എ​ച്ച്.​എ​സ്. പ്ര​​ണോയ്

ചരിത്രപ്പിറവിയുടെ സുവർണ പീഠമേറി ബാഡ്മിന്റൺ ഇന്ത്യ; വിജയഭേരിയിൽ മലയാളം

ബാങ്കോക് (തായ് ലൻഡ്): കളംവാണ് അതിമിടുക്കർ പലരും റാക്കറ്റേന്തിയിട്ടും ഏഴര പതിറ്റാണ്ടായി അകന്നുനിന്ന തോമസ് കപ്പ് ചാമ്പ്യൻഷിപ് എന്ന സ്വപ്നനേട്ടത്തിലേക്കാണ് ഇംപാക്റ്റ് അറീനയിൽ ഞായറാഴ്ച ലക്ഷ്യ സെന്നും കിഡംബി ശ്രീകാന്തും പിന്നെ സാത്വിക്-ചിരാഗ് സഖ്യവും ചേർന്ന് ഇന്ത്യയെ നയിച്ചത്. 15-ാം കിരീടം തേടിയിറങ്ങിയ നിലവിലെ ചാമ്പ്യന്മാരായ ഇന്തോനേഷ്യ വാഴാൻ വിടാതെ സംപൂജ്യരാക്കിയായിരുന്നു ഇന്ത്യൻ കുതിപ്പ്.

ക്വാർട്ടറിലും അതുകഴിഞ്ഞ് സെമിയിലും നിറംമങ്ങി ദുരന്തനായകന്റെ റോളിലേക്ക് വീഴുമെന്ന് തോന്നിച്ച ലക്ഷ്യയെ തന്നെയായിരുന്നു ഇന്തോനേഷ്യൻ നിരയിൽ ഏറ്റവും കരുത്തനായ ആന്റണി ജിന്റിങ്ങിനെതിരെ ആദ്യ അങ്കം കുറിക്കാൻ ഇന്ത്യ തിരഞ്ഞെടുത്തത്. കരുത്തും മിടുക്കും ഒരേ താളത്തിൽ റാക്കറ്റിലാവാഹിച്ച് ജിന്റിങ് കളി നയിച്ച ആദ്യ സെറ്റിൽ ലക്ഷ്യ ദയനീയമായി വീണതോടെ അപകടം മണത്തു. 8-21നായിരുന്നു തോൽവി.

അതോടെ, ശൈലി മാറ്റിയ ലക്ഷ്യ അടുത്ത സെറ്റ് മുതൽ പഴയ വീര്യത്തിന്റെ പുതിയ പുരുഷനായി കളം നിറഞ്ഞു. കോർട്ടിന്റെ ഇരുവശങ്ങളിലേക്കും എതിരാളിയെ നിരന്തരം ഓടിച്ചും റാലികളിൽ തളരാതെയും മുന്നിൽനിന്ന ലക്ഷ്യ 17 പോയന്റ് വിട്ടുനൽകി രണ്ടാം സെറ്റ് സ്വന്തമാക്കി.

സാ​ത്വി​ക് -ചി​രാ​ഗ് ഷെ​ട്ടി

അതോടെ, നിർണായകമായി മാറിയ അവസാന സെറ്റിൽ ഇരു താരങ്ങളും പുറത്തെടുത്തത് അസാമാന്യ പ്രകടനം. കൊണ്ടും കൊടുത്തും എതിരാളിയുടെ നീക്കങ്ങൾ കണക്കുകൂട്ടിയും ഇരുവരും കോർട്ട് നിറഞ്ഞ കളിയിൽ ഒരു പണത്തൂക്കം മുന്നിൽനിന്നത് ലക്ഷ്യ. ഓടിത്തളർന്ന ടോക്യോ ഒളിമ്പിക്സ് വെങ്കല മെഡൽ ജേതാവിനെ 16 പോയന്റിൽ പിടിച്ച് സെറ്റ് കൈപ്പിടിയിലൊതുക്കിയ താരം ഇന്ത്യക്ക് വിലപ്പെട്ട ലീഡ് നൽകി- 1-0.

തൊട്ടുപിറകെ ഡബ്ൾസിൽ ലോക ഡബ്ൾസ് റാങ്കിങ്ങിൽ ഒന്നാമതുള്ള കെവിൻ സഞ്ജയ സുകമൾജോയും മുഹമ്മദ് അഹ്സനും ചേർന്ന സഖ്യമായിരുന്നു ഇന്ത്യൻ ജോടികളായ സാത്വിക് സായ് രാജ്-ചിരാഗ് ജോടിയുമായി മുഖാമുഖം വന്നത്. സിംഗിൾസിനു സമാനമായി ആദ്യ സെറ്റ് കൈവിട്ട ഇന്ത്യൻ ജോടികൾ അടുത്ത സെറ്റും കളിയും നഷ്ടപ്പെടുത്തിയെന്ന് തോന്നിച്ചിടത്തായിരുന്നു ട്വിസ്റ്റ്. 17-20ന് പിറകിൽ നിന്നശേഷം സ്വപ്നസമാനമായ തിരിച്ചുവരവ് കണ്ട നിമിഷങ്ങളിൽ തുടർച്ചയായ നാലു പോയന്റ് പിടിച്ച് സെറ്റ് സ്വന്തമാക്കിയ ടീം പണിപ്പെട്ടാണെങ്കിലും അവസാന സെറ്റുകൂടി സ്വന്തമാക്കി ടീം ഇന്ത്യയുടെ ലീഡ് 2-0 ആക്കി. സ്കോർ- 18-21, 23-21, 21-19.

