ആ ചുടുചുംബനത്തിന് രണ്ടാണ്ട്; വേദനയൂറുന്ന ഓർമയായി റീമും വല്യുപ്പയും -VIDEO


ഗസ്സ: ലോകം കണ്ണീരോടെ സാക്ഷ്യം വഹിച്ച ആ ചുടുചുംബനത്തിന് രണ്ടാണ്ട്. ഇസ്രായേൽ അധിനിവേശ സേനയുടെ ക്രൂരമായ ആക്രമണത്തിൽ കൊല്ലപ്പെട്ട റീം എന്ന മൂന്നുവയസ്സുള്ള പേരക്കുട്ടിയുടെ ചേതനയറ്റ ശരീരം വാരിയെടുത്ത് വല്യുപ്പ ഖാലിദ് നബ്ഹാൻ തുരുതുരെ ചുംബനം കൊണ്ട് മൂടുന്നതായിരുന്നു ആ ദൃശ്യം.

2023 നവംബർ 22നായിരുന്നു തെക്കൻ ഗസ്സയിലെ നുസൈറാത്ത് അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ നബ്ഹാന്റെ മൂന്നുവയസ്സുള്ള ചെറുമകൾ റീമും അഞ്ച് വയസ്സുള്ള സഹോദരൻ താരിഖും കൊല്ലപ്പെട്ടത്. ഹൃദയഭേദകമായ യാത്രയയപ്പിന്റെ ദൃശ്യം ഫലസ്തീനികൾ സഹിക്കുന്ന ദുരിതത്തിന്റെ പ്രതീകമായി ലോകം ഏറ്റെടുത്തിരുന്നു.

റീമിന്റെ ചേതനയറ്റ ശരീരം കൈയിൽ പിടിച്ച്, അവളുടെ മുഖത്തെ പൊടിയും രക്തവും തുടച്ച്, മുടിയിൽ തഴുകി നെറ്റിയിൽ ചുംബിക്കുന്ന വിഡിയോയിലൂടെയാണ് ഖാലിദ് നബ്ഹാനെ ലോകം ആദ്യമായി കണ്ടത്. ‘എന്റെ ജീവന്റെ ജീവനേ’ എന്ന് ആ കുഞ്ഞുമുഖം നോക്കി വിളിക്കുമ്പോൾ അദ്ദേഹത്തിന്റെ ശബ്ദം വിറകൊണ്ടിരുന്നു. തന്റെ ജീവിതത്തിലേക്ക് വെളിച്ചമായെത്തിയ കുഞ്ഞിന് ഒരു മുത്തച്ഛൻ നൽകിയ നിഷ്കളങ്കമായ അന്ത്യയാത്രയുടെ ദൃശ്യമായിരുന്നു ആ നിമിഷം. മരണത്തിന് തൊട്ടുമുമ്പ് സന്തോഷത്തോടെ കളിക്കുന്ന ഖാലിദിന്റെയും റീമിന്റെയും വിഡിയോ ദശലക്ഷക്കണക്കിനാളുകളാണ് കണ്ടത്. ടിക്ടോക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ കണ്ണീരോടും ഐക്യദാർഢ്യത്തോടും കൂടി ഈ ദൃശ്യം അതിവേഗം പ്രചരിച്ചു.

ഹൃദയം നുറുങ്ങുന്ന ആ ഒരൊറ്റ ദൃശ്യത്തിലൂടെ അദ്ദേഹവും കുഞ്ഞ് റീമും ലോകത്തിന്റെ നെഞ്ചിൽ ഇടംപിടിച്ചിരുന്നു. തൊട്ടടുത്ത വർഷം ഖാലിദ് നബ്ഹാനെയും ഇസ്രായേൽ സേന കൊലപ്പെടുത്തി. പേരക്കുട്ടികളുടെ മൃതദേഹം ​ചേർത്തുപിടിച്ച് വിലപിച്ച അതേ ക്യാമ്പിൽ, ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഖാലിദ് നബ്ഹാൻ കൊല്ലപ്പെട്ടത്.

ഫലസ്തീൻ പ്രതിരോധത്തിന്റെ പ്രതീകമായാണ് ഖാലിദ് നബ്ഹാൻ അറിയപ്പെട്ടിരുന്നത്. റീമിൻ്റെയും താരിഖിന്റെയും മരണത്തിന് പിന്നാലെ ഖാലിദ് പൊതുരംഗത്ത് കൂടുതൽ സജീവമായി. യുദ്ധം മുച്ചൂടും നശിപ്പിച്ച ഗസ്സയിൽ അതിന്റെ മാനസികാഘാതം മുഴുവൻ ഏറ്റുവാങ്ങിയ കുഞ്ഞുങ്ങളെ അതിൽനിന്ന് മോചിപ്പിക്കുന്നതിലാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചത്. വീടിനടുത്തുള്ള ആശുപത്രികളിൽ പരിക്കേറ്റ കുടുംബങ്ങളെ സഹായിക്കുകയും സാന്ത്വനവും സഹായവും നൽകുകയും ചെയ്തു. കളിപ്പാട്ടങ്ങളും സമ്മാനങ്ങളും വിതരണം ചെയ്തുകൊണ്ട് ഗസ്സയിലെ കുട്ടികളെ സന്തോഷിപ്പിക്കാൻ അദ്ദേഹം ‘റീം: സോൾ ഓഫ് ദ സോൾ’ എന്ന സംരംഭവും തുടങ്ങി.

ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ, ഖാലിദ് ഗസ്സയിലെ യുദ്ധകാലത്തെ ജീവിതം രേഖപ്പെടുത്തിയിരുന്നു. ഇസ്രായേലിന്റെ ക്രൂരതകളും കൊലപാതകങ്ങളും നാശനഷ്ടങ്ങളും ലോകത്തിന് മുന്നിൽ തുറന്നുകാട്ടുന്നവയായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റുകൾ. അദ്ദേഹത്തിന്റെ സമൂഹമാധ്യമ അക്കൗണ്ടുകൾ ഇപ്പോഴും ബന്ധുക്കൾ സജീവമായി നിലനിർത്തുന്നുണ്ട്.

റീമിന്റെ മരണവേളയിൽ പകർത്തിയ ദൃശ്യങ്ങൾ ഇന്ന് വീണ്ടും പങ്കു​വെച്ചപ്പോൾ പതിനായിരക്കണക്കിന് ആളുകളാണ് കണ്ടത്. നിരവധി പേർ റീമിനെയും വല്യുപ്പയെയും കുറിച്ചുള്ള ഓർമകൾ ഹൃദയം നുറുങ്ങുന്ന വേദനയോടെ കമന്റുകളായി പങ്കുവെച്ചു. 


Full View

Tags:    
News Summary - soul of the soul: khaled nabhan and reem, Two years passed since this painful anniversary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.