ജിന്റോ ജോൺ, ബ്രസീലിയൻ മോഡൽ ലാരിസ
കൊച്ചി: അശരീരികൾക്കും അദൃശ്യർക്കും വരെ വോട്ടുണ്ടാക്കി കൊടുക്കുന്ന ആർ.എസ്.എസ് കള്ളവോട്ട് ചേർത്തു കൊണ്ടുള്ള അഖണ്ഡ ഭാരത നിർമാണത്തിലാണെന്നും ഇതിന്റെ പ്രധാന കാര്യ കർത്താക്കൾ ബ്രസീലിയൻ ജനത പാർട്ടിയാണെന്നും (ബി.ജെ.പി) യൂത്ത് കോൺഗ്രസ് നേതാവ് ഡോ.ജിന്റോ ജോണിന്റെ പരിഹാസം.
ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വോട്ടുകൊള്ള ആരോപണത്തിൽ പരാമർശിച്ച ബ്രസീലിയൻ മോഡലിന്റെ പ്രതികരണ വാർത്ത സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചാണ് ബി.ജെ.പിയെ കടുത്ത ഭാഷയിൽ പരിഹസിച്ചത്.
'ഇതെന്ത് ഭ്രാന്താണ്. ഏത് ലോകത്താണ് നമ്മള്‍ ജീവിക്കുന്നത്, തട്ടിപ്പിനെക്കുറിച്ച് വിശ്വസിക്കാനാകുന്നില്ല. എല്ലാവരും ഇത് കണ്ട് ചിരിക്കുകയാണ്. എന്‍റെ പഴയ ഫോട്ടോയാണ് തട്ടിപ്പിനായി ഉപയോഗിച്ചത്'-എന്ന ബ്രസീലിയൻ മോഡൽ ലാരിസയുടെ പ്രതികരണ വാർത്ത പങ്കുവെച്ചായിരുന്നു ജിന്റോ ജോണിന്റെ വിമർശനം.
"ഈ ഭ്രാന്തിന്റെ പേരാണ് കള്ളവോട്ട് ചേർത്തു കൊണ്ടുള്ള അഖണ്ഡ ഭാരത നിർമ്മാണം. ഇതിന്റെ പ്രധാന കാര്യ കർത്താക്കൾ ബ്രസീലിയൻ ജനത പാർട്ടിയാണ്(ബി.ജെ.പി). അശരീരികൾക്കും അദൃശ്യർക്കും വരെ വോട്ടുണ്ടാക്കി കൊടുക്കുന്ന ആർ.എസ്.എസ് ആണിതിന്റെ പുറകിലെ രാജ്യസ്നേഹികൾ. അതിനായി അവർ ഒട്ടകപ്പുറത്ത് വരെ വോട്ട് കൊണ്ടുവരും. അതും അങ്ങ് കാശ്മീരിൽ നിന്ന് വരെ. ഇത്തരം കലാപരിപാടി നടത്താൻ കള്ളവോട്ട് ഉണ്ടാക്കുമ്പോൾ അവരുപയോഗിക്കുന്ന പേരാണ് അതിലും രസം... സത്യവതി ദേവി! വേണ്ടിവന്നാൽ അവർ സരസ്വതിയെന്നും ഗംഗയെന്നും പേരിടും!!
രാജ്യദ്രോഹ കള്ളം ചെയ്യുമ്പോഴും അവർ ദേവീ നാമങ്ങൾ ഉപയോഗിക്കാൻ മടിക്കാറില്ല!!! ഇങ്ങനെയൊക്കെയാണ് ടെലിപ്രോംപ്റ്റർ മോദിജീ വിശ്വഗുരു ആകുന്നതും. ഇതൊക്കെയാണ് ഇപ്പോൾ ഇന്ത്യയിലെ പ്രധാന രാജ്യ സേവനവും ദേശ സ്നേഹവും. മനസ്സിലായോ..."-എന്ന് ജിന്റോ ഫേസ്ബുക്കിൽ കുറിച്ചു.
കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനേറ്റാണ് ബ്രസീലിയൻ മോഡലിന്‍റെ പ്രതികരണമടങ്ങിയ വീഡിയോ സന്ദേശം എക്സിൽ പങ്കുവെച്ചത്. ഹരിയാനയിൽ സ്വീറ്റിയെന്നടക്കമുള്ള പല പേരുകളിലായി പത്തു ബൂത്തുകളിലായി 22 വോട്ട് ചെയ്തതെന്ന ആരോപണമാണ് രാഹുൽ ഗാന്ധി ഉയര്‍ത്തിയിരുന്നത്. ഈ 22 പേരുടെയും പേരുകള്‍ക്കൊപ്പം വോട്ടര്‍ പട്ടികയിൽ ബ്രസീലിയൻ മോഡലിന്‍റെ ചിത്രമാണുണ്ടായിരുന്നത്. തട്ടിപ്പിനെക്കുറിച്ച് വിശ്വസിക്കാനാകുന്നില്ലെന്നും എല്ലാവരും ഇത് കണ്ട് ചിരിക്കുകയാണെന്നുമാണ് വീഡിയോയിൽ ലാരിസ പറയുന്നത്. തന്‍റെ പഴയ ഫോട്ടോയാണതെന്നും തന്നെ തട്ടിപ്പിനായി ഉപയോഗിച്ചെന്നും ലാരിസ്സ പറയുന്നു. ഇന്‍സ്റ്റഗ്രാമിലടക്കം ലക്ഷകണക്കിനുപേര്‍ ഫോളോവേഴ്സുള്ള ബ്രസിലീയൻ മോഡലാണ് ലാരിസ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.