എ.എഫ്.സി ഏഷ്യൻ കപ്പ് ഫുട്സാൽ ജേതാക്കളായ ജപ്പാൻ ടീം
എ.എഫ്.സി ഏഷ്യൻ കപ്പ് ഫുട്സാൽ ജപ്പാൻ ജേതാക്കൾ
കുവൈത്ത് സിറ്റി: എ.എഫ്.സി ഏഷ്യൻ കപ്പ് ഫുട്സാൽ ചാമ്പ്യൻഷിപ്പിൽ ഇറാന്റെ കുതിപ്പിന് തടയിട്ട് ജപ്പാന് കിരീടവിജയം. സാദ് അബ്ദുല്ല ഹാളിൽ നടന്ന ഫൈനലിൽ ഇറാനെതിരെ 3-2ന്റെ വിജയത്തോടെ ജപ്പാൻ നാലാം കിരീടനേട്ടം ആഘോഷിച്ചു. 2018ലെ ചാമ്പ്യൻഷിപ്പിൽ ഇറാനോട് തോറ്റതിന്റെ മധുര പ്രതികാരം കൂടിയായി ജപ്പാന്റെ പുതിയ കിരീടനേട്ടം. 12 തവണ ജേതാക്കളാകുകയും ചാമ്പ്യൻഷിപ്പിൽ തോൽവി അറിയാതെ കുതിക്കുകയും ചെയ്ത ഇറാന് അപ്രതീക്ഷിത തോൽവി ആഘാതമായി. ടൂർണമെന്റിൽ ഏറെ സാധ്യത കൽപിക്കപ്പെട്ട ടീമായിരുന്നു ഇറാൻ. ഗ്രൂപ് മത്സരത്തിൽ സൗദി അറേബ്യയോട് തോൽവിരുചിച്ച ജപ്പാന് ഇറാന് മുന്നിൽ പിടിച്ചുനിൽക്കാനാവില്ല എന്നായിരുന്നു വിലയിരുത്തൽ.
15ാം മിനിറ്റിൽ ആദ്യ ഗോൾ നേടി ഇറാൻ മുന്നിലെത്തി പ്രതീക്ഷ കാത്തെങ്കിലും അടുത്ത മിനിറ്റിൽതന്നെ ജപ്പാൻ തിരിച്ചടിച്ചു. 27ാം മിനിറ്റിൽ അടുത്ത ഗോളും നേടി ജപ്പാൻ ഇറാനെ ഞെട്ടിച്ചു. 40ാം മിനിറ്റിൽ ഇറാൻ സമനില നേടിയെടുത്തെങ്കിലും ഉടൻ ജപ്പാൻ വൈകാതെ ലീഡ് നേടി കിരീടം സ്വന്തമാക്കി. തായ്ലൻഡിനെ 8-2ന് തകർത്ത് ഉസ്ബകിസ്താൻ മൂന്നാം സ്ഥാനത്തെത്തി. 32 മത്സരങ്ങൾ നടന്ന ചാമ്പ്യൻഷിപ്പിൽ 193 ഗോളുകൾ പിറന്നു. 10 ഗോളുകൾ നേടിയ ഇറാന്റെ ഹുസൈൻ ത്വയ്യിബിയാണ് ടോപ് സ്കോറർ. ജപ്പാന്റെ കൊറമോട്ടോയാണ് മികച്ച ഗോൾകീപ്പർ. ഇറാന്റെ മുസ്ലിം ഒലദ്ഗോബാദ് ആണ് ടൂർണമെന്റിലെ താരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.