ഐ.പി.എല്‍: ടീമുകള്‍ ഒപ്പത്തിനൊപ്പം

ന്യൂഡല്‍ഹി: ഐ.പി.എല്‍ അവസാന ലാപ്പിലേക്ക് കുതിക്കുമ്പോള്‍ പ്ളേ ഓഫ് സാധ്യതകളും മാറിമറിയുകയാണ്. ആദ്യ ഘട്ടത്തില്‍ ബഹുദൂരം പിന്നില്‍നിന്ന മുംബൈയും ബാംഗ്ളൂരും അവസാന മത്സരങ്ങളില്‍ തുടര്‍ജയങ്ങളോടെ തിരിച്ചുവന്നതാണ് ഈ ഐ.പി.എല്ലിനെ പ്രവചനാതീതമാക്കിയത്. അവസാന നാലില്‍ ആരൊക്കെ ഉള്‍പ്പെടുമെന്നറിയാന്‍ ഡല്‍ഹിയും ബാംഗ്ളൂരും തമ്മില്‍ നടക്കുന്ന അവസാന മത്സരം വരെ കാത്തിരിക്കേണ്ടി വരും. ആദ്യ ആറു സ്ഥാനങ്ങളില്‍ വരുന്ന ടീമുകളെല്ലാം ഒരേ പോയന്‍റ് നിലയില്‍ (16 പോയന്‍റ്) എത്താന്‍ സാധ്യതയുണ്ടെന്നതാണ് ഈ ഐ.പി.എല്ലിനെ സങ്കീര്‍ണമാക്കുന്നത്. അങ്ങനെ വന്നാല്‍ റണ്‍റേറ്റായിരിക്കും പ്ളേ ഓഫുകാരെ നിശ്ചയിക്കുന്നത്.

പോയന്‍റ് പട്ടികയില്‍ ഏറ്റവും പിറകിലുള്ള പുണെ, പഞ്ചാബ് ഒഴികെയുള്ള ടീമുകളില്‍ ആര്‍ക്ക് വേണമെങ്കിലും ആദ്യ നാലില്‍ ഇടം നേടാമെന്ന അവസ്ഥയാണ് നിലവിലുള്ളത്. രണ്ട് മത്സരം മാത്രം ശേഷിക്കെ പട്ടികയില്‍ ഒന്നാമതുള്ള ഹൈദരാബാദിന് പോലും പ്ളേ ഓഫ് ഉറപ്പിക്കാന്‍ കഴിയില്ല. അടുത്ത രണ്ട് മത്സരങ്ങളിലും തോറ്റാല്‍ ഹൈദരാബാദും റണ്‍റേറ്റിന്‍െറ അടിസ്ഥാനത്തില്‍ പുറത്തായേക്കും. ഒരു മത്സരം ജയിച്ചാല്‍ ഇവര്‍ക്ക് പ്ളേ ഓഫ് ഉറപ്പിക്കാം.
ഇനി ആറ് മത്സരങ്ങള്‍ മാത്രമാണ് ഈ സീസണില്‍ ബാക്കിയുള്ളത്. പോയന്‍റ് നിലയില്‍ ഒപ്പത്തിനൊപ്പം നില്‍ക്കുന്ന കൊല്‍ക്കത്തയും ഗുജറാത്തുമാണ് വ്യാഴാഴ്ച ഏറ്റുമുട്ടുന്നത്. ഇതില്‍ ജയിക്കുന്ന ടീം 16 പോയന്‍റുമായി പട്ടികയില്‍ ഒന്നാമതത്തെും. ഇരു ടീമുകള്‍ക്കും ഒരു മത്സരം വീതം ബാക്കിയുള്ളതിനാല്‍ അവസാന മത്സരം കഴിഞ്ഞേ ഇവരുടെ പ്ളേ ഓഫ് ഉറപ്പിക്കാന്‍ കഴിയൂ. ഈ മത്സരം ജയിച്ച് അടുത്ത മത്സരത്തില്‍ തോറ്റാലും റണ്‍റേറ്റ് അടിസ്ഥാനത്തില്‍ ഇരു ടീമുകളും പുറത്തുപോകാന്‍ സാധ്യതയുണ്ട്.

14 പോയന്‍റുള്ള മുംബൈക്ക് ഇനി ഗുജറാത്തുമായി ഒരു മത്സരം മാത്രമാണ് ബാക്കിയുള്ളത്. അതില്‍ തോറ്റാല്‍ അവര്‍ പുറത്താകാന്‍ സാധ്യതയുണ്ട്. ജയിച്ചാലും പ്ളേ ഓഫ് ഉറപ്പിക്കാന്‍ കഴിയില്ല. ഡല്‍ഹിക്ക് അടുത്ത രണ്ട് മത്സരങ്ങളും കടുപ്പമേറിയതാണ്.
മികച്ച ഫോമിലുള്ള ഹൈദരാബാദിനെയും ബാംഗ്ളൂരിനെയുമാണ് അവര്‍ക്ക് എതിരിടേണ്ടത്. ഇരു മത്സരങ്ങളും ജയിച്ചാല്‍ ഡല്‍ഹി ആദ്യ നാലില്‍ എത്തിയേക്കാം. ബാംഗ്ളൂരിന് ഇനി ഒരു മത്സരം മാത്രമാണ് ബാക്കിയുള്ളത്. ഇതില്‍ ജയിച്ചാലേ സാധ്യതയെങ്കിലും നിലനിര്‍ത്താന്‍ കഴിയൂ.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.