കോഴിക്കോട്: ബി.ജെ.പി സ്ഥാനാർഥിയുടെ പോസ്റ്റർ പൊലീസുകാരൻ വാട്സ്ആപ്പ് സ്റ്റാറ്റസാക്കിയ സംഭവത്തിൽ പ്രതികരണവുമായി പൊലീസിലെ ദുഷ്പ്രവണതകൾക്കെതിരെ ശബ്ദമുയർത്തിയതിന് സസ്പെൻഷനിലായ സിവിൽ പൊലീസ് ഓഫിസർ ഉമേഷ് വള്ളിക്കുന്ന്. മൂന്നാർ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ പ്രകാശ് എസ്.എം ആണ് ബിജെപിയുടെ പ്രചാരണ പോസ്റ്റർ പങ്കുവെച്ചത്. സഹപ്രവർത്തകർ എതിർപ്പുയർത്തിയതോടെ ഇയാൾ സ്റ്റാറ്റസ് പിൻവലിക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ഇടുക്കി എസ്പി അറിയിച്ചിട്ടുണ്ട്.
ഇങ്ങനെ ഒരാൾ എങ്ങനെ ഇന്റലിജൻസ് വിഭാഗത്തിൽ എത്തിപ്പെട്ടു എന്ന് അന്വേഷിക്കണമെന്ന് ഉമേഷ് വള്ളിക്കുന്ന് ആവശ്യപ്പെട്ടു. ‘ഇദ്ദേഹം നൽകിയിട്ടുള്ള രഹസ്യ റിപ്പോർട്ടുകൾ പുനഃപരിശോധിക്കണം. നിസ്സഹായരായ പൊലീസുകാരുടെയും സാധാരണക്കാരായ മനുഷ്യരുടെയും ജീവിതം മാറ്റിമറിക്കാൻ കെൽപ്പുള്ളതാണ് ഒരോ ഇന്റലിജൻസ് റിപ്പോർട്ടും. ഇദ്ദേഹത്തിന്റെ അബദ്ധം കൊണ്ട് അങ്ങനെ ആരുടെയെങ്കിലും ജീവിതത്തെയോ ജോലിയെയോ ബാധിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം’ -ഉമേഷ് ആവശ്യപ്പെട്ടു.
കുറിപ്പിന്റെ പൂർണരൂപം:
ഒരു പൊലീസ് സബ് ഇൻസ്പെക്ടർ ഒരു രാഷ്ട്രീയ പാർട്ടിക്കു വേണ്ടി വോട്ടഭ്യർത്ഥിച്ച് വാട്സാപ്പ് സ്റ്റാറ്റസ് ഇട്ടു എന്ന വാർത്ത ഇടുക്കി ജില്ലയിൽ നിന്നാണ്. കേരള സർക്കാരിന്റെ ഇന്റലിജൻസ് വിഭാഗത്തിൽ ജോലി ചെയ്യുന്ന ആളാണത്രേ സ്ഥാനാർത്ഥി വോട്ട് ചോദിക്കു പോസ്റ്റർ സ്റ്റാറ്റസ് ആക്കിയത്. സംഗതി സത്യമാണെങ്കിൽ ഗുരുതരമായ അവസ്ഥയാണ്.
അങ്ങേരെ സംരക്ഷിക്കുന്നത് തെറ്റായ നടപടിയാണ്. ഇങ്ങനെ ഒരാൾ എങ്ങനെ ഇന്റലിജൻസ് വിഭാഗത്തിൽ എത്തിപ്പെട്ടു എന്നും അന്വേഷിക്കണം. സംഗതി വ്യാജമാണെങ്കിൽ ആ വിവരവും പോലീസ് ഔദ്യോഗികമായി വെളിപ്പെടുത്തണം. വ്യാജ വിവരം പ്രചരിപ്പിച്ചവരെ കണ്ടെത്തി അവർക്കെതിരെ നടപടിയെടുക്കണം.
അഥവാ അബദ്ധം പറ്റി എന്നതാണ് വാസ്തവമെങ്കിൽ ആളെ ഇന്റലിജൻസ് വിഭാഗത്തിൽ നിന്ന് മാറ്റണം. ഇദ്ദേഹം നൽകിയിട്ടുള്ള രഹസ്യ റിപ്പോർട്ടുകൾ പുനഃപരിശോധിക്കണം. നിസ്സഹായരായ പോലീസുകാരുടെയും സാധാരണക്കാരായ മനുഷ്യരുടെയും ജീവിതം മാറ്റിമറിക്കാൻ കെൽപ്പുള്ളതാണ് ഒരോ ഇന്റലിജൻസ് റിപ്പോർട്ടും. ഇദ്ദേഹത്തിൻ്റെ അബദ്ധം കൊണ്ട് അങ്ങനെ ആരുടെയെങ്കിലും ജീവിതത്തെയോ ജോലിയെയോ ബാധിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം. തെരെഞ്ഞെടുപ്പ് സുതാര്യമായി നടത്താനും ഉദ്യോഗസ്ഥർ നിഷ്പക്ഷരായി ജോലിചെയ്യുന്നുവെന്ന് ഉറപ്പ് വരുത്താനും ഇലക്ഷൻ കമ്മീഷന്റെ സൂക്ഷ്മമായ ശ്രദ്ധ പതിയണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.