‘അച്ഛാ നമ്മൾ ജയിച്ചൂട്ടോ..’ -ആര്യാടന്റെ വിജയത്തിന് പിന്നാലെ വി.വി. പ്രകാശിന്റെ മകൾ

നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയം ഉറപ്പിച്ചതിന് പിന്നാലെ അച്ഛന്റെ ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് അന്തരിച്ച കോൺഗ്രസ് നേതാവും മലപ്പുറം ഡി.സി.സി മുൻ പ്രസിഡന്‍റുമായ വി.വി. പ്രകാശിന്‍റെ മകൾ നന്ദന പ്രകാശ്. ‘അച്ഛാ നമ്മൾ ജയിച്ചൂട്ടോ.... ❤️ അന്നും ഇന്നും എന്നും പാർട്ടിക്കൊപ്പം 💪’ എന്നാണ് നന്ദന കുറിച്ചത്.

നേര​ത്തെ, വോട്ടെടുപ്പ് ദിവസം പ്രകാശിന്റെ കുടുംബം വോട്ട് ചെയ്യാൻ വൈകിയതിനെ സി.പി.എം നേതാക്കളും സൈബർ ഹാൻഡിലുകളും ചേർന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രചരിപ്പിച്ചിരുന്നു. കുടുംബം വോട്ടു ചെയ്യില്ലെന്നും എല്ലാം ദൈവത്തോട് കരഞ്ഞ് പറയാൻ കൊട്ടിയൂരിലാണുള്ളതെന്നുമായിരുന്നു സി.പി.എം മുൻ എം.എൽ.എ കെ.കെ. ലതിക അടക്കമുള്ളവർ പ്രചരിപ്പിച്ചത്. എന്നാൽ, അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് പ്രകാശിന്‍റെ ഭാര്യ സ്മിതയും മകൾ നന്ദനയും എടക്കര ജി.എച്ച്.എസ്.എസിലെ പോളിങ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയിരുന്നു.

തുടർന്ന്, മരണം വരെ കോൺ​ഗ്രസിനൊപ്പം ഉണ്ടാകുമെന്ന് സ്മിത മാധ്യമങ്ങളോട് വ്യക്തമാക്കുകയും ചെയ്തിരുന്നു. ‘യു.ഡി.എഫ് ജയിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. യു.ഡി.എഫ് സ്ഥാനാർഥി വീട്ടിൽ എത്താത്തതിൽ പരാതിയില്ല. യു.ഡി.എഫിനൊപ്പം ഞങ്ങൾ നിൽക്കുമെന്നത് അവരുടെ വിശ്വാസമാണ്. ആ വിശ്വാസം എന്നും തെളിയിച്ചിരിക്കും’ -എന്നായിരുന്നു അവരുടെ പ്രതികരണം.

വോട്ട് ബഹിഷ്കരിക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് നന്ദനയും വ്യക്തമാക്കിയിരുന്നു. ‘എത്തിച്ചേരാനുള്ള തടസം കൊണ്ടാണ് വൈകിയത്. വിവാദങ്ങളെ കുറിച്ച് ഒന്നു പറയാനില്ല. എന്തിന് അത്തരത്തിൽ പറയുന്നുവെന്ന് വിവാദം ഉണ്ടാക്കിയവരോട് ചോദിക്കണം. ഏറെ വൈകാരിക ദിനമാണ് ഇന്ന്. കഴിഞ്ഞ തെരഞ്ഞെടുപ്പിന്‍റെ ഫലം വരുന്നതിന് മൂന്നു ദിവസം മുമ്പാണ് അച്ഛൻ മരണപ്പെട്ടത്. തെരഞ്ഞെടുപ്പ് എന്ന് പറയുമ്പോൾ ആ ഓർമയാണുള്ളത്’ -നന്ദന കൂട്ടിച്ചേർത്തു.

യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് വി.വി. പ്രകാശിന്റെ വീട് സന്ദര്‍ശിക്കാത്തത് നേരത്തെ വിവാദമായിരുന്നു. എന്നാല്‍, ഷൗക്കത്ത് എന്തിനാണ് പ്രകാശിന്റെ വീട് സന്ദര്‍ശിക്കുന്നതെന്നായിരുന്നു പ്രതിപക്ഷ നേതാവ് സതീശന്‍ ചോദിച്ചത്. നിശബ്ദ പ്രചാരണ ദിവസം എൽ.ഡി.എഫ് സ്ഥാനാര്‍ഥി എം. സ്വരാജ് പ്രകാശിന്റെ വീട്ടിൽ എത്തിയിരുന്നു. തന്റെ സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ലെന്നും സൗഹൃദം പുതുക്കാനായി പോയതെന്നുമായിരുന്നു സ്വരാജ് പ്രതികരിച്ചത്. സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി. അന്‍വറും പ്രകാശിന്റെ വീട് സന്ദർശിച്ചിരുന്നു. നിലമ്പൂരിലെ സ്ഥാനാർഥി ചർച്ച പുരോഗമിക്കവെ വി.വി. പ്രകാശിന്‍റെ മകൾ നന്ദന ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് വലിയ വാർത്തകൾക്ക് നേരത്തെ വഴിവെച്ചിരുന്നു. ‘അച്ഛന്റെ ഓര്‍മകള്‍ ഓരോ നിലമ്പൂരുകാരുടെയും മനസില്‍ എരിയുന്നു’ എന്നാണ് നന്ദന ഫേസ്ബുക്കിൽ കുറിച്ചത്. എന്നാല്‍, ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടല്ല മകള്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതെന്നാണ് പ്രകാശിന്റെ ഭാര്യ സ്മിത അന്ന് പ്രതികരിച്ചത്.

Full View

Tags:    
News Summary - vv prakash daughter nandana prakash about aryadan shoukath victory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.