ഗവാസ്കര്‍, ഇതു നിങ്ങള്‍ക്കുള്ള മറുപടി

കല്‍പറ്റ: കൃഷ്ണഗിരിയുടെ കളിമുറ്റത്ത് തിരുവോണനാളില്‍ അക്ഷര്‍ രാജേഷ്ബായ് പട്ടേല്‍ എന്ന ഗുജറാത്തുകാരന്‍ കുറിച്ചിട്ടതൊരു മധുരപ്രതികാരമാണ്. കണക്കുതീര്‍ക്കലിന്‍െറ ഈ ക്രീസില്‍നിന്ന് അക്ഷര്‍ തൊടുത്തുവിടുന്ന ദൂസ്രകളും ടോപ്സ്പിന്നറുമൊക്കെ തുളഞ്ഞുകയറുന്നത് സുനില്‍ മനോഹര്‍ ഗവാസ്കര്‍ എന്ന മഹാരഥന്‍െറ നെഞ്ചിലേക്കുതന്നെ. ഇന്ത്യ തേടുന്ന സ്പിന്നറല്ല ഇവനെന്നും പന്തുതിരിക്കാത്ത താരം ടെസ്റ്റിനു പറ്റിയവനല്ളെന്നുമൊക്കെ 21 കാരനായ ഈ നവാഗതനെ ചൂണ്ടിക്കാട്ടി വിമര്‍ശങ്ങളുടെ കൂരമ്പുകളെയ്ത ലിറ്റില്‍ മാസ്റ്റര്‍ക്ക് മൂര്‍ച്ചയേറിയ മറുപടിയാണ് വയനാടന്‍ കുന്നിന്മുകളില്‍ ഈ ആനന്ദ് സ്വദേശി പന്തുകൊണ്ട് നല്‍കിയത്. ക്വിന്‍റണ്‍ ഡി കോക്കും വെയ്ന്‍ പാര്‍നലും ലൊന്‍വാബോ സോട്സോബയുമടങ്ങുന്ന നിലവാരമുള്ള ദക്ഷിണാഫ്രിക്കന്‍ എ ടീമിനെതിരെ പന്തുകൊണ്ടും ബാറ്റുകൊണ്ടും തിളങ്ങി അക്ഷര്‍ പരമ്പരയിലെ കേമനായത് തന്‍െറ ക്ളാസും ക്രാഫ്റ്റും വെളിപ്പെടുത്തിക്കൊണ്ടുതന്നെയായിരുന്നു. ഫൈ്ളറ്റും ടേണുമില്ലാത്ത അക്ഷറിന്‍െറ പന്തുകള്‍ ബാറ്റ്സ്മാന് എളുപ്പം കണക്കുകൂട്ടിയെടുക്കാന്‍ കഴിയുന്നതാണെന്ന് പരിഹാസം ചൊരിഞ്ഞ ഗവാസ്കര്‍പോലും ആറോവര്‍ എറിഞ്ഞ് ഒരു റണ്ണുപോലും വിട്ടുകൊടുക്കാതെ നാലു വിക്കറ്റ് കൊയ്ത അതിശയ ബൗളിങ്ങിനുമുന്നില്‍ അന്തംവിടുന്നുണ്ടാവും.



ഇന്ത്യ എക്കെതിരായ രണ്ടാം ടെസ്റ്റില്‍ സമനില നേടിയെടുക്കാമെന്ന ദക്ഷിണാഫ്രിക്കന്‍ പ്രതീക്ഷകളെ തകര്‍ത്തുതരിപ്പണമാക്കിയത് ആ മാജിക്കല്‍ സ്പെല്ലായിരുന്നു. ഇന്ത്യ തേടുന്ന സ്പിന്നറായി തന്‍െറ വിവാദ അഭിമുഖത്തില്‍ ഗവാസ്കര്‍ ചൂണ്ടിക്കാട്ടിയ കരണ്‍ ശര്‍മ പോലും അജാനുബാഹുവായ ഇടങ്കൈയന്‍ സ്പിന്നറുടെ നിഴലിലൊതുങ്ങിപ്പോയി. രണ്ടാം ടെസ്റ്റില്‍ രണ്ടു ഇന്നിങ്സുകളിലായി അക്ഷര്‍ ഒമ്പതു വിക്കറ്റെടുത്തപ്പോള്‍ കരണ്‍ നേടിയത് മൂന്നെണ്ണം മാത്രം. സമനിലയിലായ ആദ്യ ടെസ്റ്റില്‍ അക്ഷര്‍ അഞ്ചു വിക്കറ്റെടുത്തിരുന്നു. ഗവാസ്കറെപ്പോലൊരു വിഖ്യാതതാരം കണ്ണില്‍ ചോരയില്ലാത്തവിധം വിമര്‍ശിക്കുന്നത് അക്ഷറിനെപ്പോലൊരു നാട്ടിന്‍പുറത്തുകാരനെ മാനസികമായി തളര്‍ത്തേണ്ടതായിരുന്നു. എന്നാല്‍, ആ വിമര്‍ശങ്ങളെ അവന്‍ പോസിറ്റീവായെടുത്തു. ‘എല്ലാവര്‍ക്കും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ തന്നെയാകും ആഗ്രഹം. എനിക്ക് എന്‍േറതായ പരിമിതികളുണ്ടെന്ന് വ്യക്തമായ ബോധ്യമുണ്ട്. ശക്തിയും ദൗര്‍ബല്യവും എന്താണെന്ന് എനിക്കറിയാം. ടീം എന്നില്‍നിന്ന് ആവശ്യപ്പെടുന്ന പ്രകടനം പുറത്തെടുക്കുകയാണ് വേണ്ടത്. അതല്ളെങ്കില്‍ പുറത്താക്കപ്പെടുമെന്നും എനിക്കറിയാം’-ഗവാസ്കറിന് പരോക്ഷമായി അക്ഷര്‍ മറുപടി പറയുന്നു.



