കാലാവസ്ഥാ പ്രതിഷേധം യുക്രെയ്നിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളായി; വ്യാജ വാർത്തകൾക്കു പിന്നിലെ സത്യകഥ

ന്യൂഡൽഹി: വാർത്തകളിലെ നേരും നുണയും വേർതിരിച്ചെടുക്കുന്നത് പലപ്പോഴും പ്രയാസകരമാണ്. ജീവിച്ചിരിക്കുന്നവരെ മരിപ്പിക്കുകയും മരിച്ചവരെ ജീവിപ്പിക്കുകയും ചെയ്യുന്ന വിവിധ തരത്തിലുള്ള വ്യാജ വാർത്തകൾ ദിനം പ്രതി വായനക്കാർക്കിടയിലൂടെ കടന്നുപോകുന്നുണ്ട്. കലാപങ്ങൾ, പ്രകൃതി ദുരന്തങ്ങൾ, രാഷ്ട്രീയ പോരുകൾ തുടങ്ങിയ സാഹചര്യങ്ങളിലാണ് ചില വിരുതന്മാർ വ്യാജ വാർത്തകൾ കൂടുതലായും പടച്ചുവിടുന്നത്.

ഇത്തരത്തിൽ ഈയടുത്ത കാലത്ത് സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായ വാർത്തയാണ് റഷ്യൻ അധിനിവേശത്തിൽ കൊല്ലപ്പെട്ട യുക്രെയ്ൻ പൗരന്മാരുടെ നിരയായി വച്ചിരിക്കുന്ന മൃതദേഹങ്ങൾ!

പക്ഷേ ലൈവായി പോകുന്ന വാർത്തക്കിടയിൽ പ്ലാസ്റ്റിക് ബാഗുകളിൽ സൂക്ഷിച്ച മൃതദേഹങ്ങളിലൊന്നിന് 'ജീവൻ' വന്നതോടെയാണ് വാർത്തയിലെ കള്ളം പുറത്തായത്.

യുക്രെയ്നിൽ നിന്നും 24 ന്യൂസിനെ ലോഗോ വെച്ചു കൊണ്ടും ഈ വാർത്ത വ്യാപകമായി പ്രചരിച്ചിരുന്നു. യുദ്ധം കാരണം യുക്രെയ്നിലെ ഇന്ത്യൻ വിദ്യാർഥികൾ നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് മാസ്ക് ധാരിയായ റിപ്പോർട്ടർ ഹിന്ദിയിൽ സംസാരിക്കുന്നത് കേൾക്കാം.


അദ്ദേഹത്തിന്‍റെ പിറകിലായി 'കൊല്ലപ്പെട്ടവരുടെ' ദൃശ്യങ്ങൾ ചിത്രീകരിക്കുന്ന കാമറമാനേയും കാണാം. ഇതിനിടയിൽ ബാഗുകളിലൊന്ന് ചലിക്കാൻ തുടങ്ങുകയും, കൊല്ലപ്പെട്ടയാൾ ബാഗിന് പുറത്തേക്ക് തലയിടുന്നതും. കാമറമാൻ അയാളുടെ അടുത്തെത്തി അനങ്ങാതെ കിടക്കണമെന്ന് നിർദേശിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

സംഭവം വൈറായതോടെ നിരവധി പേരാണ് ഈ വാർത്തയെ വിമർശിച്ചു കൊണ്ട് രംഗത്തെത്തിയത്. എന്നാൽ വാർത്തയുടെ പിന്നിലെ സത്യമെന്താണെന്ന് നടത്തിയ അന്വേഷണത്തിലാണ് വിയന്നയിലെ കാലാവസ്ഥാ നയത്തിനെതിരായ പ്രതിഷേധ പരിപാടിയുടെ വാർത്തയാണിതെന്ന് കണ്ടെത്തിയത്. മാർവിൻ ബെർഗർ എന്ന മാധ്യമ പ്രവർത്തകനാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.


ഓസ്ട്രിയൻ വീഡിയോയുടെ ഫ്രെയിം മാറ്റുകയും വൈറൽ ക്ലിപ്പിൽ ന്യൂസ് 24 ലോഗോയും ഹിന്ദി ഓഡിയോയും ചേർത്ത് വിരുതന്മാർ വാർത്ത പുറത്തിറക്കി. ക്ലിപ്പിലെ ഹിന്ദി ഓഡിയോ യു​ക്രെയ്നിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വിദ്യാർഥികളെക്കുറിച്ചുള്ള സമീപകാല ഇന്ത്യൻ വാർത്തകളിൽ ഏതെങ്കിലും ഒന്നിൽ നിന്ന് എടുത്തതാകാമെന്നാണ് നിഗമനം.

Full View

ഇതേ വീഡിയോ കോവിഡ് മഹാമാരിയുടെ കാലത്തും വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു.

Tags:    
News Summary - video-of-climate-protest-in-austria-viral-as-fake-casualties-in-ukraine-crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.