മലേഷ്യ മാസ്റ്റേഴ്‌സ് കിരീടം പ്രണോയിക്ക്; ചരിത്രം കുറിച്ച് മലയാളി താരം

ക്വാലാലംപൂർ: മലേഷ്യ മാസ്റ്റേഴ്‌സ് ബാഡ്‌മിന്‍റണിൽ ജേതാവായി ചരിത്രം കുറിച്ച് മലയാളി താരം എച്ച്.എസ് പ്രണോയ്. ഫൈനലില്‍ ചൈനയുടെ വെങ് ഹോങ് യാങ്ങിനെ 21-19, 13- 21, 21-18 സ്കോറിന് പരാജയപ്പെടുത്തിയായിരുന്നു കന്നി കിരീടം. ഇതോടെ മലേഷ്യ മാസ്റ്റേഴ്‌സ് നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമായി പ്രണോയി. താരത്തിന്റെ ആദ്യ സൂപ്പര്‍ സീരീസ് കിരീടം കൂടിയാണിത്. 2022ലെ സ്വിസ് ഓപണില്‍ ജൊനാഥൻ ക്രിസ്റ്റിയോട് തോറ്റ ശേഷം 30കാരന്റെ ആദ്യ ഫൈനലായിരുന്നു മലേഷ്യയിലേത്. ഇന്തോനേഷ്യയുടെ ക്രിസ്റ്റ്യൻ അദിനാത പരിക്കേറ്റ് പിന്മാറിയതോടെയാണ് പ്രണോയ് ഫൈനലിലേക്ക് മുന്നേറിയത്.

ടൂര്‍ണമെന്റിലുടനീളം തകര്‍പ്പന്‍ ഫോമിലായിരുന്നു ലോക റാങ്കിങ്ങില്‍ ഒമ്പതാം സ്ഥാനത്തുള്ള പ്രണോയ്. ലോക ആറാം നമ്പർ താരം ചൗ ടിയെൻ ചെൻ, നിലവിലെ ഓൾ-ഇംഗ്ലണ്ട് ചാമ്പ്യൻ ലി ഷി ഫെങ്, മാഡ്രിഡ് മാസ്റ്റേഴ്സ് 2023 ജേതാവ് കെന്റ നിഷിമോട്ടോ എന്നിവരെല്ലാം പ്രണോയിക്ക് മുമ്പിൽ വീണിരുന്നു.

അതേസമയം, വനിതകളില്‍ രണ്ടുതവണ ഒളിമ്പിക്സ് മെഡൽ ജേതാവായ പി.വി സിന്ധു സെമിയിൽ തോറ്റ് പുറത്തായിരുന്നു. ഇന്തോനേഷ്യയുടെ ജോർജിയ മരിസ്‌കയോട് 14-21, 17-21 എന്ന സ്കോറിനായിരുന്നു പരാജയം.

Tags:    
News Summary - Malaysia Masters title for Prannoy; Malayali star makes history

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.