സ്ത്രീ ശക്തി അടയാളപ്പെടുത്തിയ കായികരംഗം

വെസ്റ്റിൻഡീസ് കുട്ടിക്രിക്കറ്റിലെ തമ്പുരാക്കന്മാർ
വെസ്റ്റിൻഡീസ് കുട്ടിക്രിക്കറ്റിൻെറ പുതിയ ലോക രാജാക്കൻമാരായി. കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന ഫൈനലിൽ ഇംഗ്ലണ്ടിനെ നാല് വിക്കറ്റിന് തോൽപ്പിച്ചാണ് വിൻഡീസ് തങ്ങളുടെ രണ്ടാം ലോക കിരീടം സ്വന്തമാക്കിയത്. ലോകകപ്പ് വനിതാ ട്വൻറി20യിലും വിൻഡീസാണ് കിരീടം നേടിയത്. ആസ്ട്രേലിയയെ എട്ട് വിക്കറ്റിനാണ് കരീബിയൻ വനിതകൾ തോൽപ്പിച്ചത്. 


മരിയ ഷറപ്പോവ ഉത്തേജക മരുന്ന് വിവാദത്തിൽ
ലോകടെന്നിസിലെ താരവിഗ്രഹമായ മരിയ ഷറപ്പോവ ഉത്തേജക മരുന്നില്‍ തട്ടി വീണുടഞ്ഞു. സൗന്ദര്യവും കളിമികവുംകൊണ്ട് ആരാധക മനസ്സിലെ ഇഷ്ടതാരമായി മാറിയ റഷ്യക്കാരി ഉത്തേജക മരുന്ന് ഉപയോഗിച്ചിരുന്നുവെന്ന വെളിപ്പെടുത്തലില്‍ ടെന്നിസ് ലോകം ഞെട്ടി.  ആസ്ട്രേലിയന്‍ ഓപണിലെ പരിശോധനാ ഫലംപുറത്തുവന്നതിനു പിന്നാലെ വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്ത് ഷറപോവ തന്നെയാണ് മരുന്നുപയോഗിച്ച കാര്യം വെളിപ്പെടുത്തിയത്. തുടർന്ന് ഷറപ്പോവക്ക് രണ്ടു വർഷം വിലക്കേർപ്പെടുത്തി.


ജാനി ഇൻഫൻറിനോ ഫിഫ പ്രസിഡൻറ്
ജാനി ഇൻഫൻറിനോ ഫിഫയുടെ പുതിയ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടു. സ്റ്റിറ്റ്സർലൻഡിൽ നിന്നുള്ള ഫുട്ബാൾ ഭരണാധികാരിയായ ജാനി ഇൻഫൻറിനോ 2009 മുതൽ യുവേഫയുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുകയായിരുന്നു. 

പാകിസ്താന്‍ ടെസ്റ്റ് ക്രിക്കറ്റിന്‍െറ ഉത്തുംഗതയില്‍; ആദ്യമായി ഒന്നാം റാങ്ക്
പാകിസ്താന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഒന്നാം സ്ഥാനത്തത്തെുമെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലായിരുന്നു. 20 വര്‍ഷത്തിനുശേഷം പാകിസ്താന്‍ ആസ്ട്രേലിയക്കെതിരെ പരമ്പര ജയിച്ചു. പിന്നാലെ ഇംഗ്ളണ്ട്, ശ്രീലങ്ക, ബംഗ്ളാദേശ് എന്നീ ടീമുകള്‍ക്കെതിരായ പരമ്പര സ്വന്തമാക്കുകയും ന്യൂസിലന്‍ഡിനെതിരെ സമനില നേടുകയും ചെയ്തു. ഇംഗ്ളണ്ടുമായുള്ള പരമ്പര 2-2ന് സമനിലയിലും എത്തിച്ച് 2003ല്‍ നിലവിലെ രീതിയിലുള്ള റാങ്കിങ് വന്നശേഷം പാകിസ്താന്‍ ആദ്യമായി ഒന്നാമതത്തെി.
 


