സാന്‍റിയാഗോ ബെര്‍ണബ്യു പോലും കൈയടിച്ചുപോയി, തങ്ങളുടെ ചിരവൈരികളായ എതിരാളികള്‍ക്കായി. ആ കൈയടിശബ്ദങ്ങളില്‍ പ്രതിധ്വനിച്ചത് 10 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഇതുപോലൊരു നവംബര്‍ സന്ധ്യയുടെ ഓര്‍മകളായിരുന്നു. അന്നും റയല്‍ മഡ്രിഡിന്‍െറ വെണ്ണക്കല്‍നിറം നെഞ്ചോടുചേര്‍ത്ത ആരാധക വൃന്ദം ബാഴ്സലോണയുടെ ബ്ളൗഗ്രാന കുപ്പായത്തിനായി കൈയടിച്ചു. കൃത്യമായി പറഞ്ഞാല്‍ റൊണാള്‍ഡീന്യോ എന്ന പുഞ്ചിരിതൂകുന്ന അന്തകനുവേണ്ടി. 2005 നവംബര്‍ 19ന് ബാഴ്സ 3-0ത്തിന് ജയിച്ച എല്‍ ക്ളാസിക്കോയില്‍ ഇരട്ടപ്രഹരവുമായി റൊണാള്‍ഡീന്യോ ‘ഗലാക്റ്റികോസിനെ’ വരിഞ്ഞുമുറുക്കിയ പോരാട്ടത്തിനൊടുവില്‍.

ഒരു പതിറ്റാണ്ടിനപ്പുറത്തെ ആ ത്രസിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഈ ശനിയാഴ്ച വീണ്ടും ബെര്‍ണബ്യൂവില്‍ തെളിഞ്ഞു. 4-0 എന്ന അവിശ്വസനീയ സ്കോറില്‍ താരകങ്ങള്‍ നിറഞ്ഞ റയലിന്‍െറ തലവര തെളിഞ്ഞുകഴിഞ്ഞ നിമിഷങ്ങളിലൊന്നില്‍ ഒരു ബാഴ്സലോണ താരത്തിനായി അവര്‍ ഒന്നിച്ചെണീറ്റുനിന്ന് നിര്‍ത്താതെ കരഘോഷംകൊണ്ട് ആ പ്രതിഭക്കുള്ള ആദരവര്‍പ്പിച്ചു. പരിക്കില്‍നിന്ന് തിരിച്ചത്തെിയ സൂപ്പര്‍ താരം ലയണല്‍ മെസ്സിക്കോ ഒന്നിനുപിറകെ ഒന്നായി ഗോളടിച്ചുകൂട്ടുന്ന സുവാരസിനോ നെയ്മര്‍ക്കോ വേണ്ടിയല്ല, കറ്റാലന്‍പടയുടെ ക്യാപ്റ്റന്‍െറ ആം ബാന്‍ഡണിഞ്ഞ ആദ്യ എല്‍ ക്ളാസിക്കോയില്‍ എതിരാളികളുടെ ആത്മാവിനത്തെന്നെ മുറിവേല്‍പിച്ച പ്രകടനവും ഒരു ഗോളുമായി നിറഞ്ഞുകളിച്ച ആന്ദ്ര ഇനിയേസ്റ്റ എന്ന അതികായനുവേണ്ടി. ടീമിന്‍െറ ജയമുറപ്പിച്ച് വീരനായകനായി 77ാം മിനിറ്റില്‍ ഡഗ്ഒൗട്ടിലേക്ക് തിരിച്ചുകയറുമ്പോഴായിരുന്നു ഇനിയേസ്റ്റയെ ബെര്‍ണബ്യൂവിന്‍െറ സ്നേഹം കൈയടികളുടെ രൂപത്തില്‍ പൊതിഞ്ഞത്. ചിത്രത്തിലേ ഇല്ലാതെപോയ തങ്ങളുടെ ടീമിനോടുള്ള രോഷത്തില്‍ കവിഞ്ഞ് പ്രതിഭയെ അംഗീകരിക്കുന്ന യഥാര്‍ഥ സ്പോര്‍ട്സ് സ്പിരിറ്റിന് മറ്റൊരു ഉദാഹരണംകൂടി അങ്ങനെ റയലിന്‍െറ കാണികള്‍ ചരിത്രത്തില്‍ ചേര്‍ത്തുവെച്ചു. തനിക്കായി കൈയടിച്ച റയല്‍ ആരാധകര്‍ക്ക് ഇനിയേസ്റ്റ നന്ദിയുമര്‍പ്പിച്ചു. ഇതിനെല്ലാംമുമ്പ് കറ്റാലന്‍ ജഴ്സിയണിഞ്ഞ് ആ ആദരം ഏറ്റുവാങ്ങിയത് ഒരാള്‍ മാത്രം, സാക്ഷാല്‍ ഡീഗോ മറഡോണ.

