അസുഖത്തെ തുടർന്ന് തന്‍റെ പ്രിയപ്പെട്ട വളർത്തുനായ പ്ലൂട്ടോയെ നഷ്ടപ്പെട്ടപ്പോൾ ഇനിയൊരിക്കലും മറ്റൊരു വളർത്തുമൃഗത്തോടും സ്നേഹം കാണിക്കില്ലെന്ന് തീരുമാനിച്ചതാണ് വഡോദര സ്വദേശിയായ ഗരീമ മാൽവാക്കർ എന്ന പെൺകുട്ടി. എന്നാൽ പ്ലൂട്ടോയുടെ ഓർമകളിൽ ജീവിക്കാനുള്ള ആഗ്രഹം അവളെ കൊണ്ടെത്തിച്ചത് സയാജിബാങ് മൃഗശാലയിലാണ്. പ്ലൂട്ടോയുടെ ഓർമക്കായി മൃഗശാലയിലെ അന്തേവാസിയായ പുള്ളിപ്പുലിയെ ദത്തെടുത്തിരിക്കുകയാണ് ഗരിമ.
പ്ലൂട്ടോയുടെ ഓർമ്മയ്ക്കായി എന്തെങ്കിലും പ്രത്യേകമായി ചെയ്യാൻ താൻ ആഗ്രഹിച്ചു എന്നും അതുകൊണ്ട് അവന്റെ ജന്മദിനത്തിൽ ഒരു മൃഗത്തെ ദത്തെടുക്കാൻ തീരുമാനിക്കുകയായിരുന്നെന്നും ഗരിമ പറയുന്നു. തുടർന്ന് സയാജിബാങ് മൃഗശാലയിൽ ദത്തെടുക്കലിനെക്കുറിച്ച് അന്വേഷിക്കുകയും പുള്ളിപുലിയെ ദത്തെടുക്കുകയുമായിരുന്നു. കൂടാതെ നിരവധി പേർ പക്ഷികളെയും മറ്റും ദത്തെടുക്കുന്നുണ്ടെന്നും എന്നാൽ വന്യമൃഗങ്ങളെ ദത്തെടുക്കാൻ ആരും തയാറാവുന്നില്ല എന്നും പെൺകുട്ടി പറഞ്ഞു.
ഇത്തരത്തിലുള്ള ദത്തെടുക്കലുകൾ വന്യമൃഗങ്ങളെക്കുറിച്ചും പക്ഷികളെക്കുറിച്ചും ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന് കാരണമാകും എന്ന് മൃഗശാല സൂപ്രണ്ട് പ്രത്യുഷ് പട്നകർ ചൂണ്ടിക്കാട്ടി. നിലവിൽ തങ്ങൾക്ക് പക്ഷികളെയും മൃഗങ്ങളെയും ദത്തെടുത്ത 16പേരുണ്ടെന്നും ദത്തെടുക്കുന്നവർക്ക് അനുമോദനപത്രം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.