അദ്ഭുതം, ഈ നീല കുറുക്കന്മാര്‍
ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ ലെസ്റ്റര്‍ സിറ്റി എന്ന അദ്ഭുതസംഘത്തിന്‍െറ വിജയഗാഥ. കഴിഞ്ഞ സീസണില്‍ പോയന്‍റ് നിലയില്‍ ഏറെ പിന്നിലായിരുന്ന കുഞ്ഞൻ ടീം കരുത്തരെ മറികടന്ന് ഇത്തവണ കിരീടം നേടി കായിക ലോകത്തെ ഒന്നടങ്കം വിസ്മയിപ്പിച്ചു.


റയലാണ് മഡ്രിഡ്
പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ അറ്റ്ലറ്റികോ മഡ്രിഡിനെ കീഴടക്കി റയല്‍ മഡ്രിഡ് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടി. 120 മിനിറ്റും മരണപ്പോരാട്ടം നടത്തിയതിനൊടുവില്‍ ഷൂട്ടൗട്ട് വിധി നിര്‍ണയിച്ച ചാമ്പ്യന്‍സ് ലീഗ് കലാശപ്പോരാട്ടത്തില്‍ അത്ലറ്റികോ മഡ്രിഡിനെ മൂന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് മറികടന്ന് റയല്‍ 11ാമതും യൂറോപ്പിന്‍െറ ചാമ്പ്യന്മാരായി. 


സണ്‍റൈസേഴ്സ് ഹൈദരാബാദ് ഐ.പി.എല്‍ ജേതാക്കള്‍
ഗ്ലാമര്‍നിരയില്ലാത്ത ഇത്തിരിക്കുഞ്ഞന്‍ ടീമായത്തെി ആവേശപ്പോരാട്ടത്തില്‍ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിനെ എട്ടു റണ്‍സിന് മറികടന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദ് ഐ.പി.എല്‍ എട്ടാം സീസണിലെ ജേതാക്കളായി.


മുഹമ്മദ് അലിയുടെ വിയോഗം
ബോക്സിങ് ഇതിഹാസം മുഹമ്മദ് അലി (74) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്നായിരുന്നു മരണം. മുമ്പ് അണുബാധയും ന്യുമോണിയയും ബാധിച്ചതിനെ തുടര്‍ന്ന് പല തവണ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 30 വര്‍ഷമായി പാര്‍ക്കിന്‍സണ്‍ രോഗ ബാധിതനായിരുന്നു അദ്ദേഹം.


ചിലിക്ക് തുടര്‍ച്ചയായ രണ്ടാം കോപ കിരീടം,
മെസ്സിയുടെ വിരമിക്കൽ

കോപ അമേരിക്ക ശതാബ്ദി ഫുട്ബാൾ കിരീടത്തിൽ ചിലി ജേതാക്കളായി. ഷൂട്ട്ഔട്ടിൽ രണ്ടിനെതിരെ നാല് ഗോളിനാണ് ചിലി അർജന്‍റീനയെ തകർത്തത്. വൈകാരിക നിമിഷങ്ങള്‍ക്കൊടുവിൽ വിരമിക്കല്‍ പ്രഖ്യാപനം നടത്തി സൂപ്പർതാരം മെസി പിന്നീട് പിന്‍വലിച്ചു.


യൂറോ കിരീടം പോര്‍ചുഗലിന്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കണ്ണീരിന് ഫ്രഞ്ചുകാരെ ഒന്നാകെ കണ്ണീര്‍കുടിപ്പിച്ച് യൂറോകപ്പില്‍ പോര്‍ചുഗൽ സുവര്‍ണ മുത്തമിട്ടു. കലാശപ്പോരാട്ടത്തിലെ ആദ്യ പകുതിയില്‍ ഫ്രാന്‍സുകാരുടെ ഫൗളിന് വിധേയനായി കളംവിട്ട ക്രിസ്റ്റ്യാനോയെ സൈഡ് ബെഞ്ചില്‍ കാഴ്ചക്കാരനാക്കി അധികസമയത്തെ 109ാം മിനിറ്റില്‍ പിറന്ന ഗോളില്‍ പോര്‍ചുഗല്‍ ചരിത്ര ജയം രുചിച്ചു.


