അത്ലറ്റുകളുടെ താമസത്തിനായി തീരത്ത് നങ്കൂരമിട്ട ക്രൂസ് കപ്പൽ
ഏഷ്യൻ ഗെയിംസ് നഗരിയിൽ ചുഴലിക്കാറ്റ് ഭീതി; 100 കി.മീ വേഗതയിൽ കാറ്റടിക്കാൻ സാധ്യത
നഗോയ: ഏഷ്യൻ ഗെയിംസിന് ശനിയാഴ്ച കൊടിയേറാനിരിക്കെ കായിക താരങ്ങൾക്കും സംഘാടകർക്കും ഭീഷണിയായി ചുഴലിക്കാറ്റ് മുന്നറിയിപ്പ്. ഗെയിംസ് ആതിഥേയ നഗരികളായ ഐച്ചി-നഗോയ തീരങ്ങളിൽ വരും ദിനങ്ങളിൽ ശക്തമായ ചുഴലിക്കാറ്റ് വീശിയടിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മേളക്ക് തിരിതെളിയും മുമ്പേ, കായിക താരങ്ങളുടെ താമസ സൗകര്യങ്ങളിലെ വിവാദം കത്തിപ്പടരുന്നതിനിടെയാണ് സംഘാടകർക്ക് കടുത്ത തിരിച്ചടിയായി കൊടുങ്കാറ്റ് മുന്നറിയിപ്പുമെത്തുന്നത്.
മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ കാറ്റടിച്ചാൽ തീരദേശ നഗരത്തിൽ കഴിയുന്ന താരങ്ങളെ താൽക്കാലികമായി ഒഴിപ്പിക്കേണ്ടി വരും. സെപ്റ്റംബർ 21ഓടെ ‘ദുജുവാൻ’ ഉഷ്ണമേഖലാ ചുഴലിക്കാറ്റ് നഗോയ മേഖലയിലേക്ക് എത്തിയേക്കുമെന്നാണ് മുന്നറിയിപ്പ്. സാധാരണ മഴയാണെങ്കിൽ മത്സരങ്ങൾ തുടരും. എന്നാൽ, പ്രകൃതിദുരന്ത മുന്നറിയിപ്പ് ലഭിച്ചാൽ താരങ്ങളെ സുരക്ഷിതമായി ഒഴിപ്പിക്കാൻ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെന്ന് നഗോയ മേയറും ഗെയിംസ് ഡെപ്യൂട്ടി പ്രസിഡന്റുമായ ഇച്ചിറോ ഹിരോസാവ വ്യക്തമാക്കി.
കാറ്റ് ശക്തിപ്രാപിക്കുകയാണെങ്കിൽ അത്ലറ്റുകളുടെ താമസത്തിനായി തീരത്ത് നങ്കൂരമിട്ട ക്രൂസ് കപ്പലിനും ഭീഷണിയാകും. 4000ത്തോളം കായിക താരങ്ങൾക്കാണ് കോസ്റ്റ സെറീന കപ്പലിൽ താമസമൊരുക്കിയത്.
പ്രതികൂല കാലാവസ്ഥയിൽ അവസാന നിമിഷം താരങ്ങളെ മാറ്റിപ്പാർപ്പിക്കുന്നത് കായിക താരങ്ങൾക്ക് മാനസിക പ്രയാസമുണ്ടാക്കുമെന്ന ആശങ്കയുമുണ്ട്. യാത്ര, പരിശീലനം, താമസം എന്നിവയെ ബാധിക്കുമ്പോൾ മത്സരത്തിനും തിരിച്ചടിയാവുമെന്നും ആശങ്കപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.