അപകടത്തിൽ മരിച്ച ബെനറ്റ് രാജ്, ഇഷാൻ ദേവ് ബാൻഡ് സംഘത്തിനൊപ്പം
കൊച്ചി: ശനിയാഴ്ച പമ്പയിൽ നടന്ന ആഗോള അയ്യപ്പ സംഗമത്തിൽ പരിപാടി അവതരിപ്പിച്ച് മടങ്ങിയ ബാൻഡ് സംഘം അപകടത്തിൽ ഒരാൾ മരിച്ച സംഭവത്തിൽ ഹൃദ്യമായ കുറിപ്പുമായി ഗായകൻ ഇഷാൻ ദേവ്. ശനിയാഴ്ച വൈകീട്ട് പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിലായിരുന്നു ഓർക്കസ്ട്ര സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് ഇഷാൻദേവിന്റെ ഭക്തിഗാന സദസ്സിന്റെ ഭാഗമായ ബെനറ്റ് രാജ് മരണപ്പെട്ടത്. റോഡിൽ മറ്റു വാഹനങ്ങൾ നടത്തിയ മത്സര ഓട്ടത്തിന്റെ ഇരയായിരുന്നു കൊച്ചു എന്ന് വിളിക്കുന്ന ബെനറ്റ് എന്ന് ഇഷാൻ ദേവ് കുറിച്ചു.
എതിർ ദിശയിൽ നിന്നും തെറ്റായി കയറി വന്ന വാഹനം ഓർക്കസ്ട്ര സംഘം സഞ്ചരിച്ച വാഹനത്തിൽ ഇടിച്ചായിരുന്നു അപകടമുണ്ടായതെന്നും, സംഭവത്തിൽ ഡ്രമ്മർ കിച്ചു, ഗിറ്റാറിസ്റ്റ് ഡോണി എന്നിവർ ശസ്ത്രക്രിയകഴിഞ്ഞ് ഐ.സി.യുവിലാണെന്നും അദ്ദേഹം വിശദീകരിച്ചു.
തെറ്റായ ദിശയിൽ കയറിവന്ന കാർ ഓർക്കസ്ട്ര സംഘത്തിന്റെ വാഹനവുമായി നേർക്കുനേർ കൂട്ടിയിടിച്ചായിരുന്നു അപകടം. നെടുമങ്ങാട് സ്വദേശിയാണ് മരിച്ച ബെനറ്റ് രാജ്. ശനിയാഴ്ച വൈകീട്ട് 3.30ഓടെയായിരുന്നു അപകടം. മുൻഭാഗം പൂർണമായും തകർന്ന നിലയിലായിരുന്നു കാർ.
‘ഇന്നലെ ഞങ്ങളുടെ ബാൻഡ് പ്രോഗ്രാം കഴിഞ്ഞു മടങ്ങുന്ന വഴി ഡ്രമ്മർ കിച്ചുവിന്റെ കാർ റാന്നിയിൽ അപകടത്തിൽ പെട്ടു. കിച്ചുവിന്റെ സുഹൃത്ത് ബെനറ്റ് രാജ് ആണ് കാർ ഡ്രൈവ് ചെയ്തിരുന്നത്. എതിർദിശയിൽ നിന്ന് അതിവേഗതയിൽ കയറി വന്ന ഫോർച്യുണർ ഇടിച്ചുണ്ടായ അപകടത്തിൽ പ്രിയപ്പെട്ട കൊച്ചു എന്ന് ഞങ്ങൾ വിളിക്കുന്ന ബെനറ്റ് മരണപെട്ടു. മറ്റു കാറുകളുടെ മത്സരഓട്ടത്തിൽ വന്ന കാർ ആണ് അപകടം ഉണ്ടാക്കിയത്. അപകടത്തിൽ ഞങ്ങളുടെ ഡ്രമ്മർ കിച്ചുവിന് കാലിനു ഒടിവ് ഉണ്ടായതിനെ തുടർന്ന് കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞു.. ഗിറ്റാറിസ്റ് ഡോണി ക്കു തലക്കും കൈക്കും ആണ് പരിക്ക്. ഡോണിക്കും സർജറി ആവശ്യം ഉണ്ട്. രണ്ടു പേരും അപകടനില തരണം ചെയ്തു തീവ്രപരിചരണ വിഭാഗത്തിൽ ആണ്. കുടുംബ അംഗകളും ഞങ്ങൾ സുഹൃത്തുക്കളും ഇവിടെ ആശുപത്രിയിൽ ഉണ്ട്.. ഇടിച്ച വാഹനം കണ്ടെത്തി നിയമപരമായ നടപടികൾ പോലീസിന്റെ ഭാഗത്തു നിന്ന് തുടങ്ങിയിട്ടുണ്ട്. ഈ പ്രതിസന്ധി ഘട്ടത്തിൽ അവരെ സഹായിക്കാനും, സപ്പോർട്ട് ചെയ്യുവാനും അറിയുന്നവരും, അറിയാത്തവരുമായ എല്ലാ സന്മനസ്സുകളുടെയും പ്രാർത്ഥനയും, സപ്പോർട്ടും ഉണ്ടാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.