റഷ്യക്ക് വിലക്ക്
വ്യാപകമായ ഉത്തേജക മരുന്ന് ഉപയോഗം തെളിഞ്ഞതിനെ തുടര്‍ന്ന് റഷ്യയെ ഒളിമ്പിക്സിലും പാരലിമ്പികിസിലും വിലക്കി. സർക്കാർ സംവിധാനങ്ങളുടെ പിന്തുണയേടെയായിരുന്നു മരുന്നടിയെന്ന് കണ്ടെത്തി.



ഫെൽപ്സും ബോൾട്ടും റിയോയിലെ താരങ്ങൾ
ലോകത്തിന്‍െറ കളിത്തൊട്ടിലായി റിയോയിലെ ട്രാക്കില്‍ ഉസൈന്‍ ബോള്‍ട്ടും നീന്തല്‍ കുളത്തില്‍ മൈക്കല്‍ ഫെല്‍പ്സും ഇതിഹാസങ്ങളില്‍ ഇതിഹാസമായി. മാറിയ ലോകത്തിൻെറ കായിക മാമാങ്ക ദിനങ്ങളിൽ എതിരാളികളില്ലാതെ അമേരിക്ക (43 സ്വര്‍ണം, 37 വെള്ളി, 36 വെങ്കലം) 116 മെഡലുമായി ലോകത്തെ ഏറ്റവുംവലിയ കായികശക്തിയായി മാറി. ബ്രിട്ടന്‍െറ കുതിപ്പിനും ചൈനയുടെ കിതപ്പിനും റിയോ സാക്ഷിയായി. ഉത്തേജക വിവാദത്തില്‍ അംഗബലം പകുതിയായി കുറഞ്ഞിട്ടും റഷ്യയുടെ ഉജ്ജ്വല പോരാട്ടവും ഏഷ്യന്‍ പുതു ശക്തിയായി ജപ്പാന്‍െറയും ദക്ഷിണ കൊറിയയുടെയും ഉയിര്‍ത്തെഴുന്നേല്‍പ്പും കണ്ട റിയോ മേള. 


റിയോയിൽ ഇടിഞ്ഞുവീണ് ഇന്ത്യ
സമീപകാലത്തെ ഏറ്റവും മോശം പ്രകടനമാണ് ഇന്ത്യ റിയോയിൽ നടത്തിയത്. 2012ല്‍ ലണ്ടനില്‍ ആറു മെഡലുണ്ടായിരുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ സംഘത്തെ അയച്ച ഇക്കുറി രണ്ടായി ചുരുങ്ങി. 11 ദിവസം കാത്തിരുന്ന ശേഷമാണ് മെഡല്‍ പട്ടികയില്‍ ഇടംപിടിച്ചതുതന്നെ. വെള്ളി നേടിയ പി.വി. സിന്ധുവും വെങ്കലമണിഞ്ഞ ഗുസ്തിക്കാരി സാക്ഷി മാലികും വലിയ നാണക്കേടില്‍നിന്ന് രാജ്യത്തെ കരകയറ്റി. രണ്ടു പേര്‍ മെഡല്‍ പട്ടികയില്‍ ഇടം പിടിച്ചപ്പോള്‍ മൂന്നു വെങ്കലം തലനാരിഴക്ക് നഷ്ടപ്പെട്ടു. ഷൂട്ടിങ്ങില്‍ അഭിനവ് ബിന്ദ്രയും ജിംനാസ്റ്റിക്സില്‍ ദിപ കര്‍മാക്കറും ടെന്നിസ് മിക്സഡ് ഡബ്ള്‍സില്‍ സാനിയ മിര്‍സ-രോഹന്‍ ബൊപ്പണ്ണ ടീമും നാലാമതായി.  ഹോക്കിയില്‍ മലയാളി ശ്രീജേഷിന്‍െറ നേതൃത്വത്തിലുള്ള പുരുഷടീം  വീരോചിതം പൊരുതി. ബാഡ്മിന്‍റണില്‍ പി.വി. സിന്ധു ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ കരോലിന മാരിനോട് പൊരുതിത്തോറ്റ് അഭിമാനം ഉയര്‍ത്തിപ്പിടിച്ചു. പാരാലിമ്പിക്സില്‍ പുരുഷന്‍മാരുടെ ഹൈജംപ് ഇനമായ ടി-42 വിൽ ഇന്ത്യക്കായി മാരിയപ്പന്‍ തങ്കവേലു സ്വര്‍ണം നേടി. പാരലിമ്പിക്സ് ഷോട്ട്പുട്ടില്‍ വെള്ളി നേടി ദീപ മാലിക്ക് ഇന്ത്യക്ക് വേണ്ടി മെഡല്‍ നേടുന്ന ആദ്യ വനിതാതാരമായി.


