42 ഫോറടക്കം 346 റൺസ് നേടി 14 കാരി! ചരിത്രമെഴുതി മുംബൈ താരം ഇറാ ജാദവ്

ചരിത്രം കുറിച്ച് 14 വയസ്സുകാരി മുംബൈ ക്രിക്കറ്റ് താരം ഇറാ ജാദവ്. അണ്ടര്‍ 19 വനിതാ ഏകദിന ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയാണ് ഇറാ ജാദവ് പുതിയ ചരിത്രമെഴുതിയത്. മേഘാലയ്ക്കെതിരെയുള്ള മത്സരത്തിൽ മുംബൈക്ക് വേണ്ടി 157 പന്തിൽ നിന്നും 346 റൺസാണ് ഇറാ അടിച്ചുക്കൂട്ടിയത്.

42 ഫോറും 16 കൂറ്റൻ സിക്സറും കുട്ടിതാരത്തിന്‍റെ ഇന്നിങ്സിലുണ്ടായിരുന്നു.

അണ്ടര്‍ 19 ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോറാണിത്. മത്സരത്തില്‍ മുംബൈ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 563 റണ്‍സ് നേടി. മറുപടി ബാറ്റിങിന് ഇറങ്ങിയ മേഘാലയ 19 റണ്‍സിന് ഓള്‍ഔട്ടായി. 544 റണ്‍സിന്റെ ജയം സ്വന്തമാക്കിയ മുംബൈ വനിതാ ലിസ്റ്റ് എ ക്രിക്കറ്റിലെ വലിയ ജയത്തന്റെ ഇന്ത്യന്‍ റെക്കോര്‍ഡും സ്വന്തമാക്കി.

മത്സരത്തില്‍ ഇറാ ജാദവിന് പുറമെ ഹര്‍ലി ഗാലയും സെഞ്ച്വറി നേടി. 79 പന്തില്‍ 116 റണ്‍സ് ആണ് ഹാര്‍ലി നേടിയത്. ഹാര്‍ലിക്കൊപ്പം രണ്ടാം വിക്കറ്റില്‍ 274 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇറാ ജാദവ് പടുത്തുയര്‍ത്തിയത്. പിന്നീട് ക്രീസില്‍ എത്തിയ ദീക്ഷ പവാറുമായി 186 റണ്‍സിന്റെ കൂട്ടുകെട്ടും ഉയര്‍ത്തി. മത്സരത്തില്‍ മേഘാലയയുടെ മൂന്ന് ബൗളര്‍മാര്‍ നൂറിലധികം റണ്‍സ് വഴങ്ങി.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിനോദ് കാംബ്ലി, അജിത് അഗാര്‍ക്കര്‍ തുടങ്ങിയവര്‍ പഠിച്ച ശാരാദശ്രമം വിദ്യാമന്ദിര്‍ സ്‌കൂളിലെ വിദ്യാര്‍ഥിയാണ് ഇറാ ജാദവ്. ഡബ്ല്യുപിഎല്‍ 2025 ലേലത്തില്‍ രജിസ്റ്റര്‍ ചെയ്ത ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു ഇറാ ജാദവെങ്കിലും വില്‍ക്കപ്പെടാതെ പോയി. ഇന്ത്യ അണ്ടര്‍ 19 ടി20 ലോകകപ്പ് ടീമിനുള്ള സ്റ്റാന്‍ഡ്ബൈ പട്ടികയില്‍ ജാദവ് ഇടം നേടിയിട്ടുണ്ട്.

Tags:    
News Summary - 14-year-old Ira Jadhav smashes 346 in women's domestic cricket for Mumbai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.