‘ഇത്തവണ രജിതയുടെ വരവ് വ്യത്യസ്തമായിരുന്നു...’ പാണക്കാട്ടെ ചൊവ്വാഴ്ചകളിലെ സന്തോഷ നിമിഷങ്ങൾ പങ്കു​വെച്ച് മുനവ്വറലി ശിഹാബ് തങ്ങൾ

മലപ്പുറം: പ്രിയപ്പെട്ടവരുടെ ബുദ്ധിമുട്ട് തളർത്തിയവർക്ക് ആശ്വാസമാകാൻ നാം നിമിത്തമാകുമ്പോൾ, അതിനേക്കാൾ സന്തോഷം നൽകുന്ന മറ്റെന്ത് കാര്യമാണുള്ള​തെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ. മലപ്പുറം മുനിസിപ്പാലിറ്റിയിലെ വാറങ്കോട് സ്വദേശിനി രജിതയുടെ ഭർത്താവ് പുരുഷോത്തമൻ ​റിയാദിൽ നിയമക്കുരുക്കിൽ അകപ്പെട്ട നാട്ടിലേക്ക് മടങ്ങാനാവാതെ കുടുങ്ങിയിരുന്നു. വിഷയത്തിൽ പാണക്കാട് കുടുംബത്തിന്റെ ഇടപെടൽ ഫലം കണ്ടതിന്റെ ആഹ്ലാദം പങ്കു​വെക്കുകയായിരുന്നു മുനവ്വറലി തങ്ങൾ.

കുറിപ്പ് വായിക്കാം:

പാണക്കാട്ടെ ചൊവ്വാഴ്ചകളിലെ സന്തോഷ നിമിഷങ്ങൾ.

മലപ്പുറം മുനിസിപ്പാലിറ്റിയിലെ വാറങ്കോട് സ്വദേശിനി രജിത കഴിഞ്ഞ ഒരു വർഷത്തോളമായി, മിക്കവാറും ഓരോ ചൊവ്വാഴ്ചകളിലും പാണക്കാട് വരാറുണ്ട്. സഊദി അറേബ്യയിലെ റിയാദിൽ നിയമക്കുരുക്കിൽ അകപ്പെട്ട് നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ ബുദ്ധിമുട്ടിലായ ഭർത്താവിനെ കുറിച്ചുള്ള വേദനയായിരുന്നു അവർക്ക് പങ്ക് വെക്കാനുണ്ടായിരുന്നത്.

ചെറിയ കുഞ്ഞിനെയും കൂടെ കൂട്ടി അവർ എത്തുമ്പോഴൊക്കെയും, റിയാദ് KMCC പ്രസിഡൻറ് സിപി മുസ്തഫയെയും മലപ്പുറം മണ്ഡലം പ്രസിഡൻറ് സി.കെ. അബ്ദുറഹ്മാൻ കോണോംപാറയെയും വിളിച്ച് അവരുടെ ഭർത്താവ് പുരുഷോത്തമന്റെ മോചനത്തിനായി ഇടപെടലുകൾ നടത്താൻ ആവശ്യപ്പെടുമായിരുന്നു. ഈ പരിശ്രമങ്ങളത്രയും ഒടുവിൽ ഫലം കണ്ടിരിക്കുന്നു.

ഏകദേശം ഒരു വർഷത്തിനു ശേഷം രജിതയെ തേടിയെത്തിയ സന്തോഷ വാർത്ത ഭർത്താവ് പുരുഷോത്തമന് നാട്ടിലേക്കുള്ള യാത്രാ വിലക്ക് നീങ്ങിയിരിക്കുന്നു എന്നാണ്. ഈ ചൊവ്വാഴ്ചയിലെ അവരുടെ വരവ് വ്യത്യസ്തമായിരുന്നു. നാട്ടിലെത്തിയ ഭർത്താവിനൊപ്പം മധുരവും കയ്യിൽ കരുതി സന്തോഷം പങ്കിടാനായിരുന്നു അവർ വന്നത്.

ഭർത്താവ് നിയമകുരുക്കിൽ അകപ്പെട്ടപ്പോൾ ഒരു വയസ്സ് മാത്രം പ്രായമായിരുന്ന മകൾക്ക്, ഇന്ന് നാല് വയസ്സായിരിക്കുന്നു. ഓരോ ചൊവ്വാഴ്ചകളിലും കാണുന്ന പല മനുഷ്യാനുഭവങ്ങളിൽ ഒന്നാണിത്.

ഭർത്താവിന്റെ പ്രതിസന്ധി സൃഷ്ടിച്ച വേദനയും അനിശ്ചിതത്വവും, പ്രാർത്ഥനകളുടെ പ്രതീക്ഷയും, വർഷങ്ങൾക്കു ശേഷം പുനർ സമാഗമവും.! പ്രിയപ്പെട്ടവരുടെ ബുദ്ധിമുട്ട് തളർത്തിയവർക്ക് ആശ്വാസമാകാൻ നാം നിമിത്തമാകുമ്പോൾ, വ്യക്തിപരമായി അതിനപ്പുറം സന്തോഷം നൽകുന്ന മറ്റെന്ത് കാര്യമാണുള്ളത്!

അല്ലാഹുവിന്റെ അനന്തമായ കൃപയ്‌ക്ക് നന്ദി.

Tags:    
News Summary - Sayyid Munavvar Ali Shihab Thangal about humanity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.