‘ഈശ്വരാ, എന്റെ രമയുടെകൂടെ ഈ പ്രയാസസമയത്ത് മുഴുസമയം ചേർന്നിരിക്കുവാൻ നീ നൽകിയ ഭാഗ്യമാണ് 126 വോട്ടിന്റെ വ്യത്യാസം; അല്ലായിരുന്നെങ്കിൽ...’ -തോൽവിക്ക് ഈശ്വരനോട് നന്ദി പറഞ്ഞ് ടി.എൻ പ്രതാപൻ

കൊച്ചി: കേരളത്തിൽ യു.ഡി.എഫ് തരംഗം ആഞ്ഞടിച്ചിട്ടും പരാജയത്തിന്റെ രുചിയറിഞ്ഞ കോൺഗ്രസിന്റെ ജനപ്രിയ നേതാവാണ് എഐസിസി സെക്രട്ടറിയും മുൻ എംപിയുമായ ടി.എൻ. പ്രതാപൻ. മണലൂർ മണ്ഡലത്തിൽ കേവലം 126 വോട്ടിനായിരുന്നു തോൽവി. മുൻ മന്ത്രിയും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ സി.രവീന്ദ്രനാഥാണ് ഇവി​ടെ ജയിച്ചത്. സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായിരുന്നു അദ്ദേഹത്തി​ന്റേത്.

ഇപ്പോൾ, ഈ 126 വോട്ടിന്റെ പരാജയത്തിന് ദൈവത്തോട് നന്ദി പറയുകയാണ് ടി.എൻ. പ്രതാപൻ. ‘ഈശ്വരാ നന്ദി. എല്ലാ അലങ്കാരങ്ങളും താഴെ വെച്ച് എന്റെ ജീവന്റെ ജീവനായ രമയോടൊപ്പം ചേർന്നിരിക്കാൻ നീയെനിക്ക് നൽകിയ ഓർമ്മപ്പെടുത്തലും അംഗീകാരവുമാണ് ഈ സമയം. ഈശ്വരാ, ഓരോ നിമിഷത്തിലും എനിക്ക് ധൈര്യമായ, എന്റെ സ്നേഹമായ രമയുടെ കൂടെ ഈ പ്രയാസ സമയത്തും മുഴുവൻ സമയവും ചേർന്നിരിക്കുവാൻ നീ നൽകിയ ഭാഗ്യമാണ് 126 വോട്ടിന്റെ വ്യത്യാസം. അല്ലായിരുന്നെങ്കിൽ ഞാൻ ജനങ്ങളുടെ ലോകത്തും എന്റെ രമ പ്രയാസത്തിന്റെ നടുവിലും ആകുമായിരുന്നു. ഇപ്പോൾ എല്ലാം ആശ്വാസം. സമാധാനം. സന്തോഷം. ഭാഗ്യം. ഈ കാലവും ധൈര്യമായി അതിജീവിക്കും. ഉറപ്പ്. ഇതിലും വലിയ പരീക്ഷണങ്ങളെ ചെറുത്ത് നിന്നിട്ടുണ്ട്. ദൈവമേ, നീയാണ് വലിയവൻ. നീയാണ് എല്ലാം. പ്രിയപ്പെട്ടവരേ, നിങ്ങളുടെ ഏറ്റവും സ്വകാര്യമായ പ്രാർത്ഥനകളിൽ എന്നെയും എന്റെ രമയെയും ഉൾപ്പെടുത്തുക’ -പ്രതാപൻ ഫേസ്ബുക് കുറിപ്പിലൂടെ അഭ്യർഥിച്ചു.

രോഗബാധിതയായി ചികിത്സയിൽ കഴിയുന്ന ഭാര്യ രമയോടൊ​പ്പം കൊച്ചി ആസ്റ്റർ മെഡിസിറ്റിയിലാണ് ഏതാനും ആഴ്ചകളായി പ്രതാപൻ കഴിയുന്നത്. ആശുപത്രി മുറിയിൽ നിന്ന് എഴുതിയ കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്.

