ബാഡ്മിന്റൺ ടീം ഇനത്തിൽ ഇന്ത്യക്ക് വെള്ളി

ഹാങ്ചോ: ഏഷ്യൻ ഗെയിംസ് പുരുഷ വിഭാഗം ബാഡ്മിന്റണിൽ ടീം ഇനത്തിൽ ഇന്ത്യക്ക് വെള്ളി. ചൈനയുമായുള്ള ഫൈനലിൽ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ചെങ്കിലും തുടർന്നുള്ള മൂന്നു മത്സരങ്ങളും തോറ്റതോടെയാണ് സ്വർണം നഷ്ടമായത്. സിംഗിൾസിൽ ഉയർന്ന റാങ്കുള്ള ഇന്ത്യൻ താരമായ എച്ച്.എസ് പ്രണോയിക്ക് പരിക്ക് കാരണം കളിക്കാനാവാത്തത് ഇന്ത്യക്ക് തിരിച്ചടിയായി. ആദ്യ സിംഗിൾസിൽ ലക്ഷ്യ സെന്നും ഡബിൾസിൽ ചിരാഗ് ഷെട്ടി-സാത്വിക് സായ് രാജ് സഖ്യവും വിജയിച്ചതോടെ ഇന്ത്യ സ്വർണപ്രതീക്ഷയിലായിരുന്നു. എന്നാൽ, തുടർന്നുള്ള മത്സരങ്ങളിൽ കെ. ശ്രീകാന്തും മിഥുൻ മഞ്ജുനാഥും ധ്രുവ് കപില-കെ. സായ് പ്രതീക് സഖ്യവും പരാജയപ്പെടുകയായിരുന്നു. 

ഞായറാഴ്ച 3000 മീറ്റർ സ്റ്റീപ്ൾ ചേസിൽ അവിനാശ് സാബ് ലെയിലൂടെ അത്‍ലറ്റിക്സിൽ ഇന്ത്യക്ക് ആദ്യ സ്വർണം ലഭിച്ചതിന് പിന്നാലെ ഷോട്ട്പുട്ടിൽ തജീന്ദർപാൽ സിങ് ടൂറും സ്വർണനേട്ടത്തിലെത്തിയിരുന്നു. ലോങ്ജമ്പിൽ മലയാളി താരം എം. ശ്രീശങ്കർ വെള്ളി നേടിയപ്പോൾ 1500 മീറ്ററിൽ മറ്റൊരു മലയാളി ജിൻസൻ ജോൺസന് വെങ്കലം ലഭിച്ചു. അവസാന അവസരത്തിൽ 8.19 മീറ്റർ ചാടിയാണ് ശ്രീശങ്കർ വെള്ളിയിലേക്ക് കുതിച്ചത്. പുരുഷന്മാരുടെ 1500 മീറ്റർ ഓട്ടത്തിൽ അജയ്കുമാർ വെള്ളി നേടിയപ്പോൾ തൊട്ടുപിന്നിലാണ് ജിൻസൻ ജോൺസൻ ഫിനിഷ് ചെയ്തത്. വനിതകളുടെ 1500 മീറ്ററിൽ ഹർമിലൻ ബെയ്ൻസ് വെള്ളി നേടി. വനിതകളുടെ ഹെപ്റ്റാത്തലോണിൽ നന്ദിനി അഗസാരയും ഡിസ്കസ് ത്രോയിൽ സീമ പുനിയയും വെങ്കലം നേടി.

നിലവിൽ 13 സ്വർണവും 20 ​വെള്ളിയും 20 വെങ്കലവും സഹിതം ഇന്ത്യൻ മെഡൽ നേട്ടം 53 ആയി. 

Tags:    
News Summary - Silver for India in badminton team event

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.