‘എന്നെങ്കിലും ഒരിക്കൽ ഇങ്ങനെ സംഭവിക്കുമെന്ന് ഞാൻ പേടിച്ചിരുന്നു, ആ പേടി സത്യമായിരിക്കുന്നു’; പിതാവിന്റെ വിയോഗം അറിഞ്ഞ രാഹുൽ പറഞ്ഞത് -കുറിപ്പ് വൈറൽ

രാജീവ് ഗാന്ധിയുടെ അപ്രതീക്ഷിതമായ വിയോഗവും അതിനോടുള്ള കുടുംബാംഗങ്ങളുടെ പ്രതികരണവും വിവരിച്ചുകൊണ്ടുള്ള സോഷ്യൽമീഡിയ കുറിപ്പ് വൈറൽ. രാജീവിന്റെ വിയോഗവാർത്ത അറിഞ്ഞ ഭാര്യ സോണിയ, മക്കളായ രാഹുൽ, പ്രിയങ്ക എന്നിവരുടെ പ്രതികരങ്ങളാണ് കുറിപ്പിൽ പറഞ്ഞിരിക്കുന്നത്. ‘എന്നെങ്കിലും ഒരിക്കൽ ഇങ്ങനെ സംഭവിക്കുമെന്ന് ഞാൻ പേടിച്ചിരുന്നു, ആ പേടി സത്യമായിരിക്കുന്നു’എന്നാണ് പിതാവിന്റെ വിയോഗ വാർത്ത അറിഞ്ഞ രാഹുൽ ഗാന്ധി പറഞ്ഞത്.

മാതാവും മുൻ പ്രധാനമന്ത്രിയുമായ ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതിനെത്തുടർന്ന് 1984ലാണ് രാജീവ് ഗാന്ധി പാർട്ടി നേതൃത്വം ഏറ്റെടുത്തത്. 1984 ഒക്ടോബറിൽ 40ാം വയസ്സിൽ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി. 1991 മെയ് 21ന് തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ സ്ഫോടനത്തിൽ മരിക്കുകയായിരുന്നു. സുധ​ മേനോന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം താഴെ.

ഇന്ത്യൻ ജനതയെ അഗാധവേദനയിൽ ആഴ്ത്തിയ ആ ഫോൺ കാൾ രാജീവ് ഗാന്ധിയുടെ സെക്രട്ടറിയായ വിൻസന്റ് ജോർജിനെ തേടിയെത്തിയത് രാത്രി 10.30 ന് ആയിരുന്നു- 1991 മെയ് 21 ന്. ഇന്റലിജൻസ് ബ്യുറോയിൽ നിന്നാണെന്നു സ്വയം പരിചയപെടുത്തിയ ആ മനുഷ്യനാണ്,ശ്രീപെരുംപുത്തൂരിൽ ചാവേർബോംബ് സ്‌ഫോടനമുണ്ടായി എന്ന് പതറിയ ശബ്ദത്തിൽ വിതുമ്പലോടെ ജോർജിനെ അറിയിച്ചത്. 'രാജീവ്ജിക്ക് എങ്ങനെയുണ്ട്' എന്ന് വെപ്രാളത്തോടെ ജോർജ് അന്വേഷിച്ചപ്പോൾ മറുവശത്തു പൂർണ്ണനിശബ്ദതയായിരുന്നു. ജോർജ്‌ ചോദ്യം ആവർത്തിച്ചപ്പോൾ ‘he is dead’ എന്ന് എങ്ങനെയോ പറഞ്ഞൊപ്പിച്ചുകൊണ്ട് മറുതലക്കൽ ഫോൺ കട്ടായി.