ബാറ്റ്സ്മാനാകാന്‍ കൊതിച്ച് ബൗളറായി മാറിയ കരിയറാണ് ഈ പഞ്ചാബ് കിങ്സ് ഇലവന്‍ താരത്തിന്‍േറത്. അണ്ടര്‍ 19 ടീമിന് കളിക്കുന്ന സമയത്ത് നാഷനല്‍ ക്രിക്കറ്റ് അക്കാദമിയിലെ കോച്ചുമാരാണ് അക്ഷറിന് മികച്ച സ്പിന്നറാകാന്‍ കഴിയുമെന്ന് ബോധ്യപ്പെടുത്തിക്കൊടുത്തത്. ബൗളിങ്ങിന്‍െറ മികവിനാല്‍ താന്‍ ഇന്ത്യന്‍ ടീമിലത്തെുമെന്ന് ഒരിക്കലും കരുതിയിരുന്നില്ളെന്ന് താരം പറഞ്ഞു. നാഷനല്‍ അക്കാദമിയില്‍ എം. വെങ്കട്ടരമണയും സുനില്‍ ജോഷിയുമാണ് കഴിവുകള്‍ തേച്ചുമിനുക്കാന്‍ സഹായിച്ചത്. 2012ല്‍ ഫസ്റ്റ്ക്ളാസ് ക്രിക്കറ്റില്‍ അരങ്ങേറിയ അക്ഷറിന് ആദ്യസീസണില്‍ ഒരുമത്സരത്തില്‍ മാത്രമാണ് കളത്തിലിറങ്ങാന്‍ കഴിഞ്ഞത്. 2013ല്‍ തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെച്ചതിനുപിന്നാലെ ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്‍െറ അണിയിലത്തെി. എന്നാല്‍, സീസണ്‍ മുഴുവന്‍ പകരക്കാരുടെ ബെഞ്ചിലിരിക്കാനായിരുന്നു വിധി. 2013ല്‍ ഐ.സി.സി എമര്‍ജിങ് ടീം കപ്പില്‍ ഇന്ത്യന്‍ അണ്ടര്‍ 23 ടീം ജേതാക്കളായപ്പോള്‍ അതിനുപിന്നിലെ നിര്‍ണായക സാന്നിധ്യമായി മികവുകാട്ടി. 2014 ഐ.പി.എല്ലില്‍ കിങ്സ് ഇലവന്‍ പഞ്ചാബിനുവേണ്ടി 16 വിക്കറ്റുകളെടുത്ത പ്രകടനമാണ് ഇന്ത്യന്‍ ഏകദിന ടീമിലേക്ക് വഴിതുറന്നത്.



ഏകപക്ഷീയ വിമര്‍ശംവഴി തന്‍െറ കഴിവിനെ ആളുകള്‍ സംശയിച്ച ഘട്ടത്തില്‍ പയറ്റിത്തെളിയാനും പകിട്ടുകാട്ടാനും അവസരം നല്‍കിയ കൃഷ്ണഗിരിയിലെ മണ്ണിനെ നെഞ്ചോടു ചേര്‍ത്തുവെക്കുകയാണ് അക്ഷര്‍. ഒപ്പം, അക്ഷറിനെ പിന്തുണക്കണമെന്നും മികവുകാട്ടാന്‍ തക്ക പ്രതിഭാശേഷി അവനുണ്ടെന്നും ഈ പ്രതിസന്ധിവേളയിലും ലോകത്തോടു വിളിച്ചുപറഞ്ഞ് വിഖ്യാത സ്പിന്നര്‍ അനില്‍ കുംബ്ളെ നല്‍കിയ ഊര്‍ജവും ഇന്ത്യയുടെ പുത്തന്‍ താരോദയം അത്രമേല്‍ വിലമതിക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.