ന്യൂഡൽഹി: ആഗസ്റ്റ് 21ന് നിശ്ചയിച്ച ബോക്സിങ് ഫെഡറേഷൻ തെരഞ്ഞെടുപ്പിന് മുന്നോടിയായി നിലവിലെ ഇടക്കാല പ്രസിഡന്റ് അജയ് സിങ് രാജിവെച്ചു. ഇതേ പദവിയിൽ പുതിയ ഊഴം തേടിയാണ് രാജി. വെള്ളിയാഴ്ചയാണ് ഇടക്കാല സമിതി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പിൽ നിരീക്ഷകന്മാരായി ലോക ബോക്സിങ് ഫെഡറേഷൻ പ്രസിഡന്റ് ബോറിസ് വാൻ ഡർ വോഴ്സ്റ്റും ഇടക്കാല സെക്രട്ടറി ജനറൽ മൈക്ക് മക്ആറ്റിയും എത്തും.
മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ലോക ഫെഡറേഷൻ കഴിഞ്ഞ ഏപ്രിലിലാണ് ഇടക്കാല സമിതിയെ വെച്ചത്. അജയ് സിങ് രാജിവെച്ചതോടെ സിംഗപൂർ ഫെഡറേഷൻ പ്രസിഡന്റ് ഫൈറൂസ് മുഹമ്മദിന് ഇന്ത്യയിൽ താത്കാലിക ചുമതല നൽകിയിട്ടുണ്ട്.
സ്പൈസ് ജെറ്റ് എയർലൈൻസ് ചെയർമാൻ കൂടിയായ അജയ് സിങ് ബോക്സിങ് ഫെഡറേഷൻ അധ്യക്ഷ പദവിയിൽ രണ്ട് ഊഴങ്ങളിലായി എട്ടു വർഷം പൂർത്തിയാക്കിയാണ് മൂന്നാം തവണയും അവസരം തേടുന്നത്. എതിരാളിയായി മുൻ കായിക മന്ത്രി അനുരാഗ് താക്കൂർ രംഗത്തുണ്ട്. മാർച്ച് 28ന് നിശ്ചയിച്ച തെരഞ്ഞെടുപ്പിലും താക്കൂർ രംഗത്തുണ്ടായിരുന്നുവെങ്കിലും അജയ് സിങ് തയാറാക്കി റിട്ടേണിങ് ഓഫീസർ അംഗീകരിച്ച ഇലക്ടറൽ കോളജിൽ പേരുണ്ടായിരുന്നില്ല.
ഹിമാചൽ പ്രദേശ് ബോക്സിങ് ഫെഡറേഷന്റെ പ്രതിനിധിയാകാൻ അർഹതയില്ലെന്നായിരുന്നു അജയ് സിങ്ങിന്റെ വാദം. ഇതാണ് കോടതിയുദ്ധത്തിലെത്തിയത്. ആഗസ്റ്റ് 31നകം പുതിയ സമിതി ചുമതലയേൽക്കണമെന്നാണ് ലോക ബോക്സിങ് ഫെഡറേഷൻ നൽകിയ അന്ത്യശാസനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.