കേട്ട വാർത്തയുടെ ആഘാതം താങ്ങാൻ കഴിയാതെ ജോർജ് നിശ്ചലനായി നിന്നപ്പോഴേക്കും ആ വീട്ടിലെ ഫോണുകൾ ഒന്നൊന്നായി ശബ്ദിക്കാൻ തുടങ്ങിയിരുന്നു. മിനിറ്റുകൾക്കകം എം എൽ ഫോത്തേദാറും സതീഷ് ശർമയും എത്തി. ജനപഥിലെ പത്താം നമ്പർ വസതിയിൽ. ഏതാണ്ട് പാതിരാത്രിയോടെ അവർ ആ വീട്ടിലെ ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടിയെ വിളിച്ചുണർത്തി വിവരം പറഞ്ഞു. രാജീവിന്റെ മകളായ പ്രിയങ്കാ ഗാന്ധി എന്ന പത്തൊൻപതുകാരിയായ പെൺകുട്ടിയോട്!

ഒരു നിമിഷം കൊണ്ട് ചുറ്റുമുള്ള ലോകം മുഴുവൻ തകർന്നു പോകുന്നതായി അനുഭവപ്പെട്ടെങ്കിലും, ലോകത്ത് ഒരു പെൺകുട്ടിയും കേൾക്കാൻ ആഗ്രഹിക്കാത്ത ആ വാർത്തയോട്- തന്റെ ഹീറോ ആയ അച്ഛൻ അതിദാരുണമായി കൊല്ലപ്പെട്ട വാർത്തയോട്-പ്രിയങ്ക അസാധാരണ പക്വതയോടെയാണ് പ്രതികരിച്ചത്. ഏറെ പ്രയാസകരമായ ഒരു കടമ കൂടി അവർ ആ പെൺകുട്ടിയെ ഏൽപ്പിച്ചു. അമ്മയെ വിളിച്ചെഴുനേല്പിച്ച് അവരുടെ ജീവിതപങ്കാളി, അവരുടെ നിത്യപ്രണയം ഈ ലോകത്ത് ഇനിയില്ലെന്ന കഠിനസത്യം അറിയിക്കാൻ!


ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള ആ കാര്യം പ്രിയങ്ക സമചിത്തതയോടെ അമ്മയെ വിളിച്ചുണർത്തി അറിയിച്ചു. അതിശക്തമായ ഷോക്ക്‌ ഏറ്റതു പോലെ ആ വാർത്ത കേട്ട് സോണിയ പിടഞ്ഞത്, Javier Moro എഴുതിയ 'ദ റെഡ് സാരി' എന്ന സോണിയാ ഗാന്ധിയുടെ ജീവചരിത്രത്തിൽ ഹൃദയാവർജ്ജകമായി വിവരിക്കുന്നുണ്ട്. അമ്മ അതുപോലെ കരഞ്ഞത് പ്രിയങ്കയുടെ ഓർമയിൽ ഒരിക്കലും ഇല്ലായിരുന്നു. അവർ ശ്വാസം കിട്ടാതെ പിടഞ്ഞു. ആസ്ത്‌മക്കുള്ള മരുന്നും ഇൻഹേലറും അവരുടെ മുറിയിൽ നിന്നും കണ്ടെടുക്കാൻ ഓടിയ പ്രിയങ്ക തിരികെ വരുമ്പോൾ കണ്ടത് വായ തുറന്ന് കണ്ണുകൾ പുറത്തേക്കു തള്ളിയ നിലയിൽ കസേരയിൽ ഇരിക്കുന്ന അമ്മയെയാണ്. ഒരുവേള അമ്മ മരിച്ചു പോയെന്നു തന്നെ പ്രിയങ്ക കരുതി. ഒടുവിൽ ഇൻഹേലറിന്റെ സഹായത്തോടെ അമ്മയുടെ ശ്വാസം വീണ്ടെടുത്ത പ്രിയങ്ക പിന്നീട് ഹാർവാർഡിലെ വിദ്യാർത്ഥിയായ സഹോദരനെ വിളിക്കാൻ ശ്രമിച്ചു. ജീവിതത്തിൽ ഒരു മകനും കേൾക്കാൻ ആഗ്രഹിക്കാത്ത വാർത്ത ആ പെൺകുട്ടി സഹോദരനെ അറിയിച്ചു. എന്നെങ്കിലും ഒരിക്കൽ ഇങ്ങനെ സംഭവിക്കുമെന്ന് ഞാൻ പേടിച്ചിരുന്നു, ആ പേടി സത്യമായിരിക്കുന്നു എന്നാണ് പൊട്ടികരഞ്ഞു കൊണ്ട് രാഹുൽ അനിയത്തിയോട് പറഞ്ഞത്.

