നാടകീയ ഫൈനലിനൊടുവിൽ കബഡിയിൽ ഇറാനെ തകർത്ത് ഇന്ത്യക്ക് സ്വർണം

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് പുരുഷ കബഡിയില്‍ ഇന്ത്യക്ക് സ്വർണം. നാടകീയ ഫൈനലിനൊടുവിൽ കരുത്തരായ ഇറാനെ 33-29 എന്ന സ്‌കോറിന് തകർത്താണ് ഇന്ത്യ സ്വർണം നേടിയത്.

പോയന്‍റിനെ ചൊല്ലി ഇരുടീമുകളും പ്രതിഷേധിച്ചത് മത്സരം തടസ്സപ്പെടുത്തി. മത്സരം അവസാനിക്കാന്‍ ഒരു മിനിറ്റ് മാത്രം ബാക്കിനിൽക്കെ, ഇരു ടീമും 28 പോയന്റ് വീതം നേടി തുല്യത പാലിച്ചിരിക്കേയാണ് വിവാദ സംഭവം. ഇന്ത്യന്‍ താരം പവന്‍ ഡു ഓര്‍ ഡൈ റെയ്ഡിനിറങ്ങി. ഇന്ത്യന്‍ താരത്തെ എതിർ താരങ്ങള്‍ പിടിച്ചെങ്കിലും ഇറാന്‍ താരങ്ങളെ സ്പര്‍ശിക്കും മുമ്പ് താന്‍ ലൈനിന് പുറത്തുപോയതായി പവന്‍ അവകാശപ്പെട്ടു.

ഇന്ത്യ നാല് പോയന്റിനായി അവകാശവാദം ഉന്നയിക്കുയും ചെയ്തു. എന്നാൽ, വിഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച റഫറി ഇരു ടീമിനും ഓരോ പോയന്റ് വീതം നല്‍കി. നാല് പോയന്റ് നല്‍കണമെന്ന ആവശ്യത്തിൽ ഇന്ത്യൻ താരങ്ങൾ ഉറച്ചുനിന്നു. ഇതോടെ റഫറി ഇന്ത്യക്ക് അനുകൂലമായി വിധിച്ചു. ഇറാന്‍ ടീം പ്രതിഷേധവുമായി കോര്‍ട്ടില്‍ കുത്തിയിരുന്നതോടെ മത്സരം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.

ഒടുവിൽ ഇന്ത്യക്ക് മൂന്നും ഇറാന് ഒരു പോയന്റും അനുവദിച്ച് കളി പുനരാരംഭിച്ചു. പിന്നാലെ രണ്ട് പോയന്റ് കൂടി നേടിയാണ് ഇന്ത്യ സ്വർണം ഉറപ്പിച്ചത്.

Tags:    
News Summary - Asian Games 2023: India Clinch Gold In Men's Kabaddi Competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.