ജോ ഹാവലാഞ്ച് അന്തരിച്ചു
കാല്‍നൂറ്റാണ്ടുകാലം ലോക ഫുട്ബാള്‍ സംഘടനയായ ഫിഫയുടെ തലപ്പത്ത് കിരീടംവെക്കാത്ത രാജാവായി വിരാജിച്ച ജോ ഹാവലാഞ്ച് അന്തരിച്ചു. താന്‍കൂടി നേതൃത്വം നല്‍കി നേടിയെടുത്ത ഒളിമ്പിക്സിന് റിയോ ഡെ ജനീറോ ആതിഥ്യം വഹിക്കുമ്പോള്‍ നഗരത്തിലെ സമരിറ്റാനോ ആശുപത്രിയിലായിരുന്നു അന്ത്യം. ഫിഫയെ ഇന്ന് കാണുംവിധം വന്‍വരുമാനമുള്ള കായികസംഘടനയായി വളര്‍ത്തുന്നതില്‍ മുഖ്യപങ്കുവഹിച്ച ഹാവലാഞ്ച് 1974 മുതല്‍ 1998 വരെ പ്രസിഡന്‍റ് സ്ഥാനം വഹിച്ചു. ആറു ലോകകപ്പുകളുടെ കാലത്ത് ഫിഫയുടെ തലപ്പത്തുണ്ടായിരുന്നു.


താരമായി ​പോഗ്ബ
ലോക ഫുട്ബാള്‍ കൈമാറ്റ വിപണിയില്‍ പുതിയ റെക്കോഡുകളെഴുതി ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് ട്രാന്‍സ്ഫര്‍ വിപണി. ഗാരെത് ബെയ്ലിനെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും കടത്തിവെട്ടി പോള്‍ പോഗ്ബ ലോകഫുട്ബാള്‍ വിപണിയിലെ ഏറ്റവും മൂല്യമേറിയ താരമായി മാറി. 


ടെന്നീസിൽ സെറീനക്ക്​ ലോക റെക്കോർഡ്
അമേരിക്കൻ താരം സെറീന വില്യംസിന്​ ടെന്നീസിൽ ലോക റെക്കോർഡ്​. ഗ്രാൻസ്ലാം ടൂർണമെൻറിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടുന്ന വനിത താരമെന്ന റെ​ക്കോർഡാണ്​ സെറീന സ്വന്തമാക്കിയത്​. കരിയറിലെ 307ാം വിജയമാണ്​ സെറീനയുടേത്​. ചെക്ക്​ റിപ്പബ്ലിക്ക്​ താരം മാർട്ടിന നവരത്തിലോവയുടെ റെക്കോർഡാണ്​ സെറീന മറികടന്നത്​.


ഇന്ത്യ കബഡി ലോകകപ്പ് ചാമ്പ്യന്മാർ
കോര്‍ട്ടിലെ അജയ്യത എട്ടാം തവണയും തെളിയിച്ച് ഇന്ത്യ പുരുഷന്മാരുടെ കബഡി ലോകകപ്പ് നിലനിര്‍ത്തി. ആക്രമിച്ചു മുന്നേറിയും സംഘം ചേര്‍ന്ന് കുരുക്കിലാക്കിയും പോരാട്ടവീര്യം പുറത്തെടുത്ത മത്സരത്തില്‍ പൊരുതിക്കളിച്ച ഇറാനെ 38-29 പോയന്‍റില്‍ തകര്‍ത്താണ് ഇന്ത്യ ലോകകപ്പുയര്‍ത്തിയത്. 