റൊണോയെ കൂവി ബെര്‍ണബ്യു
എതിരാളികള്‍ക്കായി അംഗീകാരത്തിന്‍െറ പൂച്ചെണ്ടുകള്‍ മാത്രമല്ല, തങ്ങളുടെ ടീമിനും സാന്‍റിയാഗോ ബെര്‍ണബ്യു കാത്തുവെച്ചു ഒരു ‘സമ്മാനം’. നാലു കറ്റാലന്‍ വെടിയുണ്ടകള്‍ ഏറ്റുവാങ്ങിയ റയലിന്‍െറ നെഞ്ചിലേക്കുനോക്കി തങ്ങളുടെ നെടുന്തൂണായ ലോകതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് നേരെ അവര്‍ കൂവിയാര്‍ത്തു. ടീമിന്‍െറ മൊത്തത്തിലുള്ള തോല്‍വിക്ക് ക്രിസ്റ്റ്യാനോയെ മാത്രം കുറ്റപ്പെടുത്താനാകില്ല. എന്നാല്‍, ഇഞ്ചോടിഞ്ച് എന്ന വെല്ലുവിളിയില്‍ കിക്കോഫിന് മുമ്പുവരെ വാദമുയര്‍ത്തിയ തങ്ങളെ തലകുനിപ്പിച്ച ദയനീയപ്രകടനത്തില്‍ മുന്നില്‍നിന്നത് ക്രിസ്റ്റ്യാനോ തന്നെയാണെന്നത് ആരാധകര്‍ക്ക് പൊറുക്കാനാകാത്ത പാതകമായി.
ബാഴ്സ സമഗ്രാധിപത്യം പുലര്‍ത്തിയ മത്സരത്തില്‍ ലോകതാരത്തിന്‍െറ ബൂട്ടില്‍നിന്നും പ്രതിഭയുടെ നിഴലാട്ടമെങ്കിലുമുണ്ടായത് എണ്ണിയെടുക്കാവുന്ന സന്ദര്‍ഭങ്ങളില്‍മാത്രം. ക്രിസ്റ്റ്യാനോയെ പോലൊരു താരത്തില്‍നിന്നും എല്‍ ക്ളാസിക്കോ പോലൊരു വേദിയില്‍ ദു$സ്വപ്നത്തില്‍പോലും സങ്കല്‍പ്പിക്കാനാവാത്ത വീഴ്ചയാണുണ്ടായത്. കഴിഞ്ഞ മൂന്നു കളികളിലായി ക്രിസ്റ്റ്യാനോ സ്കോര്‍ ചെയ്തിട്ടില്ല. സീസണില്‍ ഇതുവരെ 13 ഗോളുകള്‍ അടിച്ചെങ്കിലും റയലിന്‍െറ ആരാധകരുടെ കണ്ണില്‍ കരടാകാന്‍ ഇത്രയും ധാരാളം.

എല്‍ ക്ളാസികോ മത്സരത്തിനിടെ നിരാശനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
 