അതിന് ശേഷം,അന്നത്തെ ഇന്ത്യൻ പ്രസിഡന്റ് ആർ. വെങ്കട്ടരാമൻ ഏർപ്പാട് ചെയ്ത എയർഫോഴ്സ് വിമാനത്തിൽ സോണിയാഗാന്ധിയും പ്രിയങ്കയും ശ്രീപെരുംപുത്തൂരിലേക്ക് യാത്ര തിരിച്ചു. അവസാനമായി രാജീവ് ഗാന്ധിയെ ഒരു നോക്കു കാണാൻ. പക്ഷെ, പുലർച്ചെ 4. 30 നു മദ്രാസിൽ എത്തിയ അവർക്കു കാണാൻ ഒന്നും ബാക്കിയുണ്ടായിരുന്നില്ല, ഒന്നും.... ചിതറിത്തെറിച്ച ശരീരഭാഗങ്ങൾ അടക്കം ചെയ്ത ഒരു പെട്ടിയല്ലാതെ! രാജീവ് ജിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ ആയ പ്രദീപ് ഗുപ്തയുടെയും ശരീരഭാഗങ്ങൾ ഒരു പെട്ടിയിൽ അടക്കം ചെയ്തിരുന്നു. തിരികെ മടങ്ങുമ്പോൾ വിമാനത്തിൽ വെച്ച്, ഒരു കൈകൊണ്ടു കണ്ണീർ തുടക്കുകയും മറ്റേ കൈ കൊണ്ട് ഒരു മുല്ലപ്പൂ മാല ആ പെട്ടിയിൽ ചാർത്തുകയും ചെയ്തു, സോണിയാഗാന്ധി. അതുവരെ ആത്മസംയമനം പാലിച്ച പ്രിയങ്ക അപ്പോഴാണ് അച്ഛന്റെ ശരീരം അടക്കം ചെയ്ത പെട്ടിയിൽ കൈകൾ അമർത്തി ഹൃദയം തകർന്നു കരഞ്ഞത്. ഏറെ നേരം. അപ്പോൾ, തൊട്ടടുത്ത് അനാഥമായി കിടക്കുന്ന പ്രദീപ് ഗുപ്തയുടെ ശരീരം അടക്കം ചെയ്ത പെട്ടിയിൽ മാല ചാർത്തുകയായിരുന്നു സോണിയ.

ആ രാത്രിയുടെ ഓർമ്മകൾ ആ അമ്മയെയും മക്കളെയും ഒരിക്കലും വിട്ടുപോയില്ല. എന്നിട്ടും, 17 വർഷങ്ങൾക്കിപ്പുറം ഒരു ദിവസം- 2008, മാർച്ച് 19 ന്- പ്രിയങ്ക വെല്ലൂർ സെൻട്രൽ ജയിലിൽ എത്തി. അച്ഛന്റെ കൊലപാതകക്കേസിൽ ശിക്ഷിക്കപെട്ട് ജയിലിൽ കഴിയുന്ന നളിനി ശ്രീഹരനെ കാണാൻ! നളിനിയുടെ മുന്നിൽ അച്ഛനെ നഷ്ടപ്പെട്ട പഴയ കുട്ടിയായി അവർ വീണ്ടും വിതുമ്പി. പിന്നെ, നളിനിയോട് വെറുപ്പും ദേഷ്യവും ഇല്ലെന്ന് പറഞ്ഞു. അവരെ ചേർത്തണച്ചു.