നിർണായകമായ അടുത്ത കളിയിൽ കിഡംബി ശ്രീകാന്തിന് എതിരാളിയായി കിട്ടിയത് ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ ജേതാവ് ജൊനാഥൻ ക്രിസ്റ്റിയെ. ക്ലാസ് പ്രകടനവുമായി എതിരാളിയെ നിഷ്പ്രഭമാക്കിയ ശ്രീകാന്ത് ഇന്ത്യ കാത്തിരുന്ന വിജയത്തിലേക്ക് അനായാസം നടന്നുകയറി.

കി​ഡം​ബി ശ്രീ​കാ​ന്ത്, ല​ക്ഷ്യ സെ​ൻ

സ്കോർ 21-15, 23-21. ക്വാർട്ടറിൽ കരുത്തരായ ചൈനയെയും സെമിയിൽ ജപ്പാനെയും വീഴ്ത്തി എത്തിയ ഇന്തോനേഷ്യയെ കലാശപ്പോരിൽ മൂന്നു കളികളിൽ തീർത്ത ഇന്ത്യക്കിത് പുതിയ ചരിത്രപ്പിറവിയുടെ മഹാമുഹൂർത്തമാണ്. 43 വർഷം മുമ്പ് പ്രകാശ് പദുകോൺ, സയ്ദ് മോദി തുടങ്ങിയവർ അണിനിരന്ന ടീം സെമിയിൽ എത്തിയതാണ് ഇന്ത്യ എത്തിപ്പിടിച്ച വലിയ നേട്ടം.

ല​ക്ഷ്യ സെ​ൻ X ആ​ന്റ​ണി സി​നി​സു​ക ജി​ന്റി​ങ് (8-21, 21-17, 21-16)
സാ​ത്വി​ക് -ചി​രാ​ഗ് ഷെ​ട്ടി X സ​ഞ്ജ​യ - അ​ഹ്സ​ൻ (18-21, 23-21, 21-19)
കി​ഡം​ബി ശ്രീ​കാ​ന്ത് X ജൊ​നാ​ഥ​ൻ ക്രി​സ്റ്റി (21-15, 23-21)

മലയാളിമയം

ടൂർണമെന്റിലുടനീളം തകർപ്പൻ ഫോം തുടർന്ന എച്ച്.എസ് പ്രണോയ്, ഡബ്ൾസിൽ എം.ആർ. അർജുൻ, പരിശീലകനായി യു. വിമൽ കുമാർ എന്നിങ്ങനെ മലയാളിമയമാണ് നിലവിലെ ഇന്ത്യൻ ടീം. ക്വാർട്ടറിലും സെമിയിലും ഇന്ത്യൻ പ്രതീക്ഷകൾ കാത്ത പ്രണോയ് ഫൈനലിൽ അവസാന സിംഗിൾസിൽ ഷെസാർ റുസ്‍തവിറ്റോക്കെതിരെ ഇറങ്ങേണ്ടതായിരുന്നു. അർജുൻ- കപില സഖ്യമാകട്ടെ ഫജർ അൽഫിയൻ- റിയാൻ അർഡിയന്റോ കൂട്ടുകെട്ടിനെതിരെയും. ആദ്യ മൂന്നുകളികളിൽ എല്ലാം തീരുമാനമായതോടെ അതുവേണ്ടിവന്നില്ല. തോമസ് കപ്പ് ചാമ്പ്യന്മാരെന്ന ചരിത്ര നേട്ടം ടീം ഇന്ത്യയെ അനുഗ്രഹിക്കുമ്പോൾ അതിൽ മാറ്റിനിർത്താനാവാത്ത പങ്കുനൽകിയ ആഘോഷത്തിലാണ് മലയാള മണ്ണും.

