വിശപ്പും അതിന്‍റെ വിലയും അവൻ മനസ്സിലാക്കട്ടെ -മകന്‍റെ ആദ്യ നോമ്പനുഭവം പങ്കുവെച്ച് നിർമൽ പാലാഴി
കോഴിക്കോട്: ആദ്യ റമദാൻ വ്രതം നോറ്റ് ബാങ്ക് വിളിക്കുവേണ്ടി കാത്തിരിക്കുന്ന മകന്‍റെ ചിത്രം പങ്കുവെച്ച് നടൻ നിർമൽ പാലാഴിയുടെ ഫേസ്ബുക്ക് പോസ്റ്റ്. മകൻ ഉണ്ണിക്കുട്ടന്‍റെ ആദ്യ നോമ്പനുഭവമാണ് നിർമൽ പങ്കുവെച്ചിരിക്കുന്നത്. സുഹൃത്തുക്കൾ നോമ്പ് എടുക്കുന്നത് കണ്ടിട്ടാണ് മകന് നോമ്പ് എടുക്കാൻ ആഗ്രഹം തോന്നിയതെന്നും രാവിലെ കുഴപ്പമില്ലായിരുന്നെങ്കിലും ഉച്ചയായപ്പോൾ മുഖം വാടിയെന്നും പോസ്റ്റിലുണ്ട്.
നിനക്ക് കഴിയുകയില്ല, എന്തെങ്കിലും കഴിക്കെന്ന് നിർബന്ധിച്ചെങ്കിലും എല്ലാവരെയും ഞെട്ടിച്ച് മകൻ നോമ്പ് പൂർത്തിയാക്കിയതിൽ സന്തോഷമുണ്ടെന്ന് നിർമൽ കുറിക്കുന്നു. വിശപ്പ് എന്തെന്നും അതിന്‍റെ വിലയും അവനും മനസ്സിലാക്കട്ടെ എന്ന് പറഞ്ഞാണ് നിർമൽ പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.
നിർമൽ പാലാഴിയുടെ പോസ്റ്റിന്റെ പൂർണരൂപം-
ബാങ്ക് വിളിക്ക് വേണ്ടി കാത്തു നിൽക്കുന്ന ഉണ്ണിക്കുട്ടൻ. ആദ്യമായി എടുത്ത നോമ്പ് ആണ്. സുഹൃത്തുക്കൾ എടുക്കുന്നത് കണ്ടപ്പോൾ മൂപ്പർക്കും ഒരാഗ്രഹം. പുലർച്ചെ എഴുന്നേറ്റ് അത്താഴം കഴിച്ചു. പത്ത് മണി ആയപ്പോൾ ഞങ്ങളുടെ മുന്നിലൂടെ അഹങ്കാരത്തോടെ നടപ്പ്-ഇതാണോ വല്യ കാര്യം, എനിക്ക് ഒരു കുഴപ്പവുമില്ല എന്ന് പറഞ്ഞുകൊണ്ട്. ഉച്ചയായപ്പോൾ മുഖം വാടി. ഞങ്ങൾ ആവുന്നതും പറഞ്ഞു-ടാ... ഇത് നിനക്ക് നടക്കൂല്ല, എന്തേലും കഴിക്കാൻ നോക്ക്. പക്ഷേ, ഞങ്ങളെ എല്ലാവരെയും ഞെട്ടിച്ചു മൂപ്പര് നോമ്പ് മുറിക്കുവാൻ കാത്ത് ഇരിക്കുകയാണ്. സന്തോഷം. വിശപ്പ് എന്തെന്നും അതിന്‍റെ വിലയും അവനും മനസ്സിലാക്കട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.