48 പന്തില്‍നിന്ന് സെഞ്ച്വറി നേടി റിഷഭ് പന്ത്
ഡല്‍ഹിയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ റിഷഭ് പന്ത് അതിവേഗ സെഞ്ച്വറിയുമായി ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലേക്ക് പന്തടിച്ചുകയറി. കേവലം 48 പന്തില്‍നിന്ന് മൂന്നക്കം കടന്ന 19കാരന്‍ ഇന്ത്യന്‍ ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിലെ വേഗതയേറിയ സെഞ്ച്വറിയാണ് തന്‍െറ പേരില്‍ എഴുതിച്ചേര്‍ത്തത്. തുമ്പ സെന്‍റ് സേവ്യേഴ്സ് കോളജ് ഗ്രൗണ്ടില്‍ നടന്ന ജാര്‍ഖണ്ഡിനെതിരായ രഞ്ജി ട്രോഫി മത്സരത്തിലായിരുന്നു ഡല്‍ഹി ഓപണറുടെ നേട്ടം. 


കാള്‍സണ്‍ ലോക ചെസ്സ് ചാമ്പ്യൻ; ഹാട്രിക് നേട്ടം
മാഗ്നസ് കാള്‍സണ്‍ ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പ് ജേതാവ്. തുടര്‍ച്ചയായി മൂന്നാം തവണയാണ് കാള്‍സണ്‍ ഈ നേട്ടം സ്വന്തമാക്കുന്നത്. റഷ്യയുടെ സെര്‍ജി കര്യാക്കിനെയാണ് കാൾസൺ തോൽപിച്ചത്. ടൈബ്രേക്കറിലായിരുന്നു കാൾസൻെറ വിജയം. 


ദുരന്തമായി ചാപ്പെകോയന്‍സ് 
ബ്രസീലിലെ ഒന്നാം ഡിവിഷന്‍ ഫുട്ബാള്‍ ക്ളബായ  ചാപ്പെകോയന്‍സ് ടീമംഗങ്ങളടക്കം സഞ്ചരിച്ച വിമാനം തകര്‍ന്നുവീണ് 75  പേര്‍ മരിച്ചു. തെക്കേ അമേരിക്കയിലെ രണ്ടാമത്തെ പ്രമുഖ ഇന്‍റര്‍ക്ളബ് ടൂര്‍ണമെന്‍റായ കോപ സുഡാമേരിക്കാനയുടെ ആദ്യപാദ ഫൈനലില്‍ കളിക്കാനാണ് ചാപ്പെകോയന്‍സ് ടീം ചാര്‍ട്ടര്‍ ചെയ്ത വിമാനത്തില്‍ യാത്രതിരിച്ചത്. 


ബാലന്‍ ഡിഓര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക്
പോര്‍ചുഗലിന് യൂറോപ്യന്‍ ഫുട്ബാള്‍ കിരീടവും റയല്‍ മഡ്രിഡിന് യൂറോപ്യന്‍ ചാമ്പ്യന്‍ പട്ടവും സമര്‍പ്പിച്ച പൊന്‍കാലുകള്‍ക്ക് അര്‍ഹതക്കുള്ള അംഗീകാരമായി ഫ്രഞ്ച് ഫുട്ബാള്‍ മാഗസിന്‍െറ ‘ബാലണ്‍ ഡി ഓര്‍’ പുരസ്കാരം. മുഖ്യ എതിരാളിയായ അര്‍ജന്‍റീനയുടെ ലയണല്‍ മെസ്സിയെയും ഫ്രാന്‍സിന്‍െറ അന്‍െറായിന്‍ ഗ്രീസ്മാനെയും ബഹുദൂരം പിന്നിലാക്കിയായിരുന്നു ക്രിസ്റ്റ്യാനോ  ‘ബാലണ്‍ ഡിഓര്‍’ പുരസ്കാരത്തിന് അര്‍ഹനായത്. പോര്‍ചുഗലിന് യൂറോകപ്പും റയല്‍ മഡ്രിഡിന് യുവേഫ ചാമ്പ്യന്‍സ് ലീഗും സമ്മാനിച്ച് 2016നെ അവിസ്മരണീയമാക്കിയ ക്രിസ്റ്റ്യാനോയെ ഒൗദ്യോഗിക പ്രഖ്യാപനത്തിനും മുമ്പേ തന്നെ ആരാധക ലോകം ജേതാവാക്കിയിരുന്നു.


