നിലമ്പൂർ: ഉപതെരഞ്ഞെടുപ്പുകളിൽ പ്രചാരണത്തിനെത്തിയ മുഖ്യമന്ത്രി, സ്ഥാനാർഥികളുമായി വേദി പങ്കിട്ടപ്പോൾ മാധ്യമ ശ്രദ്ധ പതിഞ്ഞ ദൃശ്യമായിരുന്നു അദ്ദേഹം സ്ഥാനാർഥികളുടെ കൈ പിടിച്ചുയർത്തുന്ന നിമിഷം. രണ്ടാമത് പിണറായി സർക്കാർ അധികാരത്തിലേറിയ ശേഷം തൃക്കാക്കര, പുതുപ്പള്ളി, പാലക്കാട്, നിലമ്പൂർ എന്നീ നാല് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിലും ഈ ചിത്രം ഏറെ വൈറലായിരുന്നു. എന്നാൽ, ഈ മണ്ഡലങ്ങളിലെല്ലാം എൽ.ഡി.എഫ് തോൽവി രുചിച്ചതിനെ പരിഹസിക്കുകയാണ് യൂത്ത് കോൺഗ്രസ് നേതാവ് താര ടോജോ അലക്സ്.
തൃക്കാക്കരയിൽ 25,016 വോട്ടിനാണ് ഡോ. ജോ ജോസഫ് ഉമതോമസിനോട് തോറ്റത്. പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ 37,719 വോട്ടിന് ജെയ്ക് സി തോമസിനെ തോൽപിച്ചു. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിനോട് ഡോ. സരിൻ തോറ്റത് 18840 വോട്ടുകൾക്കായിരുന്നു. ഏറ്റവുമൊടുവിൽ നിലമ്പൂരിൽ 11,000ത്തിലേറെ വോട്ടുകൾക്ക് സ്വരാജും തോൽവി രുചിച്ചു. ആര്യാടൻ ഷൗക്കത്താണ് ഇവിടെ വിജയിച്ചത്. ഈ നാല് മണ്ഡലങ്ങളിലും സ്ഥാനാർഥികൾക്കൊപ്പം മുഖ്യമന്ത്രി നിൽക്കുന്ന ഫോട്ടോ പങ്കുവെച്ച്, ‘പ്രത്യേക ഏക്ഷക്കാരനുള്ള പ്രത്യേക നന്ദിയും ഈ അവസരത്തിൽ അറിയിക്കുന്നു...’ എന്ന് താര പരിഹസിച്ചു.
ഏറെ വാശിയേറിയ നിയമസഭ തെരഞ്ഞെടുപ്പിൽ 77,737 വോട്ടുനേടിയാണ് യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് നിലമ്പൂർ തിരിച്ചു പിടിച്ചത്. 11,077 വോട്ടാണ് ഭൂരിപക്ഷം. എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജ് 66,660 വോട്ട് പിടിച്ചു. രണ്ട് തവണ കൈവിട്ട സീറ്റാണ് ഷൗക്കത്തിലൂടെ യു.ഡി.എഫ് തിരിച്ചുപിടിച്ചത്.
യു.ഡി.എഫുമായി തെറ്റിപിരിഞ്ഞ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച പി.വി. അൻവർ 19,760 വോട്ട് പിടിച്ചു. ബി.ജെ.പി സ്ഥാനാർഥി അഡ്വ. മോഹൻ ജോർജ് 8,648 വോട്ട് നേടി നാലാം സ്ഥാനത്തെത്തി. എസ്.ഡി.പി.ഐ സ്ഥാനാർഥി അഡ്വ. സാദിഖ് നെടുത്തൊടി 2,075 വോട്ടും പിടിച്ചു.
സ്വതന്ത്രരായി മത്സരിച്ച ഹരി നാരായണൻ -185ഉം സതീഷ് കുമാർ ജി -114ഉം വിജയൻ -85ഉം എൻ. ജയരാജൻ - 52ഉം പി. രാധാകൃഷ്ണൻ നമ്പൂതിരിപ്പാട് -43ഉം വോട്ട് ലഭിച്ചു. നോട്ടക്ക് 630 വോട്ട് കിട്ടി. വോട്ട് നില സംബന്ധിച്ച അന്തിമ കണക്ക് പുറത്തുവരാനുണ്ട്. മണ്ഡലത്തിലെ ആകെയുള്ള 2,32,057 വോട്ടർമാരിൽ 1,76,069 പേരാണ് ഇത്തവണ വോട്ട് രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.