മെസ്സി സ്റ്റാര്‍ട്ട് ചെയ്തിരുന്നെങ്കില്‍!
റയല്‍ ആരാധകര്‍ തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു കിക്കോഫിനുമുമ്പ്. ക്രിസ്റ്റ്യാനോ, ബെന്‍സേമ, ഗാരത് ബെയ്ല്‍, ജെയിംസ് റോഡ്രിഗസ് എന്നിവരടങ്ങിയ ആക്രമണനിര നല്‍കുന്ന സാധ്യതകള്‍ ഒരുവശത്തും മറുവശത്ത് ലയണല്‍ മെസ്സി പകരക്കാരുടെ ബെഞ്ചിലാണെന്ന ആനുകൂല്യവും അവരെ ജയം സ്വപ്നം കാണിച്ചു. എന്നാല്‍, 11ാം മിനിറ്റില്‍ ലൂയി സുവാരസിന്‍െറ തീഗോളത്തിനുമുന്നില്‍ റയല്‍ വലകുലുങ്ങിയപ്പോള്‍ മുതല്‍ അവരുടെ പ്രതീക്ഷകള്‍ കരിഞ്ഞുണങ്ങി. റയല്‍ മിഡ്ഫീല്‍ഡിലും പ്രതിരോധത്തിലുംവീണ വിള്ളല്‍ മുതലാക്കി സെര്‍ജി റോബര്‍ട്ടോ നല്‍കിയ പാസില്‍നിന്ന് പിറന്ന ഗോള്‍. ആ വിടവ് പിന്നീട് ശരിയാക്കാന്‍ റയല്‍ മെനക്കെടാതെ പോയതിന്‍െറ ഫലമായിരുന്നു നാലു ഗോളുകളുടെ തോല്‍വി.
ഓഫ്സൈഡ് കുരുക്കുപൊട്ടിച്ച് നെയ്മര്‍ നേടിയ 39ാം മിനിറ്റിലെ രണ്ടാം ഗോളിന് വഴിയൊരുക്കിയത് ഇനിയേസ്റ്റ. ലീഡ് വഴങ്ങി ഇടവേളക്ക് പിരിഞ്ഞ് തിരിച്ചത്തെിയപ്പോള്‍ റയലിന്‍െറ ഭാഗത്ത് ചില്ലറ ആവേശമൊക്കെ കണ്ടെങ്കിലും വിട്ടുകൊടുക്കാന്‍ ബാഴ്സ തയാറായില്ല. നിമിഷങ്ങള്‍ക്കകം നെയ്മറുടെ അസിസ്റ്റില്‍ തകര്‍പ്പനൊരു ഷോട്ടിലൂടെ വലകുലുക്കിയ ഇനിയേസ്റ്റ ഓള്‍റൗണ്ട് പ്രകടനത്തിന് പൂര്‍ണത നല്‍കി. പിന്നെയും നാലു മിനിറ്റു കഴിഞ്ഞാണ് മെസ്സി ഇറങ്ങിയത്. ഓട്ടപ്പന്തയത്തില്‍ അവസാനത്തായി പോയതുപോലെ റയല്‍, ബാഴ്സയുടെ വേഗതക്കൊപ്പമത്തൊന്‍ ബുദ്ധിമുട്ടിയപ്പോള്‍ 74ാം മിനിറ്റില്‍ സുവാരസിന്‍െറ ഇരട്ട പ്രഹരവും അവരുടെ വലയിലേക്ക് തുളഞ്ഞുകയറി. 84ാം മിനിറ്റില്‍ ഇസ്കോ ചുവപ്പുകാര്‍ഡ് കണ്ട് പുറത്താകുകകൂടി ചെയ്തപ്പോള്‍ വീഴ്ച പൂര്‍ണം. ബാഴ്സ ഗോളി ക്ളോഡിയോ ബ്രാവോയെക്കൊണ്ട് നാല് തകര്‍പ്പന്‍ സേവുകള്‍ ചെയ്യിച്ചതുമാത്രമാണ് റയലിന് ഉന്നയിക്കാവുന്ന നേട്ടം. റയല്‍ മഡ്രിഡ് തലകുനിച്ച രീതികണ്ട് ഇപ്പോഴുയരുന്ന അങ്ങാടിപ്പാട്ട് ഒന്നുമാത്രം, അപ്പോള്‍ മെസ്സിയെങ്ങാനും പ്ളെയിങ് ഇലവനില്‍ കളിക്കുകകൂടി ചെയ്തിരുന്നെങ്കില്‍ എന്താകുമായിരുന്നു സ്കോര്‍ ലൈന്‍.
 

റയലിനെതിരെ ഗോള്‍ നേടിയ ആന്ദ്രെ ഇനിയേസ്റ്റ ലയണല്‍ മെസ്സിക്കൊപ്പം ആഹ്ളാദം പങ്കിടുന്നു
 


‘എന്‍െറ പിഴ, വലിയ പിഴ’
തെറ്റായ ഇലവനെയാണ് താന്‍ തെരഞ്ഞെടുത്തതെന്ന് കുറ്റസമ്മതം നടത്തി തോല്‍വിയുടെ പഴി സ്വയമേറ്റെടുത്തു റയല്‍ കോച്ച് റാഫേല്‍ ബെനിറ്റസ്. ടീമിന് മുഴുവന്‍ നാണംകെട്ടതില്‍ ഉത്തരവാദിത്തമുണ്ടെന്ന് പറഞ്ഞതിനൊപ്പമാണ് കളിക്കാരുടെ തെരഞ്ഞെടുപ്പിനെയും അദ്ദേഹം വിമര്‍ശിച്ചത്. വരുത്തിയ പിഴവുകള്‍ക്കുള്ള ശിക്ഷയാണ് 4-0 എന്ന തോല്‍വിയില്‍ ഏറ്റുവാങ്ങിയതെന്നും ബെനിറ്റസ് കൂട്ടിച്ചേര്‍ത്തു. അതേസമയം, ക്രിസ്റ്റ്യാനോ, സെര്‍ജിയോ റാമോസ്, ജെയിംസ് റോഡ്രിഗസ് തുടങ്ങിയ താരങ്ങളുമായി കോച്ച് രമ്യതയിലല്ളെന്ന അഭ്യൂഹങ്ങളും വീണ്ടും തലപൊക്കിക്കഴിഞ്ഞു.


 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.