കുറിപ്പിന്റെ പൂർണരൂപം വായിക്കാം:

ഏപ്രിൽ 25 മുതൽ ആസ്റ്റർ മെഡിസിറ്റിയിലാണ്. ഇതെഴുതുന്നതും ഇവിടെ ഈ ആശുപത്രി മുറിയിൽ ഇരുന്നാണ്. അതിനിടെ മെയ് നാലിന് ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ വന്നു. എന്റെ പ്രിയപ്പെട്ട മണലൂരുകാർ നൽകിയ 65,211 വോട്ടിന്റെ അംഗീകാരം സ്വീകരിച്ചു. പിറ്റേന്ന് തന്നെ ആസ്റ്ററിൽ തിരിച്ചെത്തി. ഈ ദിവസങ്ങൾക്കിടയിൽ തളിക്കുളത്ത്, മണലൂരിൽ, ഗുരുവായൂരിൽ, എറിയാട്, പറവൂരിൽ അങ്ങനെയങ്ങനെ ഹൃസ്വമായ ചില പരിപാടികളിൽ സംബന്ധിച്ചു. തിരികെ എന്റെ പ്രണയത്തിന്റെ ചാരത്ത്, രമയുടെ അടുത്ത്...

ആസ്റ്ററിന്റെ വരാന്തയിലും, ഐസിയു വാർഡിലും, അനക്സിലും, ചികിത്സാ മുറികളിലുമായി പ്രാർത്ഥനയോടെ കഴിയുകയാണ്. ഇത്രയും നാളത്തെ പൊതുപ്രവർത്തനത്തിനിടയിൽ വീടിനെ കുറിച്ചുള്ള ഏറ്റവും വലിയ ധൈര്യം രമയായിരുന്നു. ഞങ്ങളുടെ കുടുംബത്തിന്റെ ന്യൂക്ലിയസ്. ഞാൻ ജനങ്ങൾക്കിടയിൽ അവരുടെ വിഷയങ്ങൾക്കിടയിൽ സജീവമാകവെ, ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് അവൾ ഒരേസമയം അമ്മയും അച്ഛനുമായി. സ്നേഹിക്കാനും, ക്ഷമിക്കാനും, നന്മയിൽ വിശ്വസിക്കാനും ഓരോ നിമിഷവും എനിക്ക് പഠിപ്പിച്ചുതന്നു, എന്റെ ധൈര്യമായി എന്നിൽ വളർന്നു.

ഇക്കഴിഞ്ഞ ദിവസങ്ങളിൽ എനിക്ക് വരുന്ന എല്ലാ വിളികളിലും പ്രാർത്ഥനകളുണ്ട്. ആശ്വസിപ്പിക്കുന്ന നിർമ്മലമായ തലോടലുണ്ട്. സ്നേഹവും പരിഗണനയുമുണ്ട്. രാഷ്ട്രീയത്തിലെ ഇറക്കങ്ങളോ, താഴ്ച്ചകളോ, വീഴ്ച്ചകളോ, തെരഞ്ഞെടുപ്പിലെ തോൽവിയോ ഒന്നുമല്ല, നമ്മെ ഏറ്റവും ആഴത്തിൽ വേദനിപ്പിക്കുന്നത് നമ്മുടെ ഉറ്റവരുടെ വേദനകളായിരിക്കും. അത്തരം സന്ദർഭങ്ങളിൽ കൂടെ വരുന്ന, കൂടെ നിൽക്കുന്ന മനുഷ്യരുണ്ടല്ലോ അവരെന്നും നമ്മുടെ കൂടെയുണ്ടാവും. സത്യസന്ധമായി നമ്മെ സ്നേഹിക്കുന്ന മനുഷ്യരെ തിരിച്ചറിയാൻ ഉതകുന്ന സന്ദർഭങ്ങൾ ഇതൊക്കെയാണല്ലോ.