കൊച്ചിയില്‍ ബ്ലാസ്റ്റേഴ്‌സ് ദുരന്തം; കൊല്‍ക്കത്ത ചാമ്പ്യന്മാര്‍
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിന്‍റെ കലാശപ്പോരാട്ടത്തിൽ അത്ലറ്റികോ ഡി കൊൽക്കത്തക്ക് ജയം. ഷൂട്ടൗട്ടിലൂടെ 3-4നാണ് വിജയം. 


കരുൺ നായർക്ക് ട്രിപ്പിൾ സെഞ്ചുറി നേട്ടം
ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്​റ്റിൽ മലയാളി താരം കരുൺ നായർക്ക് ട്രിപ്പിൾ സെഞ്ചുറി (303 നോട്ടൗട്ട്). കന്നി സ്വെഞ്ചറിയിൽ തന്നെ ട്രിപ്പിൾ നേട്ടവുമായാണ് കരുൺ കായിക ലോകത്തെ വിസ്മയിപ്പിച്ചത്. 


വിയോഗങ്ങൾ

  • ഫ്രഞ്ച് ഫുട്ബാൾ ഇതിഹാസം യോഹൻ ക്രൈഫ്
  • ബ്രസീല്‍ ഫുട്ബാൾ ഇതിഹാസം കാര്‍ലോസ് ആല്‍ബര്‍ട്ടോ
  • മുൻ ഇന്ത്യൻ ഹോക്കി താരം ഒളിമ്പ്യന്‍ മുഹമ്മദ് ഷാഹിദ്
  • മുന്‍ ഇന്ത്യന്‍ ഫുട്ബാളര്‍ മാര്‍തോ ഗ്രേഷ്യസ്
  • മുന്‍ അര്‍ജന്‍റീന ഫുട്ബാൾ താരം റോബര്‍ട്ടോ പെര്‍ഫ്യൂമ
  • ന്യൂസിലൻഡ് മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ മാർട്ടിൻ ക്രോ
  • ആസ്ട്രേലിയന്‍ ടെസ്റ്റ് ക്രിക്കറ്റർ ലെന്‍ മഡോക്സ്
  • മുന്‍ ഇന്ത്യന്‍ ഫുട്ബാളര്‍ അമർ ബഹാദൂർ ഗുരുങ് 
  • മുന്‍ ഇന്ത്യന്‍ ഫുട്ബാളർ സി.ജാബിർ


വിരമിക്കലുകൾ

  • അമേരിക്കൻ നീന്തൽ താരം മൈക്കൽ ഫെൽപ്സ്
  • ജർമൻ  ഫുട്ബാൾ താരം ലൂക്കാസ് പൊഡോൾസ്കി
  • ആസ്ട്രേലിയൻ സ്പിന്നർ നതാൻ ഹാരിസ് 
  • പോള്‍വാള്‍ട്ട് ഇതിഹാസം ഇസിന്‍ ബയേവ
  • ജർമൻ ഫു്ടാബൾ താരം മിറോസ്ലാവ് ക്ലോസെ
  • ജർമൻ ക്യാപ്റ്റൻ ബാസ്റ്റിയൻ ഷ്വാൻസ്റ്റെഗറി
  • ഫോർമുലവൺ ചാമ്പ്യൻ നികോ റോസ്​ബർഗ്​
  • ആസ്ട്രേലിയന്‍ ഹോക്കി ഇതിഹാസം ജാമി ഡ്വെര്‍ 


തയാറാക്കിയത്: മുഹമ്മദ് അഷ്ഫാഖ്

Tags:    
News Summary - sports year ender 2016

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.