കമന്‍റിടുന്ന ചേട്ടന് ഒളിംപ്ക്സ് മെഡൽ ഉള്ളത് കൊണ്ട് കുഴപ്പമില്ല; മാലയിട്ട് മത്സരിക്കുന്നതിനെ വിമർശിക്കുന്നത് തോന്നിവാസമെന്ന് ആൻസി സോജൻ

നഗോയ: തനിക്കെതിരെ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന സൈബർ ആക്രമണങ്ങൾക്ക് എതിരെ രൂക്ഷമായ പ്രതികരണവുമായി ഏഷ്യൻ ഗെയിംസ് വെള്ളി മെഡൽ ജേതാവും അത്‌ലറ്റുമായ ആൻസി സോജൻ. മാലയിട്ട് മത്സരിക്കുന്നതിനെ വിമർശിക്കുന്നവർ തോന്നിവാസമാണ് കാണിക്കുന്നതെന്നും, സ്പോർട്സുമായി ബന്ധമുള്ളവർ ഒരിക്കലും ഇങ്ങനെ ചെയ്യില്ലെന്നും അവർ വ്യക്തമാക്കി.വ്യാജ ഐഡികളിൽ നിന്നാണ് തനിക്കെതിരെ ആക്രമണങ്ങൾ ഉണ്ടാകുന്നതെന്നും, സ്വന്തം അക്കൗണ്ടിൽ വന്ന് സംസാരിക്കാനുള്ള ധൈര്യം ഇവർക്കില്ലെന്നും താരം കുറ്റപ്പെടുത്തി.

ഷോ ഓഫ് കാണിച്ച് രണ്ട് സെന്‍റിമീറ്ററിന് സ്വർണം നഷ്ടപ്പെടുത്തി ആ പറയുന്ന ചേട്ടന് പിന്നെ ഒളിംപ്ക്സ് മെഡൽ ഉള്ളത് കൊണ്ട് കുഴപ്പമില്ലെന്നും ആൻസി പരിഹസിച്ചു. ഈ പറയുന്ന പലർക്കും ഞാൻ ആരാണെന്നോ എന്‍റെ ഇവന്‍റ് എന്താണന്നോ അറിയില്ല. ഇത്തരത്തിലുള്ളവരാണ് ഈ ഡയലോഗടിക്കുന്നത്. ആർക്കും ഒർജിനൽ അക്കൗണ്ടിൽ നിന്ന് പറയാനുള്ള ധൈര്യം പോലുമില്ല.പച്ചക്ക് പറഞ്ഞാൽ വെറും തോന്നിവാസമാണ്. ട്രാക്കിലിറങ്ങുന്ന ഒരാളും അങ്ങനെ പറയില്ല. മുമ്പ് മത്സരങ്ങൾക്കായി മുടി മുറിച്ചിരുന്നെങ്കിലും, ഇപ്പോൾ ഈ രീതിയാണ് തനിക്ക് കൂടുതൽ സൗകര്യപ്രദമായിട്ടുള്ളത്. ഇത്തരം വിമർശനങ്ങൾ കൊണ്ടൊന്നും താൻ തളരില്ലെന്നും ആൻസി സോജൻ വ്യക്തമാക്കി.

ഞാൻ ക്ലാസിക്കൽ ഡാൻസ് പഠിച്ചിട്ടുള്ള വ്യക്തിയാണ്. ചെറുപ്പത്തിൽ സബ്ജില്ലാ ഓട്ടമത്സരത്തിൽ കൈയ്യിൽ നിറയെ വളയിട്ടുകൊണ്ട് ഞാൻ ഓടിയിട്ടുണ്ട്. എനിക്ക് അതിന്‍റെ ശബ്ദം കേൾക്കാൻ ഭയങ്കര ഇഷ്ടമാണ്. എനിക്ക് ആഭരണങ്ങൾ ധരിക്കുന്നത് ഇഷ്ടമാണ്. ഞാൻ റെക്കോഡിട്ട സമയത്തും ഈ പറഞ്ഞ ആഭരണങ്ങൾ ഇട്ടാണ് ചാടിയിട്ടുള്ളത്. ഫീൽഡിൽ നിന്ന് ചാടിയ എനിക്കില്ലാത്ത ദണ്ണമാണ് അവർക്കുള്ളതെന്നും ആൻസി പറഞ്ഞു.

സ്വന്തം അധ്വാനത്തെ മാനിച്ചില്ലെങ്കിലും നിന്ദിക്കരുതെന്നും, മറ്റൊരു രാജ്യത്തും ഇത്തരത്തിലുള്ള പ്രവണതകൾ ഉണ്ടാകില്ലെന്നും ചൂണ്ടിക്കാണിച്ച ആൻസി, രാജ്യസ്നേഹികളായവർ ഒരിക്കലും രാജ്യത്തിന്റെ മെഡൽ ജേതാക്കളെ അവഹേളിക്കില്ലെന്നും ഓർമിപ്പിച്ചു.

Tags:    
News Summary - Asian Games Medallist Ancy Sojan Slams Cyber Attacks Over Wearing Ornaments During Competitions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.