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ ഫിഞ്ചിന്റെ പേരിലാണ്- 172 റൺസ്. സിംബാബ്‍വെക്കെതിരെ 2018ൽ 76 പന്തിലായിരുന്നു തകർപ്പൻ സെഞ്ച്വറി. 2013ൽ ഇംഗ്ലണ്ടിനെതിരെ ഫിഞ്ച് തന്നെ കുറിച്ച 156 റൺസ് ആയിരുന്നു മറികടന്നത്. 2011ലാണ് കുട്ടിക്രിക്കറ്റിൽ അരങ്ങേറ്റം. രണ്ടു വർഷം കഴിഞ്ഞ് ഏകദിനത്തിലും ദേശീയ ടീമിലെത്തി. 2018ൽ മാത്രമാണ് ടെസ്റ്റ് മത്സരങ്ങളിൽ ഇറങ്ങിയത്- അഞ്ചെണ്ണം.

2014ൽ ട്വന്റി20യിൽ നായകത്വം ​ലഭിച്ച് രണ്ടു വർഷം കഴിഞ്ഞ് സ്റ്റീവ് സ്മിത്തിന് ചുമതല കൈമാറി. ടെസ്റ്റ്, ഏകദിന, ട്വന്റി20 വിഭാഗങ്ങളിലൊക്കെയും സ്മിത്തായിരുന്നു പിന്നീട് നായകൻ. 2018ൽ നായകത്വം വീണ്ടും ഫിഞ്ചിന് തന്നെ ലഭിച്ചു. 2019ൽ ഏകദിന ലോകകപ്പിൽ താരത്തിനു കീഴിൽ കംഗാരുക്കൾ സെമിയിലെത്തി. പിന്നീട് ഏകദിന നായകനായി പാറ്റ് കമിൻസ് വന്നെങ്കിലും ട്വന്റി20യിൽ നിലനിന്നു. 55 ഏകദിനങ്ങളിലും 76 ട്വന്റി20യിലുമാണ് ദേശീയ ടീമിനെ ഫിഞ്ച് നയിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.