പാലക്കാട്: റാപ്പർ വേടനെ അധിക്ഷേപിച്ച ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലക്ക് മറുപടിയുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. റാപ്പ് സംഗീതമാണോ ഇവിടുത്തെ പട്ടികജാതി- പട്ടികവിഭാഗക്കാരുടെ തനതായ കലാരൂപമെന്നായിരുന്നു ശശികലയുടെ ചോദ്യം. പട്ടികജാതിക്കാർ റാപ്പ് പാടിയാൽ എന്താണ് ടീച്ചറെ? എന്ന ചോദ്യവുമായാണ് സന്ദീപ് വാര്യർ ഇതിന് മറുപടി നൽകിയത്. ‘റാപ്പ് എന്ന സംഗീതരൂപം ലോകത്ത് എല്ലായിടത്തും വർണ്ണ വംശ വെറിക്കെതിരായ പ്രതിഷേധമായാണ് രൂപം കൊണ്ടിട്ടുള്ളത്. ഇന്ത്യയുടെ സാഹചര്യത്തിൽ അത് ദലിതർക്കെതിരായ സവർണ്ണ ഹിന്ദുത്വയുടെ അതിക്രമങ്ങൾക്കെതിരായ ശബ്ദമായി മാറും. അതിൽ അസ്വസ്ഥപ്പെട്ടിട്ട് കാര്യമില്ല’ -സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.
‘പട്ടികജാതി- പട്ടികവർഗ വികസന വകുപ്പിന്‍റെ ഫണ്ട് ചെലവഴിച്ച് പരിപാടി നടത്തുമ്പോൾ പട്ടികജാതി- പട്ടികവർഗ വിഭാഗവുമായി പുലബന്ധം പോലുമില്ലാത്ത റാപ്പ് മ്യൂസിക്കാണോ അവിടെ അവതരിപ്പിക്കേണ്ടത്, പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങൾക്ക് തനതായ എന്തെല്ലാം കലാരൂപങ്ങളുണ്ട്? റാപ്പ് സംഗീതമാണോ ഇവിടുത്തെ പട്ടികജാതി- പട്ടികവിഭാഗക്കാരുടെ തനതായ കലാരൂപം? ഗോത്രസംസ്‌കൃതി അതാണോ? അവരുടെ വ്യക്തിത്വം ഉറപ്പിക്കേണ്ടത് ഇങ്ങനെയാണോ’ എന്നായിരുന്നു പാലക്കാട് ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുന്നതിനിടെ ശശികല ചോദിച്ചത്. ‘വേടന്മാരുടെ തുണിയില്ലാച്ചാട്ടങ്ങള്‍ക്ക് മുമ്പിൽ സമാജം അപമാനിക്കപ്പെടുകയാണ്. ഇത്തരക്കാർ പറയുന്നത് മാത്രമേ കേള്‍ക്കൂ എന്ന ഭരണത്തിന്റെ രീതി മാറ്റണം. ഇങ്ങനെയുള്ള പരിപാടികളിൽ പതിനായിരങ്ങള്‍ തുള്ളേണ്ടി വരുന്നത് ഗതികേടാണ്. ആടിക്കളിക്കെടാ കുഞ്ചിരാമാ ചാടിക്കളിക്കെടാ കുഞ്ചിരാമാ എന്ന് പറഞ്ഞ് കുഞ്ചിരാമന്മാരെ ചാടിക്കളിപ്പിക്കുകയും ചുടുചോറ് വാരിപ്പിക്കുകയും ചെയ്യുന്ന സംവിധാനങ്ങള്‍ അവസാനിപ്പിക്കാന്‍ സമയമായെന്ന് ഭരണകൂടത്തിന് മുന്നില്‍ കെഞ്ചാനല്ല, ആജ്ഞാപിക്കാനാണ് ഹിന്ദു ഐക്യവേദി എത്തിയിരിക്കുന്നത്’ എന്നും ശശികല കൂട്ടിച്ചേർത്തു.
ഇതിന് വിശദമായ മറുപടിയാണ് സന്ദീപ് വാര്യർ നൽകിയത്. വേടൻ എന്ന കേരളത്തിലെ യുവാക്കൾ ഇഷ്ടപ്പെടുന്ന കലാകാരനെ ജാതി പറഞ്ഞ് അധിക്ഷേപിക്കുകയാണ് ആർഎസ്എസ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ‘ഇന്ന് കെ പി ശശികല ടീച്ചർ കേസരി പത്രാധിപർ മധുവിൽ നിന്ന് വേടൻ വിരുദ്ധ ബാറ്റൺ ഏറ്റുവാങ്ങിയിട്ടുണ്ട്. റാപ്പ് പട്ടികജാതിക്കാരുടെ തനത് കലാരൂപമാണോ എന്നാണ് ശശികല ടീച്ചർ ചോദിക്കുന്നത്. പട്ടികജാതിക്കാർ റാപ്പ് പാടിയാൽ എന്താണ് ടീച്ചറെ ? പട്ടികജാതിക്കാർ അവർക്ക് ഇഷ്ടമുള്ളത് പാടട്ടെ.. റാപ്പ് എന്ന സംഗീതരൂപം ലോകത്ത് എല്ലായിടത്തും വർണ്ണ വംശ വെറിക്കെതിരായ പ്രതിഷേധമായാണ് രൂപം കൊണ്ടിട്ടുള്ളത്. ഇന്ത്യയുടെ സാഹചര്യത്തിൽ അത് ദളിതർക്കെതിരായ സവർണ്ണ ഹിന്ദുത്വയുടെ അതിക്രമങ്ങൾക്കെതിരായ ശബ്ദമായി മാറും. അതിൽ അസ്വസ്ഥപ്പെട്ടിട്ട് കാര്യമില്ല. ഹിന്ദു ഐക്യവേദി നേതാവിന് പരിഹരിക്കാൻ കഴിയുന്ന മറ്റു ചില സമാജ പ്രശ്നങ്ങളുണ്ട് . അതിലൊന്നിലും ഹിന്ദു ഐക്യവേദിയെ കാണാറേയില്ല. കേരളത്തിലെ എത്ര ക്ഷേത്രങ്ങളിൽ പട്ടികജാതിക്കാരായ കലാകാരന്മാർക്ക് ചെണ്ട കൊട്ടാൻ അവകാശമുണ്ട് ? ടീച്ചർ ഇന്നേവരെ അതിൽ ഒരു അഭിപ്രായം പറഞ്ഞിട്ടുണ്ടോ ?’ -സന്ദീപ് വാര്യർ
ചോദിച്ചു.
