വേൾഡ് ചലഞ്ചർ കപ്പ് വോളി ചാമ്പ്യൻഷിപ് സെമിയിൽ ചിലിയെ വീഴ്ത്തി ഫൈനലിൽ കടന്ന ഖത്തർ താരങ്ങളുടെ ആഹ്ലാദം
ദോഹ: ക്ലാസിക്കൽ അങ്കത്തിൽ തെക്കനമേരിക്കൻ കരുത്തരായ ചിലിയെ തരിപ്പണമാക്കി ആതിഥേയരായ ഖത്തർ ചലഞ്ചർ കപ്പ് വോളി ഫൈനലിൽ. ഞായറാഴ്ച രാത്രി ഏഴിന് ആസ്പയർ സ്പോർട്സ് ഹാളിലെ പോരാട്ടത്തിൽ സൗഹൃദ രാഷ്ട്രമായ തുർക്കിയയെ നേരിടും. ശനിയാഴ്ച നടന്ന രണ്ടാം സെമിയിൽ ചിലിയെ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ഖത്തർ നിലംപരിശാക്കിയത്.
സ്കോർ 25-21, 25-22, 27-25. ആദ്യ രണ്ടു സെറ്റുകൾ വലിയ വെല്ലുവിളികളില്ലാതെ സ്വന്തമാക്കിയ ഖത്തറിനെതിരെ മൂന്നാം സെറ്റിൽ ഉണർന്നുകളിച്ച ചിലിയെയാണ് കണ്ടത്. ഇഞ്ചോടിഞ്ചായി മാറിയ പോരാട്ടം ഒരു ഘട്ടത്തിൽ 24-25 എന്ന നിലയിൽ ചിലിയുടെ ലീഡിലെത്തി. എന്നാൽ, അവസാനത്തിൽ തുടർച്ചയായി മൂന്നു പോയന്റുകൾ പോക്കറ്റിലാക്കിയ ഖത്തർ എതിരാളികളെ കാഴ്ചക്കാരാക്കി.
ആദ്യ സെമിയിൽ 3-2 എന്ന സ്കോറിന് തുർക്കിയ യുക്രെയ്നെ തോൽപിച്ചു. അഞ്ചു സെറ്റ് നീണ്ട വാശിയേറിയ അങ്കത്തിൽ ആദ്യ സെറ്റിൽ ദയനീയമായി കീഴടങ്ങിയ ശേഷമായിരുന്നു തുർക്കിയയുടെ തിരിച്ചുവരവ്. സ്കോർ: 18-25, 25-23, 25-17 19-25, 15-13. മൂന്നാം സ്ഥാനക്കാർക്കുള്ള മത്സരത്തിൽ ഞായറാഴ്ച വൈകീട്ട് നാലിന് ചിലിയും യുക്രെയ്നും ഏറ്റുമുട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.