ആസ്ട്രേലിയ പിന്മാറി; കോമൺവെൽത്ത് ഗെയിംസിന് മരണമണി?

സിഡ്നി: സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഓർമകൾ നിലനിർത്തിയ കോമൺവെൽത്ത് ഗെയിംസിന് മരണമണിയാകുന്നോ? 2026ലെ ഗെയിംസ് നടത്തിപ്പിൽനിന്ന് പിൻവാങ്ങുന്നതായി ആസ്ട്രേലിയ പ്രഖ്യാപിച്ചതോടെയാണ് സംഘാടകസമിതിക്കു മുന്നിൽ അപ്രതീക്ഷിതമായ ആശങ്കയുടെ മഴമേഘം കനത്തുപെയ്യാനൊരുങ്ങുന്നത്. 2019ൽ അന്തിമമാകേണ്ട ആതിഥേയത്വം ഏറെ വൈകി 2022 ഏപ്രിലിലാണ് തീരുമാനമായിരുന്നത്. എന്നാൽ, അന്ന് ഏറ്റെടുത്ത ആസ്ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനം ഒരു വർഷം കഴിഞ്ഞ് ഫണ്ട് കണ്ടെത്താൻ പ്രയാസം ചൂണ്ടിക്കാണ്ടി പിൻവാങ്ങുകയായിരുന്നു.

കടുത്ത സമ്മർദങ്ങൾക്കൊടുവിൽ നൽകിയ ആതിഥേയത്വം ഇനി ആരെ ഏൽപ്പിക്കാനാകുമെന്നതാണ് സംഘാടകരെ കുഴക്കുന്നത്. ഗെയിംസിന് ഇത് മരണമണിയായേക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 12 ദിവസം നീളുന്ന ഗെയിംസ് 180 കോടി ഡോളർ (14,767 കോടി രൂപ) ചെലവിൽ നടത്താനാകുമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ, ഒരുക്കങ്ങളിലേക്ക് കടന്നതോടെ രണ്ടിരട്ടി കവിഞ്ഞ് 600 കോടി ഡോളർ (49,223 കോടി രൂപ) പിന്നിടുമെന്നുവന്നതോടെയായിരുന്നു പിന്മാറ്റം. തീരുമാനം ഞെട്ടിച്ചുവെന്നും സംഘാടകർ പറയുന്ന കണക്കുകൾ ശരിയല്ലെന്നും കോമൺവെൽത്ത് ഗെയിംസ് സംഘാടകസമിതി പറഞ്ഞു. അടിയന്തരമായി മറ്റു ആതിഥേയരെ കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് സംഘാടകർ.

2017ൽ ദക്ഷിണാഫ്രിക്കൻ നഗരമായ ഡർബനിൽ നടക്കേണ്ട ഗെയിംസ് സാമ്പത്തിക അച്ചടക്ക ചട്ടങ്ങൾ പാലിക്കാനാവാതെ മാറ്റിയിരുന്നു. ബ്രിട്ടീഷ് നഗരമായ ബർമിങ്ഹാം ഏറ്റെടുത്തു വിജയിപ്പിച്ചെങ്കിലും 2026ലെ ഗെയിംസ് എന്താകുമെന്നാണ് പുതിയ ആശങ്ക. ആസ്ട്രേലിയയിൽ മറ്റു നഗരങ്ങൾ മുന്നോട്ടുവരില്ലെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ തിരുശേഷിപ്പായ ഗെയിംസ് കഴിഞ്ഞ 20 വർഷത്തിനിടെ ഒരു തവണ മാത്രമാണ് യു.കെ, ആസ്ട്രേലിയ എന്നിവക്ക് പുറത്ത് നടന്നത്. അതും 2010ൽ ഇന്ത്യയിൽ. ഡൽഹിയിൽ നടന്ന ഗെയിംസിന് പ്രതീക്ഷിച്ച ചെലവിന്റെ അനേക ഇരട്ടികളായി ഉയർന്നിരുന്നു. കോമൺവെൽത്ത് ഗെയിംസ് വേദിയാകേണ്ട വിക്ടോറിയയിലാണ് വ്യാഴാഴ്ച ഫിഫ വനിത ലോകകപ്പ് നടക്കുന്നത്.

എന്നിട്ടും മൂന്നു വർഷം കഴിഞ്ഞ് നടക്കേണ്ട ഗെയിംസിൽനിന്ന് പിന്മാറ്റം പ്രഖ്യാപിക്കുന്നത് ആസ്ട്രേലിയയിലും അതിനോട് കമ്പം കുറയുന്നതിന്റെ സൂചനയാണെന്നാണ് റിപ്പോർട്ടുകൾ. 1930ൽ ബ്രിട്ടൻ തങ്ങളുടെ കോളനികളെ ഒന്നിപ്പിച്ചുനിർത്താൻ തുടങ്ങിയതാണ് കോമൺവെൽത്ത് ഗെയിംസ്. കോളനികൾ സ്വതന്ത്രമായെങ്കിലും ഗെയിംസ് നിലനിന്നു. പല രാജ്യങ്ങളും പ്രമുഖരെ അയക്കാൻ വിസമ്മതിച്ചും കളി തണുപ്പിച്ചും നേരത്തേ തുടങ്ങിയ താൽപര്യക്കുറവാണ് ഒടുവിൽ ഗെയിംസ് തന്നെ ഇല്ലാതാകുന്നതിനടുത്തെത്തിച്ചത്.

Tags:    
News Summary - Australia withdrawn from Commonwealth Games?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.