തിരുവനന്തപുരം: ‘റൊമ്പ ടഫ്’ സ്വർണം ചവിട്ടി പിടിച്ചെടുത്തതിന്റെ വിയർപ്പാറും മുമ്പെ കിതപ്പോടെ ബാലമുരളീകൃഷ്ണ പറഞ്ഞു. കോർട്ടിനരികിൽ മത്സരം കണ്ടിരുന്നവരും അതേ സ്വരത്തിൽ തന്നെ അക്കാര്യം ശരിവച്ചു. കേരളത്തിന്റെ കായികമേളയിൽ വന്ന് സ്വർണം തമിഴ്നാട്ടിലേക്ക് റാഞ്ചിയതിന്റെ സീരിയസ്നെസ് ഒന്നും ബാലമുരളീകൃഷ്ണയുടെ മുഖത്തില്ല. എതിരാളിയെ കിക്ക് ചെയ്ത് വീഴ്ത്തുന്നതിനിടയിൽ കിട്ടിയ കിക്കുകളുടെ വേദന അത്രത്തോളമുണ്ട്. പിന്നോട്ടു പോയിടത്ത് നിന്ന് പൊരുതിക്കയറിയാണ് ജൂനിയർ ആൺകുട്ടികളുടെ 41 കി. തയ്ക്വോണ്ടോയിൽ തിരുവനന്തപുരം തുണ്ടത്തിൽ എം.വി.എച്ച്.എസ്.എസിലെ തമിഴ്നാട്ടുകാരൻ സ്വർണം അടിച്ചെടുത്തത്.
തമിഴ്നാട്ടിൽ നിന്ന് തയ്ക്വോണ്ടോയോടുള്ള ഇഷ്ടം കൊണ്ടുമാത്രം കേരളത്തിലേക്ക് വണ്ടികയറിയതാണ് സേലംകാരൻ എസ്. ബാലമുരളികൃഷ്ണ. ഹാൻഡ്ബാൾ താരമായ പിതാവ് സുരേഷ് കുമാറിന്റെ പാത പിന്തുടർന്ന് സ്പോർട്സ് തെരഞ്ഞെടുത്തപ്പോൾ കിക്കുകളും പഞ്ചുകളും നിറഞ്ഞ തയ്ക്വോണ്ടോ ആയിരുന്നു ഹരം പിടിപ്പിച്ചത്. ആറാം ക്ലാസിൽ ആരംഭിച്ച തയ്ക്വോണ്ടോ പഠനം അടുത്ത ലെവലിൽ എത്തിക്കാനായാണ് ഈ വർഷം തിരുവനന്തപുരം സായ് തെരഞ്ഞെടുത്ത് എത്തിയത്. സായ് കോച്ച് കനോൺബാല ദേവിയുടെ ശിക്ഷണത്തിൽ, തുണ്ടത്തിൽ എം.വി എച്ച്.എസ്.എസിലെ ഒമ്പതാം ക്ലാസ് പഠനവും തുടരുന്നതിനിടയിൽ സംസ്ഥാന മീറ്റിലേക്ക് വഴി തെളിഞ്ഞു.
ആദ്യ ഗെയിം മുതൽ പൊരുതി എത്തിയ ബാലമുരളീകൃഷ്ണ ഫൈനലിൽ ആലപ്പുഴയുടെ കെ.എ. ആഷിഖുമായി കൊമ്പുകോർത്തപ്പോൾ പോരാട്ടം അക്ഷരാർഥത്തിൽ ‘റൊമ്പ ടഫ്’ തന്നെയായി. ആദ്യ സെറ്റ് ആഷിഖ് സ്വന്തമാക്കിയിടത്ത് നിന്ന് പഞ്ചുകളും കിക്കുകളും പറത്തിവിട്ട് അറ്റാക്കിങ് പവറിൽ അടുത്ത രണ്ട് സെറ്റുകളും പിടിച്ചാണ് തമിഴ് പയ്യൻ സ്വർണം പിടിച്ചത്. തമിഴ്നാട്ടിൽ ജില്ല സ്പോർട്സ് ഓഫിസറാണ് പിതാവ് സുരേഷ് കുമാർ. ഉമാറാണിയാണ് മാതാവ്. തയ്ക്വോണ്ടോയിൽ ഇനിയും സ്വർണങ്ങൾ വാരിക്കൂട്ടി മുന്നോട്ടുപോകാൻ ഈ കേരള സ്വർണം ‘റൊമ്പ സ്പെഷൽ’ എന്ന് പറഞ്ഞാണ് ബാല മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.