കോഴിക്കോട്: മുഖ്യമന്ത്രി 20 അഭിമുഖങ്ങൾ നൽകിയിട്ടും 10 വർഷം അദ്ദേഹം കൈകാര്യം ചെയ്ത ആഭ്യന്തരവകുപ്പിനെ പറ്റി ചോദ്യങ്ങളില്ലാത്തതെന്തുകൊണ്ടെന്ന് ഉമേഷ് വള്ളിക്കുന്ന്. തുടർച്ചയായി അച്ചടക്കം ലംഘിച്ചുവെന്നാരോപിച്ച് സർവീസിൽ നിന്നും പിരിച്ചുവിടപ്പെട്ട സീനിയർ സിവിൽ പൊലീസ് ഓഫീസറാണ് ഉമേഷ് വള്ളിക്കുന്ന്. ഫേസ് ബുക്കിലെഴുതിയ കുറിപ്പിലൂടെയാണ് ഉമേഷ് മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുന്നത്. ഒരു മണിക്കൂർ നേരം കേരളത്തിൽ ആഭ്യന്തര വകുപ്പിന്റെ കഴിഞ്ഞ 10 വർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ചുളള എന്റെ ചോദ്യങ്ങളോട് ലൈവ് ആയി സംസാരിക്കാൻ മുഖ്യമന്ത്രി ധൈര്യപ്പെടുമോ? എന്നാണ് ഉമേഷ് വള്ളിക്കുന്ന് ചോദിക്കുന്നത്.
ഫേസ് ബുക്ക് കുറിപ്പ് പൂർണരൂപത്തിൽ
"കാണുന്നീലാ..
കാണുന്നീലാ..
കാണുന്നീലൊരക്ഷരവും
എന്റെ വംശത്തെപ്പറ്റി!
കാണുന്നുണ്ടനേകവംശത്തിൻ ചരിത്രങ്ങൾ..."🎶
മഹാഗുരു പൊയ്കയിൽ അപ്പച്ചന്റെ വരികൾ പുഷ്പവതി പൊയ്പ്പാടത്ത് എന്ന അതുല്യ സംഗീതജ്ഞ പാടിക്കേട്ടത് എത്ര തവണയാണെന്ന് പറയാനാവില്ല.
കാണുന്നില്ല ഒരക്ഷരവും എന്റെ വംശത്തെ പറ്റി എന്ന് വീണ്ടും പറയേണ്ടി വരുന്നത് മുഖ്യമന്ത്രിയുടെ അഭിമുഖങ്ങൾ കഴിഞ്ഞപ്പോഴാണ്.
മുഖ്യമന്ത്രി 20 അഭിമുഖങ്ങൾ നൽകിയിട്ടും 10 വർഷം അദ്ദേഹം ഭരിച്ച ആഭ്യന്തരവകുപ്പിനെ പറ്റി കാര്യമായ ചോദ്യങ്ങൾ ഉണ്ടായില്ല. സർക്കാരിനും മുഖ്യമന്ത്രിക്കും ഏറെ ചീത്തപ്പേരു കേട്ടത് ആഭ്യന്തരവകുപ്പിന്റെ പ്രവർത്തനങ്ങളിലാണ്. ആ വകുപ്പിൽ മൂന്ന് മാസം മുൻപുവരെ ജോലി ചെയ്ത ഒരു സാധാരണ പോലീസുകാരൻ എന്ന നിലയിൽ അത് എന്റെ വംശമാണ്. ആ എന്റെ വംശത്തെ പറ്റി, ആ വംശത്തിന്റെ കഴിഞ്ഞ 10 വർഷത്തെ ജീവിതത്തെ പറ്റി അഭിമുഖങ്ങളിൽ കാണുന്നീലൊരക്ഷരവും!
ഈ സാഹചര്യത്തിൽ കഴിഞ്ഞ 10 വർഷം ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്ത, മുഖ്യമന്ത്രി കൂടിയായ ശ്രീ പിണറായി വിജയൻ സാറിനോട് ഞാൻ ആദരപൂര്‍വം ചോദിക്കുകയാണ്,
സർ എന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ അങ്ങ് തയ്യാറാകുമോ? ഒരു മണിക്കൂർ നേരം കേരളത്തിൽ ആഭ്യന്തര വകുപ്പിന്റെ കഴിഞ്ഞ 10 വർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ച് എന്റെ ചോദ്യങ്ങളോട് ലൈവ് ആയി സംസാരിക്കാൻ അങ്ങ് ധൈര്യപ്പെടുമോ? 22 വർഷം പോലീസിൽ ഏറ്റവും താഴെയുള്ള തസ്തികയിൽ ജോലിചെയ്ത, അഴിമതിയോ കൈക്കൂലിയോ ജോലിയിലെ വീഴ്ചയോ ക്രിമിനൽ കേസുകളോ ഗുണ്ടാ ബന്ധങ്ങളോ ലൈംഗിക ചൂഷണങ്ങളോ ഇല്ലാതെ, ആരോപിക്കപ്പെടുക പോലും ചെയ്യാതെ സേനയിൽ നിന്ന് പുറത്താക്കപ്പെട്ട സാധാരണക്കാരിൽ സാധാരണക്കാരനായ ഒരു പൗരനോട് നേരിട്ട് സംവദിക്കാനുള്ള ആർജവം അങ്ങ് കാണിക്കുമോ?
PR ഏജൻസികളുടെ, അലക്കിത്തേച്ച ചോദ്യങ്ങളാടല്ല, ഒരു വെറും പൗരന്റെ തനി നാടൻ ചോദ്യങ്ങൾക്കു മറുപടി പറയാനുള്ള ചങ്കുറപ്പുണ്ടെങ്കിൽ മാത്രം തയ്യാറാവുക സർ. സ്‌നേഹാദരങ്ങളോടെ ക്ഷണിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.