വൈഷ്ണയുടേത് കേരള മോഡൽ വോട്ട്ചോരിക്കെതിരെ ജനാധിപത്യത്തിന്റെ ആദ്യ വിജയം -വി.ടി. ബൽറാം

തിരുവനന്തപുരം: സി.പി.എം പ്രവർത്തകന്റെ പരാതിയെ തുടർന്ന് വോട്ടർ പട്ടികയിൽ നിന്ന് പേര് വെട്ടിയ തിരുവനന്തപുരം കോർപറേഷൻ മുട്ടട വാർഡിലെ യു.ഡി.എഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിന് നിയമയുദ്ധത്തിലൂടെ വോട്ടവകാശം പുനസ്ഥാപിച്ചതിനെ അഭിനന്ദിച്ച് കോൺഗ്രസ് നേതാവ് വി.ടി. ബൽറാം. വൈഷ്ണയുടെ വോട്ടുവെട്ടിയത് കേരള മോഡൽ വോട്ട് ചോരിയാണെന്നും അദ്ദേഹം ആരോപിച്ചു. ‘കേരള മോഡൽ വോട്ട്ചോരിക്കെതിരെ ജനാധിപത്യത്തിൻ്റെ ആദ്യ വിജയം. അഭിനന്ദനങ്ങൾ, ആശംസകൾ വൈഷ്ണ’ -ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.

വൈഷ്ണയുടെ പേര് നീക്കിയ കോർപറേഷൻ ഇലക്ടറർ രജിസ്ട്രേഷൻ ഓഫിസറെ സംസ്ഥാന തെരഞ്ഞടുപ്പ് കമീഷൻ രൂക്ഷമായി വിമർശിച്ചിരുന്നു. വൈഷ്ണ ഹാജരാക്കിയ താമസം സംബന്ധിച്ച രേഖകൾ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർ പരിഗണിച്ചില്ലെന്നും വോട്ട് നീക്കിയ നടപടിക്ക് നീതീകരണമില്ലെന്നും കമീഷൻ വ്യക്തമാക്കി.

വൈഷ്ണക്കെതിരെ സി.പി.എം മുട്ടട ബ്രാഞ്ച് കമ്മിറ്റിയംഗം ധനേഷ് കുമാറാണ് പരാതി നൽകിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ മാത്രം വൈഷ്ണയുടെ എതിർവാദം കേൾക്കാതെ വോട്ടർപട്ടികയിൽനിന്ന് പേര് നീക്കിയ നടപടി നിയമപരമായി നിലനിൽക്കില്ലെന്ന് കമീഷണർ എ. ഷാജഹാൻ ഉത്തരവിൽ പറഞ്ഞു. ഒരു പ്രത്യേക പ്രദേശത്തെ സാധാരണ താമസക്കാരാണെങ്കിൽ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അർഹരാണെന്ന് നിഷ്കർഷിച്ച് കമീഷൻ ഇലക്ടറർ രജിസ്ട്രേഷൻ ഓഫിസർമാർക്ക് മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്.

തദ്ദേശസ്ഥാപനം നൽകുന്ന വീട്ടുനമ്പറോ ഉടമസ്ഥാവകാശമോ വാടകകരാറോ ഒന്നും ഇതിൽ ആവശ്യമായ രേഖകളല്ല. എന്നാൽ ഇതിന്‍റെ അന്തസത്ത ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർ ഉത്തരവ് പുറപ്പെടുവിച്ചപ്പോൾ ഉൾക്കൊണ്ടില്ല. വൈഷ്ണ ഹാജരാക്കിയ രേഖകൾ പരിഗണിക്കാതെയും ചട്ടപ്രകാരമുള്ള നടപടിക്രമങ്ങൾ പാലിക്കാതെയും അന്തിമ വോട്ടർപട്ടികയിൽനിന്ന് ഏകപക്ഷീയമായി പേര് നീക്കുകയായിരുന്നുവെന്നും ഉത്തരവിൽ പറയുന്നു.

കോർപറേഷൻ മുട്ടട വാർഡ് ഭാഗം നമ്പർ അഞ്ചിലെ വോട്ടർപട്ടികയിലാണ് വൈഷ്ണയുടെ പേര് പുനഃസ്ഥാപിച്ചത്. ഇക്കാര്യത്തിൽ സന്തോഷമെന്നും സത്യം ജയിക്കുമെന്നും വൈഷ്ണ സുരേഷ് പ്രതികരിച്ചു.

‘പേര് പുനഃസ്ഥാപിച്ച് കിട്ടുന്നത് സംബന്ധിച്ച് എല്ലാ കാര്യങ്ങളും ഹൈകോടതിക്ക് മുമ്പിൽ ബോധിപ്പിച്ചിരുന്നു. പാർട്ടി ജയിക്കുക എന്നതാണ് പ്രധാനം. മറ്റൊരു സ്ഥാനാർഥിയെ നിർത്തിയാലോ എന്ന് താൻ ആലോചിച്ചിരുന്നു. നിയമത്തിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനിലും ഉറച്ച വിശ്വാസമുണ്ടായിരുന്നു. വോട്ടർപട്ടിക വിവാദത്തിലൂടെ ചെറിയ വാർഡായ മുട്ടടയെ സംസ്ഥാന ശ്രദ്ധയിൽ എത്തിച്ചതായി പലരും പറഞ്ഞു’ -വൈഷ്ണ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - Vyshna suresh: first victory of democracy against Kerala model vote chori - V.T. Balram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.