ലണ്ടൻ: ബാറ്റർമാർക്കു ബാറ്റു പിഴച്ച ദിനത്തിൽ ഇംഗ്ലണ്ടിനെതിരെ ജയം എറിഞ്ഞുപിടിച്ച് ഇന്ത്യ. ജോസ് ബട്‍ലറും ജാസൺ റോയിയും തുടങ്ങി മുഈൻ അലി വരെ ബാറ്റെടുത്താൽ വെളിച്ചപ്പാടാകാൻ ശേഷിയുള്ള പ്രമുഖരുടെ നിരയുണ്ടായിട്ടും ജസ്പ്രീത് ബുംറ നയിച്ച ബൗളിങ്ങിനു മുന്നിൽ മുനയൊടിഞ്ഞായിരുന്നു 49 റൺസിന് ഇംഗ്ലീഷ് തോൽവി.
ഇതോടെ, മൂന്നു മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പരയിൽ ആദ്യ രണ്ടും ജയിച്ച് ഇന്ത്യ പരമ്പര നേടി. ടെസ്റ്റ് പരമ്പര നഷ്ടമായതിന് മധുര പ്രതികാരവുമായി. ആദ്യം ബാറ്റു ചെയ്ത സന്ദർശകർക്കായി രോഹിതും ഋഷഭ് പന്തും തുടക്കമിട്ട ഇന്നിങ്സിൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് പതിച്ചിട്ടും റൺറേറ്റ് വലിയ കുറവില്ലാതെ മുന്നോട്ടുകൊണ്ടുപോകാനായതാണ് തുണയായത്.
20 പന്തു മാത്രം നേരിട്ട് രോഹിത് 31 എടുത്തപ്പോൾ 15 പന്തിൽ 26ഉമായി പന്തും മോശമല്ലാത്ത തുടക്കം നൽകി. അഞ്ചാം ഓവറിലെ അഞ്ചാം പന്തിൽ ഗീസണ് വിക്കറ്റ് നൽകി രോഹിതാണ് ആദ്യം മടങ്ങിയത്. ഒരു റൺ മാത്രമെടുത്ത് കോഹ്‍ലിയും തൊട്ടടുത്ത പന്തിൽ ഋഷഭ് പന്തും തിരികെ പോയി. നാലും അഞ്ചും സ്ഥാനത്തിറങ്ങിയ സൂര്യകുമാർ യാദവും ഹാർദിക് പാണ്ഡ്യയും രണ്ടക്കം കടന്നയുടൻ വിക്കറ്റ് സമ്മാനിച്ചപ്പോൾ അതിവേഗം തകർന്നുതീരുമെന്നായിടത്താണ് രവീന്ദ്ര ജഡേജ രക്ഷകന്റെ വേഷമണിയുന്നത്.
നങ്കൂരമുറപ്പിച്ചും ആവശ്യമായിടത്ത് ബൗണ്ടറി കടത്തിയും ബാറ്റു വീശിയ താരം 29 പന്തിൽ അഞ്ചു ബൗണ്ടറികളുടെ സഹായത്തോടെയാണ് അർധ സെഞ്ച്വറിക്കരികെ 46ലെത്തിയത്. വാലറ്റത്ത് ദിനേഷ് കാർത്തികും (12) ഹർഷൽ പട്ടേലും (13) ഭുവനേശ്വറും (2) ചെറിയ സ്കോറിന് മടങ്ങിയെങ്കിലും 20 ഓവർ പൂർത്തിയാകുമ്പോൾ ടീം പൊരുതാവുന്ന ടോട്ടൽ തൊട്ടിരുന്നു.
മൂന്നു വിക്കറ്റുമായി ഇംഗ്ലീഷ് ബൗളിങ്ങിന്റെ നട്ടെല്ലായ കന്നിക്കാരൻ റിച്ചാഡ് ഗീസൺ ശരിക്കും ഇന്ത്യൻ ക്യാമ്പിൽ അന്തകനായി. ക്രിസ് ജോർഡൻ നാലു വിക്കറ്റും വീഴ്ത്തി.മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ഒരിക്കലും ഗുണംപിടിച്ചില്ല. ജാസൺ റോയ് സംപൂജ്യനായപ്പോൾ ക്യാപ്റ്റൻ ബട്‍ലർ നാലു റൺസിൽ കളംവിട്ടു.
രണ്ടു പേരെയും പവർേപ്ല ഓവറുകളിൽ മടക്കി ഭുവിയാണ് ഇന്ത്യൻ തേരോട്ടത്തിന് തുടക്കമിട്ടത്. ഡേവിഡ് മലാൻ(19), ലിയാം ലിവിങ്സ്റ്റൺ (15), ഹാരി ബ്രൂക് (8), സാം കറൻ (2) എന്നിങ്ങനെ പിന്നീടുവന്നവരും എളുപ്പം മടങ്ങി. പിടിച്ചുനിന്ന മുഈൻ അലി 35 റൺസെടുത്ത് പാണ്ഡ്യക്ക് വിക്കറ്റ് നൽകി. പിന്നീടെല്ലാം വഴിപാടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.