ഇൗ കുറിപ്പിന് താഴെ പ്രതികരണവുമായി ശശികല രംഗത്തെത്തി. ‘നേതാവേ ആ പ്രശ്നങ്ങളുമായാണ് ഞങ്ങൾ കലക്റ്ററേറ്റിൽ എത്തിയത്. അത് കോൺഗ്രസ്സ് നേതാവിനറിയണം എന്നില്ല. പട്ടിക ജാതി പട്ടിക വർഗ്ഗഫണ്ടയോഗിച്ച് ഒരു പരിപാടി നടത്തുമ്പോൾ അവരുടെ തനതു കലാരൂപങ്ങൾ അംഗീകരിക്കപ്പെടണം.. ആദരിക്കപ്പെടണം. കോൺഗ്രസിന്റെ അഭിപ്രായമല്ല ശശികല പറയുക sorry’ -എന്നായിരുന്നു ശശികലയുടെ കമന്റ്. റാപ്പ് ലോകത്ത് എല്ലായിടത്തും അടിച്ചമർത്തപ്പെട്ടവരുടെ സർഗാത്മകമായ പ്രതിഷേധമാണെന്നും അത് ഹിന്ദു ഐക്യവേദിക്കാർക്ക് അറിയാത്തതിന് വേടൻ എന്തു പിഴച്ചുവെന്നും സന്ദീപ് വാര്യർ പ്രതികരിച്ചു.
‘കാഞ്ചാവ് കേസിൽ ജയിലിൽ പോയവൻ ജാമ്യത്തിൽ വന്നപ്പോൾ നവോത്ഥാന നായകൻ ആയി. ഒപ്പം ലഹരി വിരുദ്ധ പ്രക്ഷോഭത്തിൻ്റെ ബ്രാണ്ട് അംബസിഡറും. കേരളം പൊളിയാണ്’ എന്ന് മറ്റൊരാൾ കമന്റ് ചെയ്തപ്പോൾ ‘കഞ്ചാവ് അടിക്കുന്നവർ ഒക്കെ ക്രിമിനലുകൾ ആണെങ്കിൽ കുംഭമേളക്ക് ഒക്കെ പോകുമ്പോൾ കാണുന്ന കാഴ്ചകൾ മറക്കരുത്’ എന്നായിരുന്നു സന്ദീപ് വാര്യരുടെ മറുപടി.
നേരത്തെ, റാപ്പർ വേടന്‍റെ പാട്ടുകൾ ജാതി ഭീകരവാദം വളർത്തുന്നുവെന്ന ആർ.എസ്.എസ് നേതാവ് ഡോ.എൻ ആർ. മധുവിന്‍റെ ആരോപണത്തെ പിന്തുണച്ച് ശശികല രംഗത്തെത്തിയിരുന്നു. വേടന്റെ പ്രമോട്ടർമാർ തീവ്ര ഇസ്‍ലാമിക സംഘടനകളും ഹിന്ദു വിരുദ്ധ ശക്തികളുമാണെന്നും ശശികല ആരോപിച്ചിരുന്നു. കലാപത്തിന് ആഹ്വാനം ചെയ്‌തതിന് മധുവിനെതിരെ ഭാരതീയ ന്യായസംഹിത 192 വകുപ്പ് പ്രകാരം കേസെടുത്തത് പൗരന്റെ മൗലിക അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണെന്നും ശശികല ആരോപിച്ചിരുന്നു. ‘തീവ്ര ഇസ്‍ലാമിസ്റ്റുകളെ സന്തോഷിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. വേടൻ ജാതി ഭീകരവാദം വളർത്തുന്നു എന്ന മധുവിന്റെ ആരോപണം വസ്തുതപരമായി ഉന്നയിക്കപ്പെട്ടതാണ്. വേടന്റെ പ്രമോട്ടർമാർ തീവ്ര ഇസ്‍ലാമിക സംഘടനകളും ഹിന്ദു വിരുദ്ധ ശക്തികളുമാണ്. ദലിത് വിഭാഗത്തെ ഹിന്ദു സമൂഹത്തിൽ നിന്നും വേർപ്പെടുത്തി ഇസ്‍ലാമിക ഐക്യത്തിലൂടെ ഹിന്ദു സമാജത്തെ ