എന്തുകൊണ്ട് നമ്മള്‍ തോറ്റു...

കോഹ്ലിയും ധോണിയും പ്രഥമദൃഷ്ട്യാ അകല്‍ച്ചയിലായിരുന്നെങ്കിലും...

ക്രിക്കറ്റ് ട്രോളേഴ്സ് ഇപ്പോള്‍ അവലോകനം നടത്തുന്ന തിരക്കിലാണ്. അവര്‍ക്കറിയേണ്ടത് ഒന്നുമാത്രം -എന്തുകൊണ്ട് ഇന്ത്യ തോറ്റു. ഓസിസിനെതിരായ നാല് മത്സരങ്ങളിലും ജയിക്കാനാവശ്യമായതിലധികം റണ്‍സ് ഉണ്ടായിട്ടും തോറ്റു നാണം കെട്ടതിന്‍െറ കാരണമാണ് അവര്‍ അന്വേഷിക്കുന്നത്.
സന്ദേശം സിനിമയിലെ ശങ്കരാടി കഥാപാത്രത്തിന്‍േറത് പോലെ താത്ത്വികമായ അവലോകനമാണ് ട്രോളേഴ്സ് നടത്തുന്നതെങ്കിലും യാഥാര്‍ഥ്യം അതിനുമപ്പുറത്താണ്. മികച്ച ബൗളേഴ്സിന്‍െറ അഭാവം, ധോണിയുടെ വീഴ്ച, മധ്യനിരയുടെ ഉത്തരവാദിത്തമില്ലായ്മ, ടീമിലെ പടലപ്പിണക്കം...അങ്ങനെ നീണ്ടുപോകുന്നു ഉത്തരങ്ങള്‍. ‘ഇന്ത്യന്‍ താരങ്ങള്‍ കളിക്കുന്നത് വ്യക്തിഗത റെക്കോഡുകള്‍ക്ക് വേണ്ടിയാണെന്ന’ മാക്സ്വെലിന്‍െറ ആരോപണവും ഇതിനോട് ചേര്‍ത്തു വായിക്കേണ്ടിവരും.

വാരിക്കുഴി തേടി...
ആദ്യം ബൗളര്‍മാരുടെ കാര്യമെടുക്കാം. ഈ പരമ്പരയിലെ നാല് മത്സരങ്ങളും കളിച്ച ഏക ഇന്ത്യന്‍ ഫാസ്റ്റ് ബൗളറായ ഉമേഷ് യാദവ് 40 ഓവറില്‍ വിട്ടുകൊടുത്തത് 263 റണ്‍സാണ്. അതായത് ഒരു മത്സരം ജയിക്കാനാവശ്യമായ റണ്‍സ് ഉമേഷ് തന്നെ വിട്ടുകൊടുത്തിരിക്കുന്നു. എന്നിട്ടും ഉമേഷിനെ മാറ്റി പകരം ഇറക്കാന്‍ ബൗളര്‍മാരില്ളെന്നത് ഇന്ത്യന്‍ ക്രിക്കറ്റിന്‍െറ ദയനീയ അവസ്ഥ എന്നേ പറയാന്‍ കഴിയൂ.
അടി കിട്ടുമെന്നുറപ്പുണ്ടായിട്ടും ലോട്ടറി എടുക്കുന്ന ലാഘവത്തോടെയാണ് ഭാഗ്യപരീക്ഷണത്തിന് ഓസിസ് ബാറ്റ്സ്മാന്മാര്‍ക്കുമുന്നിലേക്ക് ഇന്ത്യന്‍ ബൗളര്‍മാരെ എറിഞ്ഞുകൊടുക്കുന്നത്. മൂന്ന് മത്സരങ്ങളിലായി 30 ഓവര്‍ എറിഞ്ഞ ഇശാന്ത് ശര്‍മയും കൊടുത്തു 190 റണ്‍സ്. ഇന്ത്യന്‍ വാരിക്കുഴികളില്‍ ദക്ഷിണാഫ്രിക്കയെ കറക്കി വീഴ്ത്തിയ അശ്വിന്‍ ഒരിക്കല്‍കൂടി വിദേശ പിച്ചുകളില്‍ പരാജയപ്പെടുന്നതിനും പരമ്പര സാക്ഷിയായി. രണ്ട് മത്സരം കഴിഞ്ഞപ്പോള്‍ തന്നെ ‘സെഞ്ച്വറി’ തികച്ച് അശ്വിന്‍ പവലിയനിലെ കാഴ്ചക്കാരനായി. ഭുവനേശ്വറും ബാരീന്ദര്‍ ശ്രാനും റിഷി ധവാനും ജദേജയും ഒട്ടും മോശമാക്കിയില്ല. മുഹമ്മദ് ഷമി പരിക്കേറ്റ് മടങ്ങിയില്ലായിരുന്നുവെങ്കില്‍ ഗുണം ചെയ്യുമായിരുന്നു എന്ന് പറയാനും കഴിയില്ല. നാട്ടിലെ വാരിക്കുഴികളിലും ചത്ത പിച്ചുകളിലും എറിഞ്ഞുപഠിച്ച ഇന്ത്യന്‍ ബൗളേഴ്സ് സായിപ്പിന്‍െറ നാട്ടിലത്തെുമ്പോള്‍ കവാത്തുമറക്കുമെന്ന മുന്നറിയിപ്പ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇനിയും കേട്ടമട്ടില്ല.

പ്രതിക്കൂട്ടില്‍ മധ്യനിര...
ധവാനും രോഹിതും കോഹ്ലിയുമടങ്ങുന്ന മുന്‍നിരയെ കുറ്റം പറയാന്‍ കഴിയില്ല. കഴിഞ്ഞ നാല് മത്സരങ്ങളെടുത്താലും ഇന്ത്യയുടെ തോല്‍വിക്ക് പ്രധാനകാരണമായി മധ്യനിരയെ പ്രതിക്കൂട്ടില്‍ നിര്‍ത്തേണ്ടി വരും. മുന്നില്‍നിന്ന് നയിക്കേണ്ട നായകന്‍ ധോണി പരമ്പരയില്‍ ആകെ നേടിയത് 52 റണ്‍സ്. ജദേജ അടിച്ചെടുത്തത് 45. രണ്ട് മത്സരങ്ങള്‍ വീതം കളിച്ച മനീഷ് പാണ്ഡേ ആറ് റണ്‍സും ഗുര്‍കീരത് സിങ് 13 റണ്‍സും കുറിച്ചു. ഏത് പൊസിഷനില്‍ ബാറ്റ് ചെയ്യാനിറങ്ങണമെന്ന് ധോണിക്കുപോലും അറിയാത്ത അവസ്ഥയാണ്.
ആദ്യ കളിയില്‍ നാലാമനായി ക്രീസിലത്തെിയ നായകന്‍ തുടര്‍ന്നുള്ള രണ്ട് കളിയിലും അഞ്ചാമന്‍െറ റോളിലേക്ക് മാറി. കഴിഞ്ഞ കളിയില്‍ വീണ്ടും നാലാം സ്ഥാനത്തേക്കത്തെി. ധോണിയുടെ സ്ഥിരതയില്ലായ്മ ബാധിക്കുന്നത് രഹാനെയുടെ ബാറ്റിങ്ങിനെയും കൂടിയാണ്. നായകനൊപ്പം രഹാനെയും സ്ഥാനം മാറിക്കളിച്ചുകൊണ്ടിരിക്കുന്നു.

