ന്യൂഡൽഹി: 2023ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പ് കൃത്യം 30 നാൾ അരികെ. ഇന്ത്യ ഒറ്റക്ക് ആദ്യമായി ആതിഥ്യമരുളുന്ന ടൂർണമെന്റിൽ പത്തു രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. പത്തു വേദിക
ന്യൂഡൽഹി: 2023ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പ് കൃത്യം 30 നാൾ അരികെ. ഇന്ത്യ ഒറ്റക്ക് ആദ്യമായി ആതിഥ്യമരുളുന്ന ടൂർണമെന്റിൽ പത്തു രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. പത്തു വേദികളിലായി നടക്കുന്ന മത്സരങ്ങൾ ഒന്നര മാസം നീളും. ഒക്ടോബർ അഞ്ചിന് അഹ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ 2019ലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും റണ്ണറപ്പായ ന്യൂസിലൻഡും തമ്മിലാണ് ഉദ്ഘാടന പോരാട്ടം. നവംബർ 19ലെ ഫൈനലും മോദി സ്റ്റേഡിയത്തിലാണ്. ഇന്ത്യ, ഇംഗ്ലണ്ട്, ന്യൂസിലൻഡ് ടീമുകൾക്കു പുറമെ അഫ്ഗാനിസ്താൻ, ആസ്ട്രേലിയ, ബംഗ്ലാദേശ്, നെതർലൻഡ്സ്, പാകിസ്താൻ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക ടീമുകളും ലോക കിരീടം തേടിയിറങ്ങും.
കൊൽക്കത്ത ഈഡൻ ഗാർഡൻസ്, മുംബൈ വാങ്കഡെ സ്റ്റേഡിയം, ഡൽഹി ഫിറോസ് ഷാ കോട്ല സ്റ്റേഡിയം, അഹ്മദാബാദ് മോദി സ്റ്റേഡിയം, ബംഗളൂരു എം. ചിന്നസ്വാമി സ്റ്റേഡിയം, ചെന്നൈ എം.എ. ചിദംബരം സ്റ്റേഡിയം, ധർമശാല എച്ച്.പി.സി.എ സ്റ്റേഡിയം, പുണെ എം.സി.എ സ്റ്റേഡിയം, ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയം, ലഖ്നോ ഏകന സ്റ്റേഡിയം എന്നിവയാണ് വേദികൾ. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലും ഗുവാഹതി അസം ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലും സന്നാഹ മത്സരങ്ങളും നടക്കും. റൗണ്ട്-റോബിൻ ഫോർമാറ്റിലായിരിക്കും മത്സരങ്ങൾ. പ്രാഥമിക റൗണ്ടിൽത്തന്നെ ഓരോ ടീമും പരസ്പരം ഏറ്റുമുട്ടും. കൂടുതൽ പോയന്റ് നേടുന്ന നാലു ടീമുകൾ സെമി ഫൈനലിൽ കടക്കും.
2011ലാണ് ഇന്ത്യ ഉപഭൂഖണ്ഡത്തിൽ ഇതിനുമുമ്പ് ഏകദിന ലോകകപ്പ് അരങ്ങേറിയത്. അന്ന് ശ്രീലങ്കയെ തോൽപിച്ച് ഇന്ത്യ ജേതാക്കളായി. മുംബൈയിലായിരുന്നു ഫൈനൽ. ഇത്തവണ പകൽ മത്സരങ്ങൾ രാവിലെ 10നും പകൽ-രാത്രി കളികൾ ഉച്ചക്ക് രണ്ടിനും തുടങ്ങും. ഇന്ത്യയുടെ മത്സരങ്ങളെല്ലാം ആരംഭിക്കുന്നത് ഉച്ചക്കാണ്. പ്രാഥമിക റൗണ്ടിൽ റിസർവ് ദിനം ഇല്ല. ഏതെങ്കിലും കാരണവശാൽ മത്സരങ്ങൾ ഉപേക്ഷിച്ചാൽ പോയന്റ് പങ്കുവെക്കും. സെമിയിൽ റിസർവ് ദിനമുണ്ട്. അന്നും കളി നടന്നില്ലെങ്കിൽ കൂട്ടത്തിൽ ഗ്രൂപ് റൗണ്ടിൽ കൂടുതൽ പോയന്റ് നേടിയവർക്ക് ഫൈനൽ ബെർത്ത് ലഭിക്കും. ഫൈനലിൽ സമാന സ്ഥിതിയാണെങ്കിൽ രണ്ടു ടീമുകളെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കും.
ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിലെ പരമാവധി ആരാധകർക്ക് നേരിട്ട് കാണാനുള്ള അവസരമാണിത്. ഓൺലൈനിൽ ടിക്കറ്റ് ലഭ്യമായി മിനിറ്റുകൾക്കകം വിറ്റുതീരുകയാണ്. ഇന്ത്യയുടെ ഒരു കളിയുടെയും ടിക്കറ്റ് കിട്ടാനില്ല. മറ്റു ടീമുകളുടെ ചില മത്സരങ്ങളുടേതാണ് ബാക്കിയുള്ളത്. ടിക്കറ്റ് ലഭിക്കാൻ in.bookmyshow.com/explore/c/icc-cricket-world-cup എന്ന ലിങ്കിൽ പ്രവേശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.