അങ്ങനെയുള്ള മനുഷ്യരുടെ സാന്നിധ്യം ജീവിതത്തിൽ അനുഭവേദ്യമാകുന്നു. തിരികെ ഒന്നും പ്രതീക്ഷിക്കാതെ ചേർത്തുനിർത്തിയ മനുഷ്യരുണ്ട്. അതിസാധാരണക്കാരായ മനുഷ്യർ. അവർ എന്റെ ഇടനെഞ്ചിൽ പൊരുതാനുള്ള കരുത്ത് വിതക്കുന്നു. ഈ ദിവസങ്ങളിൽ ഞങ്ങൾക്ക് ലഭിച്ച പ്രാർത്ഥനകൾ, ആശ്വാസ വാക്കുകൾ, സ്നേഹബലങ്ങൾ.... പ്രിയപ്പെട്ടവരേ, നന്ദി. നിങ്ങൾ നൽകുന്ന ആത്മബലമാണ് ശക്തി. ഈ ദൈവ നിശ്ചയവും നന്മയായി വന്നുഭവിക്കുമെന്ന് പ്രതീക്ഷയുണ്ട്. പ്രതിസന്ധിഘട്ടങ്ങൾ അതിജീവിക്കുമെന്ന് തീർച്ചയുണ്ട്.

ഈശ്വരാ നന്ദി. എല്ലാ അലങ്കാരങ്ങളും താഴെ വെച്ച് എന്റെ ജീവന്റെ ജീവനായ രമയോടൊപ്പം ചേർന്നിരിക്കാൻ നീയെനിക്ക് നൽകിയ ഓർമ്മപ്പെടുത്തലും അംഗീകാരവുമാണ് ഈ സമയം. ഈ സമയങ്ങളിൽ ഞാൻ ഞങ്ങളുടെ പ്രണയം കൂടുതൽ ആഴത്തിൽ വേരുകളാഴ്ത്തുന്നത് കാണുന്നു. ചക്രവാളങ്ങളിലേക്ക് അതിന്റെ ചില്ലകൾ പടരുന്നത് കാണുന്നു. ഇനിയുമേറെ മഴയും മഞ്ഞും വെയിലും വരവേൽക്കുവാൻ ഞങ്ങൾ ത്രാണി കണ്ടെത്തുന്നു. ഇനിയുമെത്രയോ വസന്തങ്ങൾ ഞങ്ങളെ കാത്തിരിക്കുന്നുവെന്ന് ഞങ്ങൾ തിരിച്ചറിയുന്നു.

എന്നെ ഞാനാക്കിയ, എന്റെ കൺകണ്ട ദൈവങ്ങളായ അച്ഛനെയും അമ്മയെയും ഞാൻ എന്റെ കടമകൾ പോലെ ശുശ്രൂഷിച്ചിട്ടുണ്ട്. അമ്മയുടെ കാൽകീഴിൽ സ്നേഹത്തിന്റെ തണലറിഞ്ഞിട്ടുണ്ട്. മാതാപിതാ സുകൃതങ്ങളുടെ ആത്മീയ കവചത്തിലാണ് വളർന്നതത്രയും. ഈശ്വരാ, അതുപോലെ ഓരോ നിമിഷത്തിലും എനിക്ക് ധൈര്യമായ, എന്റെ സ്നേഹമായ രമയുടെ കൂടെ ഈ പ്രയാസ സമയത്തും മുഴുവൻ സമയവും ചേർന്നിരിക്കുവാൻ നീ നൽകിയ ഭാഗ്യമാണ് 126 വോട്ടിൻ്റെ വ്യത്യാസം. എല്ലായിരുന്നെങ്കിൽ ഞാൻ ജനങ്ങളുടെ ലോകത്തും എൻ്റെ രമ പ്രയാസത്തിൻ്റെ നടുവിലും ആകുമായിരുന്നു. ഇപ്പോൾ എല്ലാം ആശ്വാസം. സമാധാനം. സന്തോഷം. ഭാഗ്യം. ഈ കാലവും ധൈര്യമായി അതിജീവിക്കും. ഉറപ്പ്. ഇതിലും വലിയ പരീക്ഷണങ്ങളെ ചെറുത്ത് നിന്നിട്ടുണ്ട്. ദൈവമേ, നീയാണ് വലിയവൻ. നീയാണ് എല്ലാം.

പ്രിയപ്പെട്ടവരേ, നിങ്ങളുടെ ഏറ്റവും സ്വകാര്യമായ പ്രാർത്ഥനകളിൽ എന്നെയും എന്റെ രമയെയും ഉൾപ്പെടുത്തുക. 

Tags:    
News Summary - TN Prathapan Thanks God for Election Defeat: '126-Vote Loss Let Me Stay With My Ailing Wife Rama'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.