മാക്സ്വെലിന്‍െറ വാക്കും കോഹ്ലിയുടെ ബാറ്റും
ഇന്ത്യന്‍ താരങ്ങള്‍ക്ക് വ്യക്തിഗത റെക്കോഡുകളോടാണ് പ്രേമമെന്ന് മാക്സ്വെല്‍ പറഞ്ഞത് ശരിയാണെന്ന് ട്രോളന്മാര്‍ ആണയിടുന്നു. ഇതിന്‍െറ അവസാന തെളിവായി അവര്‍ ചൂണ്ടിക്കാണിക്കുന്നത് നാലാം ഏകദിനത്തിലെ കോഹ്ലിയുടെയും ധവാന്‍െറയും വിക്കറ്റാണ്. ജയിക്കാന്‍ ഓവറില്‍ ആറ് റണ്‍സില്‍ താഴെ മാത്രം മതിയായിട്ടും അലക്ഷ്യമായ ഷോട്ട് കളിച്ച് ഇരുവരും പുറത്തായത് ഉത്തരവാദിത്തമില്ലായ്മ തന്നെയാണ്.
സെഞ്ച്വറി തികച്ച ശേഷം പല തവണ ഇരുവരും അനാവശ്യ ഷോട്ടുകള്‍ക്ക് ശ്രമിക്കുന്നത് കാണാമായിരുന്നു. 67 പന്തില്‍ 90 റണ്‍സിലത്തെിയ കോഹ്ലി പിന്നീടുള്ള 10 റണ്‍സെടുക്കാന്‍ 14 പന്ത് നേരിട്ടു. ഇതിനിടയിലെ 10 പന്തിലും കോഹ്ലി റണ്ണൊന്നുമെടുത്തില്ല. നിര്‍ണായകമായ 31-40 ഓവറുകളില്‍ കോഹ്ലിയും ധവാനും ക്രീസിലുണ്ടായിട്ടും പവര്‍പ്ളേ ആനുകൂല്യം കിട്ടിയിട്ടും ഇന്ത്യ നേടിയത് 51 റണ്‍സ് മാത്രമാണ്. ബാറ്റ്സ്മാന്മാര്‍ സെഞ്ച്വറിയിലേക്കത്തെുന്ന ഈ ഓവറുകളില്‍ ഫീല്‍ഡിങ് ആനുകൂല്യം ലഭിച്ചിട്ടും ഇന്ത്യ സ്കോര്‍ ചെയ്യാറില്ളെന്ന് കണക്കുകള്‍ തെളിയിക്കുന്നു. ബംഗ്ളാദേശ് കഴിഞ്ഞാല്‍ മധ്യ ഓവറുകളില്‍ ഏറ്റവും കുറവ് റണ്‍സ് സ്കോര്‍ ചെയ്യുന്ന ടീം ഇന്ത്യയാണ്. 31-40 ഓവറുകളില്‍ ഇന്ത്യയുടെ റണ്‍റേറ്റ് 5.47 ആണ്.
ഏറ്റവും മുന്നിലുള്ള വെസ്റ്റിന്‍ഡീസിന്‍െറ റണ്‍റേറ്റ് 6.88ഉം ദക്ഷിണാഫ്രിക്ക, ആസ്ട്രേലിയ ടീമുകളുടേത് യഥാക്രമം 6.6, 5.86 വീതവുമാണ്. ധോണിക്കിട്ട് പണികൊടുക്കാന്‍ കോഹ്ലി വിക്കറ്റ് വലിച്ചെറിഞ്ഞതാണെന്ന് ട്രോളേഴ്സ് പറയുമെങ്കിലും അത്ര വിശ്വാസയോഗ്യമല്ല. തുടര്‍ച്ചയായി പരാജയപ്പെടുന്ന താരത്തെ മാറ്റി പകരം ആളെ ഇറക്കാനില്ലാത്ത അവസ്ഥയാണ് ടീം ഇന്ത്യയുടേത്. അതുകൊണ്ട് തന്നെ ശനിയാഴ്ച നടക്കുന്ന അവസാന ഏകദിനത്തിലും മറിച്ചൊരു ഫലം ഉണ്ടാകുമെന്ന് കരുതാന്‍ വയ്യ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.