അന്ത്യചുംബനം നൽകാൻ മുഖം പോലും ബാക്കിയാക്കാതെ ക്രൂരമായി ഭർത്താവിനെ കൊന്നു കളഞ്ഞ പ്രതികളോട്, അതിനും ഒൻപത് വർഷം മുൻപ്-1999ൽ-തന്നെ സോണിയാ ഗാന്ധി, ക്ഷമിച്ചിരുന്നു. അന്നത്തെ രാഷ്‌ട്രപതിയായ കെ. ആർ നാരായണന് എഴുതിയ കത്തിൽ അവർ നാലു പ്രതികളുടെയും വധശിക്ഷ റദ്ദാക്കാൻ അപേക്ഷിച്ചിരുന്നു. അകാലത്തിൽ അച്ഛൻ നഷ്‌ടമായ മക്കളുടെ വേദന അറിയാവുന്നത് കൊണ്ട്, നിഷ്ക്കളങ്കയായ മറ്റൊരു കുഞ്ഞിനെകൂടി(നളിനിയുടെയും മുരുകന്റെയും മകൾ) അനാഥയാക്കാൻ അവർ ആഗ്രഹിച്ചില്ല. കുറേക്കൂടി സമയമെടുത്താണെങ്കിലും രാഹുൽ ഗാന്ധിയും അച്ഛന്റെ കൊലപാതകികളോട് ക്ഷമിച്ചു.

നാരായണഗുരുവിന്റെ അനുകമ്പാദശകം ഒരിക്കലും വായിക്കാനിടയില്ലാത്ത ആ അമ്മയും മക്കളും 'അരുളൻപനുകമ്പ മൂന്നിനും പൊരുളൊന്നാണിതു ജീവതാരകം' എന്ന മഹാഗുരുവിന്റെ വചനം ഹൃദയസ്പർശിയായി സ്വന്തം ജീവിതത്തിൽ പകർത്തി. അതുവഴി ആ അച്ഛന്റെ ഓർമ്മകളെ കൂടുതൽ തിളക്കമുള്ളതാക്കി. അതുകൊണ്ടുതന്നെ, 'വെറുപ്പിന്റെ കമ്പോളത്തിലെ സ്നേഹത്തിന്റെ പീടിക' ഒരിക്കലും രാഹുലിന്റെ വെറും വാക്കായിരുന്നില്ല. അവർക്കത് ജീവിതം തന്നെയാണ്. നിർഭാഗ്യവശാൽ, എല്ലാവരെയും സ്നേഹത്തോടെ ചേർത്ത് പിടിക്കുന്നവൻ പപ്പുവും, വെറുപ്പും വിദ്വേഷവും മാത്രം വിതറുന്നവർ വിശ്വഗുരുവും ആകുന്ന കാലമാണിത്.

ഒരിക്കൽ യുദ്ധാന്തര ശ്രീലങ്കയിൽ പര്യടനം നടത്തിയ അവസരത്തിൽ, വംശീയയുദ്ധത്തിൽ എല്ലാം നഷ്ടപ്പെട്ട തമിഴ് സ്ത്രീകളും സിംഹളസ്ത്രീകളും ഒരുമിച്ചിരുന്ന് കൊണ്ട് പരസ്പരം മുറിവുകൾ ഉണക്കുന്നത് നോക്കി നിന്നപ്പോൾ എന്റെ മനസിലേക്ക് കടന്നുവന്നത്, സഹാനുഭൂതിയും കരുണയും നമ്മുടെ രാഷ്ട്രീയത്തെ നിർവചിക്കുന്ന മൂല്യങ്ങൾ ആയി മാറിയിരുന്നുവെങ്കിൽ എന്ന ചിന്തയാണ്. അപ്പോഴും നളിനിയെ ചേർത്തു പിടിച്ച ഈ മൂന്ന് മനുഷ്യരെ ഓർത്ത് എന്റെ കണ്ണിൽ നനവൂറി.. ഇപ്പോഴും കണ്ണ് നനയുന്നു..

രാജീവ് ജി യുടെ ഓർമകൾക്ക് മുന്നിൽ പ്രണാമം.

Tags:    
News Summary - What Rahul said after hearing about his father's death - the note went viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.