''ഇന്ത്യയിലെ മുഴുവൻ ബാഡ്മിന്റൺ പ്രേമികൾക്കും അഭിമാനിക്കാവുന്ന നേട്ടം. ആരും പ്രതീക്ഷിക്കാത്ത ചരിത്ര വിജയം. ലോകകപ്പ് ഫുട്ബാൾ നേടുന്ന അതേ പ്രാധാന്യമാണ് തോമസ് കപ്പിനുള്ളത്. ഡബ്ൾസ് ടീമായ സാത്വിക്, ചിരാഗ് സഖ്യമായിരുന്നു ഇന്ത്യൻ ടീമിന്റെ കരുത്ത് എന്നതിൽ സംശയമില്ല. അവർ ഇല്ലായിരുന്നുവെങ്കിൽ ഒരു പക്ഷേ, ഇന്ത്യക്ക് വിജയം കൈപ്പിടിയിലൊതുക്കാനാവുമായിരുന്നില്ല. കളിച്ച മത്സരങ്ങളെല്ലാം വിജയിച്ചാണ് അവർ ടീമിനെ നയിച്ചത്. അവസാനം പരിചയ സമ്പന്നനായ ശ്രീകാന്ത് ഇന്തോനേഷ്യയെ പരാജയപ്പെടുത്തി വെന്നിക്കൊടി പാറിച്ചു. മറ്റൊരു സന്തോഷം എച്ച്. പ്രണോയ് ഉൾപ്പെടെ രണ്ട് മലയാളികൾ ടീമിലുണ്ടെന്നതും കേരളത്തിന് അഭിമാനിക്കാം.''

-ഒളിമ്പ്യൻ വി. ദിജു

''ഇന്ത്യൻ ബാഡ്മിൻറൺ ചരിത്രത്തിലെ ഏറ്റവും മികച്ച വിജയമാണ് തോമസ് കപ്പിലേത്. നമ്മുടെ ടീമംഗങ്ങളെല്ലാം മികച്ച ഫോമിലായിരുന്നു. പ്രത്യേകിച്ച് ലക്ഷ്യ സെൻ. ഒപ്പം ശ്രീകാന്തും എച്ച്.എസ്. പ്രണോയിയും. തോമസ് കപ്പ് ഒരു ടീം ഇവന്റാണ്. സിംഗിൾസ് ആയാലും ഡബ്ൾസ് ആയാലും തുല്യ പ്രാധാന്യമുണ്ട്. ഡബ്ൾസ് ടീമിലുണ്ടായ വളർച്ച വളരെ വലുതാണ്. സാത്വിക്/ചിരാഗ് ആയാലും എം.ആർ. അർജുൻ/ ധ്രുവ് കപില ആയാലും അടുത്തിടെയായി മികച്ച സ്ഥിരതയാർന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. സിംഗിൾ, ഡബ്ൾ ടീമുകളിൽ ഉണ്ടായിട്ടുള്ള വളർച്ചയുടെ റിസൽറ്റാണ് ഈ തോമസ് കപ്പ് വിജയം. എച്ച്.എസ്. പ്രണോയിക്കും അർജുൻ എം.ആറിനും ടീമിലെ മുഴുവൻ അംഗങ്ങൾക്കും അഭിനന്ദനങ്ങൾ.''

-അപർണ ബാലൻ (ഇന്ത്യൻ താരം)

സ്വർണം വന്ന വഴി

ജർമനിക്കെതിരെ 5-0
കാനഡക്കെതിരെ 5-0
ചെനീസ് തായ് പേയോട് 2-3

ക്വാർട്ടർ ഫൈനൽ
മലേഷ്യക്കെതിരെ 3-2

സെമി ഫൈനൽ
ഡെന്മാർക്കിനെതിരെ 3-2

ഫൈനൽ
ഇന്തോനേഷ്യക്കെതിരെ 3-0

അഭിമാനമെന്ന് പ്രണോയ്

തിരുവനന്തപുരം: ചരിത്രനേട്ടത്തിൽ പങ്കാളിയാകാനായതിൽ അഭിമാനമെന്ന് തോമസ് കപ്പ് നേടിയ ഇന്ത്യൻ ടീമംഗവും മലയാളിയുമായ എച്ച്.എസ്. പ്രണോയ്. അഞ്ചാം മത്സരം കളിക്കാൻ താൻ തയാറായിരുന്നു. എന്നാൽ അതിന് മുമ്പ് ഇന്ത്യ ജയിക്കണമെന്ന് ആഗ്രഹിച്ചു. ഇന്തോനേഷ്യയെ പോലെ മികച്ച ടീമിനെ 3-0 ന് പരാജയപ്പെടുത്താനാകുമെന്ന് കരുതിയില്ല. പക്ഷെ മികച്ച കളി പുറത്തെടുക്കുക എന്നത് തന്നെയായിരുന്നു തീരുമാനം. ചില ദിനങ്ങൾ ജീവിതത്തിൽ അപ്രതീക്ഷിതവും മറക്കാനാകാത്തതുമാണ് അത്തരത്തിലൊരു ദിനമാണ് ഇതെന്നും അദ്ദേഹം പ്രതികരിച്ചു.

Tags:    
News Summary - Badminton India, the Golden Plateau of History

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.