ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്: അട്ടിമറി വിജയവുമായി പ്രണോയ് പ്രീക്വാർട്ടറിൽ

ടോക്യോ: മലയാളിതാരം എച്ച്.എസ്. പ്രണോയ് വമ്പൻ അട്ടിമറിയുമായി ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ പ്രീക്വാർട്ടർ ഫൈനലിൽ. പുരുഷ വിഭാഗത്തിൽ ലോക രണ്ടാം നമ്പർ താരമായ ജപ്പാന്റെ കെന്റോ മൊമോട്ടയെയാണ് പ്രണോയ് രണ്ടാം റൗണ്ടിൽ തോൽപിച്ചത്. സ്കോർ: 21-17, 21-16.

എട്ടു തവണ പരസ്പരം ഏറ്റുമുട്ടിയതിൽ ആദ്യമായാണ് പ്രണോയ്, മൊമോട്ടയെ കീഴടക്കുന്നത്. എട്ടു മത്സരങ്ങളിൽ ഒരു ഗെയിം മാത്രമാണ് ഇതുവരെ തിരുവനന്തപുരത്തുകാരന് നേടാനായിരുന്നത്. രണ്ടു വട്ടം ലോകജേതാവായിരുന്ന ജപ്പാൻ താരത്തിനെതിരായ പ്രണോയിയുടെ ജയം ഈ ലോക ചാമ്പ്യൻഷിപ്പിലെ ശ്രദ്ധേയമായ പോരാട്ടമായിരുന്നു. ചാമ്പ്യൻഷിപ്പിലെ രണ്ടാം സീഡാണ് മൊമോട്ടോ. പ്രണോയ് 18ാം സീഡും. ലിൻ ഡാൻ, തൗഫീക് ഹിദായത്ത്, ചെൻ ലോങ്, ലീചോങ് വീ തുടങ്ങിയ സൂപ്പർതാരങ്ങളെ പ്രണോയ് തന്റെ കരിയറിൽ തോൽപിച്ചിട്ടുണ്ട്. ഇന്ത്യയുടെ യുവതാരം ലക്ഷ്യ സെന്നാണ് വ്യാഴാഴ്ച പ്രീക്വാർട്ടറിൽ പ്രണോയിയുടെ എതിരാളി.

കോമൺവെൽത്ത് ഗെയിംസ് ജേതാവും യുവതാരവുമായ ലക്ഷ്യ സെൻ സ്പെയിനിന്റെ ലൂയിസ് പെനാൽവറിനെ 21-17, 21-10 എന്ന സ്കോറിന് രണ്ടാം റൗണ്ട് പോരാട്ടത്തിൽ തോൽപിച്ചാണ് പ്രീ ക്വാർട്ടറിലെത്തിയത്. ആദ്യ ഗെയിമിൽ 3-4ന് പിന്നിലായിരുന്നെങ്കിലും പിന്നീട് 13-7ലേക്ക് ലക്ഷ്യ മുന്നേറി. ഒടുവിൽ 21-17ന് ഗെയിം സ്വന്തമാക്കി. ഒമ്പതാം സീഡായ ലക്ഷ്യ രണ്ടാം ഗെയിമിൽ 6-6ന് ഒപ്പമായശേഷം എളുപ്പം വിജയത്തിലേക്ക് ഷട്ടിൽ പായിച്ചു. അതേസമയം, നിലവിലെ റണ്ണറപ്പായ ഇന്ത്യയുടെ കെ. ശ്രീകാന്ത് ചാമ്പ്യൻഷിപ്പിൽനിന്ന് പുറത്തായി.

ചൈനയുടെ ഷാവോ ജുൻ പെങ്ങാണ് രണ്ടാം റൗണ്ടിൽ നേരിട്ടുള്ള സെറ്റിൽ ശ്രീകാന്തിനെ കീഴടക്കിയത്. സ്കോർ: 21-18, 21-17. ലോക 13ാം നമ്പർ താരമായ ശ്രീകാന്തിനെ 32ാം നമ്പറുകാരനായ ഷാവോ 34 മിനിറ്റിനകം തറപറ്റിച്ചു. ആദ്യ ഗെയിമിൽ 12 മിനിറ്റിനകം ശ്രീകാന്ത് തോറ്റു. രണ്ടാം ഗെയിമിൽ ഇന്ത്യൻ താരം തിരിച്ചുവരവിന് ശ്രമിച്ചു. ഒരു ഘട്ടത്തിൽ 16-14നു മുന്നിലായിരുന്നെങ്കിലും ശ്രീകാന്തിന്റെ പിഴവുകൾ എതിരാളിക്ക് പോയന്റുകൾ നേടിക്കൊടുത്തു.

പുരുഷ ഡബ്ൾസിൽ ചിരാഗ് ഷെട്ടി-സാത്വിക്സായ് രാജ് രാൻകി റെഡ്ഡി, എം.ആർ അർജുൻ-ധ്രുവ് കപാലിയ സഖ്യങ്ങളും പ്രീക്വാർട്ടറിലെത്തി. ഗ്വാട്ടമാലയുടെ സോലിസ് ജോനാഥൻ-അനിബൽ മറോക്വിൻ സഖ്യത്തെയാണ് (21-8, 21-10) ചിരാഗും സാത്വികും വീഴ്ത്തിയത്. ഡെന്മാർക്കിന്റെ കിം അസ്ത്രൂപ്പ്-ആൻഡേഴ്സ് റാസ്മുസൻ ജോടിയെ അർജുനും ധ്രുവും ചേർന്ന് തോൽപിച്ചു (21-17, 21-16). വനിത ഡബ്ൾസിൽ ഇന്ത്യയുടെ അശ്വനി പൊന്നപ്പ-സിക്കി റെഡി, ട്രീസ ജോളി-ഗായത്രി ഗോപീചന്ദ്, പൂജ ദണ്ഡ്- സഞ്ജന സന്തോഷ് സഖ്യങ്ങൾ പുറത്തായി.

Tags:    
News Summary - BWF World Championships: HS Prannoy beats World No. 2 Kento Momota

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.