ന്യൂഡൽഹി: രാജ്യത്തെ സിന്തറ്റിക് ട്രാക്കുകളിൽ 90 ശതമാനവും ഗുണനിലവാരമില്ലാത്തവയാണെന്ന് അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ കണ്ടെത്തൽ. ഈ സാഹചര്യത്തിൽ ട്രാക്കുകളുടെ നിർമാണത്തിലും സർട്ടിഫിക്കേഷനിലും നേരിട്ട് ഇടപെടാൻ ഫെഡറേഷൻ തീരുമാനിച്ചു. എ.എഫ്.ഐ വക്താവ് ഡോ. ആദിൽ സുമരിവാല നടത്തിയ വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പോളിയുറീന്‍ പകരം ടയർ റബർ പോളിയുറീൻ ഉപയോഗിച്ചാണ് സിന്തറ്റിക് ട്രാക്ക് നിർമിക്കേണ്ടത്. എന്നാൽ, പലയിടങ്ങളിലും ഇതിന് പകരം വിലകുറഞ്ഞ ടയർ റബറാണ് ഉപയോഗിക്കുന്നതെന്ന് എ.എഫ്.ഐ കണ്ടെത്തി. റബറിന് മുകളിൽ ചുവന്ന പെയിന്റ് മാത്രം അടിക്കുന്നവരുമുണ്ട്.
ഇത് ട്രാക്കുകൾ ഏതാനും മാസങ്ങൾക്കുള്ളിൽ നശിക്കാൻ കാരണമാകും. ട്രാക്കിന്റെ കനം, സിന്തറ്റിക് തരികളുടെ വിന്യാസം, കൃത്യമായ അളവുകൾ എന്നിവയിൽ ഗുരുതരമായ വീഴ്ചകൾ സംഭവിക്കുന്നുണ്ട്. നിലവാരമില്ലാത്ത ട്രാക്കുകൾ പ്രകടനത്തെ ബാധിച്ചിട്ടുണ്ടെന്നും സുമരിവാല വ്യക്തമാക്കി. "ഞാൻ ആ ട്രാക്കുകളുടെ പേര് പറയുന്നില്ല. കഴിഞ്ഞ വർഷം ടോക്കിയോയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിനിടെ വേൾഡ് അത്ലറ്റിക്സുമായി ഞങ്ങൾ കൂടിക്കാഴ്ച നടത്തിയിരുന്നു. അവർ ഞങ്ങൾക്ക് ചില കണക്കുകൾ കാണിച്ചുതന്നു, അത് തികച്ചും ഞെട്ടിക്കുന്നതായിരുന്നു"-അദ്ദേഹം തുടർന്നു. ട്രാക്ക് പൊട്ടിപ്പൊളിയുന്നതും കുഴികൾ രൂപപ്പെടുന്നതും കായികതാരങ്ങൾക്ക് പരിക്കേൽക്കാൻ കാരണമാകുന്നുണ്ട്. ഉപരിതലം പരുക്കനാകുന്നത് ഓടുമ്പോൾ വീഴുന്നവർക്ക് ഗുരുതരമായ പരിക്കുകൾ ഉണ്ടാക്കിയേക്കാം. 10 വർഷം വരെ ഈടുനിൽക്കേണ്ട ട്രാക്കുകൾ മോശം നിർമാണം കാരണം രണ്ടു വർഷത്തിനുള്ളിൽതന്നെ ഉപയോഗശൂന്യമാകുന്നു.
സർട്ടിഫിക്കേഷൻ ഇനി നേരിട്ട് വേൾഡ് അത്ലറ്റിക്സിന്റെ നിർദേശപ്രകാരം ഇനിമുതൽ ഇന്ത്യയിലെ ട്രാക്കുകൾക്ക് എ.എഫ്.ഐ നേരിട്ട് സർട്ടിഫിക്കേഷൻ നൽകും. അന്താരാഷ്ട്ര നിലവാരം ഉറപ്പാക്കാൻ ആഗോളതലത്തിലുള്ള അംഗീകൃത കരാറുകാരെ നിശ്ചയിക്കാനും പരിശോധനകൾ കർശനമാക്കാനും തീരുമാനിച്ചിട്ടുണ്ട്. അംഗീകൃത ആഗോള കരാറുകാരുടെ പട്ടിക ഫെഡറേഷൻ ഉടൻ പുറത്തിറക്കും. ട്രാക്കുകൾ നിർമിക്കുന്നതിലും അളക്കുന്നതിലും ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം നൽകാനും ഫെഡറേഷൻ പദ്ധതിയിടുന്നു. അതേസമയം, അത്ലറ്റുകൾ സ്വകാര്യ സ്പോൺസർമാരുമായി കരാറിലേർപ്പെടുന്നതിന് മുമ്പ് എ.എഫ്.ഐയുടെ മുൻകൂർ അനുമതി വാങ്ങണമെന്ന നിർദേശം മൂന്ന് മാസത്തേക്ക് മരവിപ്പിച്ചു. കൂടുതൽ ചർച്ചകൾക്ക് ശേഷമേ ഇതിൽ അന്തിമ തീരുമാനമെടുക്കൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.