സോൾ: ഇന്തോനേഷ്യ ഓപണിലും അതിനുമുമ്പ് സ്വിസ് ഓപണിലും കൈവെച്ച കിരീട നേട്ടങ്ങളുടെ പട്ടികയിൽ ഒന്നുകൂടി ചേർക്കാൻ ഒരു ചുവട് അകലെ സാത്വിക്- ചിരാഗ് സഖ്യം. കൊറിയ ഓപൺ സൂപ്പർ-500 ടൂർണമെന്റ് സെമിയിൽ ലോക രണ്ടാം നമ്പറായ ലിയാങ് വെയ് കെങ്- വാങ് ചാങ് കൂട്ടുകെട്ടിനെയാണ് ഇന്ത്യൻ ജോഡികൾ നേരിട്ടുള്ള സെറ്റുകളിൽ മറികടന്നത്.
സ്കോർ 21-15, 24-22. ഈ വർഷം ആദ്യം സ്വിസ് ഓപൺ സൂപ്പർ-300ലും കഴിഞ്ഞ മാസം ഇന്തോനേഷ്യ ഓപൺ സൂപ്പർ-1000ലും കിരീടമുയർത്തിയ സാത്വിക്-ചിരാഗ് സഖ്യത്തിന് നിലവിലെ ഫോം തുടരാനായാൽ ഫൈനലും ജയിക്കാനാകുമെന്നാണ് പ്രതീക്ഷ. മുമ്പ് രണ്ടുതവണയും മുഖാമുഖം നിന്നപ്പോൾ ചൈനക്കാർ ജയിച്ചതിനാൽ കരുതലോടെയാണ് സാത്വികും ചിരാഗും കളി നയിച്ചത്. ഒപ്പത്തിനൊപ്പം നീങ്ങിയ കടുത്ത പോര് ഒരുഘട്ടത്തിൽ 7-7ൽ നിന്നതിനൊടുവിൽ അതിവേഗ കുതിപ്പുമായി ഇന്ത്യക്കാർ 14-8നും അവസാനം 21-15നും സ്വന്തമാക്കുകയായിരുന്നു.
ആദ്യ സെറ്റ് കൈവിട്ട ക്ഷീണം തീർക്കാൻ അങ്കം കൊഴുപ്പിച്ച ചൈനീസ് ജോഡി കടുത്ത പോരാട്ടം കാഴ്ചവെച്ചതോടെ എന്തും സംഭവിക്കാമെന്നായി. എന്നാൽ, ആദ്യ സെറ്റിലെ ലീഡ് തിരിച്ചുപിടിച്ച ഇന്ത്യൻ സഖ്യം 12-8ന് കളിയിൽ ആധിപത്യം കാട്ടി. അവസാനത്തോടടുത്തപ്പോൾ കൊണ്ടും കൊടുത്തും കളി 18-18ലെത്തി. സെർവ് പിഴച്ചും അശ്രദ്ധ ഷോട്ടുകൾ പായിച്ചും സമ്മർദത്തിനടിപ്പെട്ട് ഇരു ടീമുകളും നീങ്ങിയതിനൊടുവിൽ കളി സാത്വികിനും ചിരാഗിനുമൊപ്പം.
ഫൈനലിൽ പക്ഷേ, ഇതിലേറെ കടുത്ത എതിരാളികളായ ഇന്തോനേഷ്യയുടെ ലോക ഒന്നാം നമ്പർ ജോഡി ഫജർ അൽഫിയൻ-മുഹമ്മദ് റിയാൻ അർഡിയാന്റോ ടീമാണ് എതിരാളികൾ. ഒന്നേകാൽ മണിക്കൂർ നീണ്ട പോരാട്ടത്തിലായിരുന്നു ഇന്തോനേഷ്യൻ സഖ്യം സെമി കടന്നത്. ഫൈനലിലെ എതിരാളികളുമായി മുമ്പ് നാലുതവണ മാറ്റുരച്ചതിൽ രണ്ടുതവണ ഇന്ത്യക്കാർക്കായിരുന്നു ജയം. ഇവരെ തകർത്തുവിട്ടാണ് ഇന്തോനേഷ്യൻ ഓപണിൽ കിരീടം ചൂടിയതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.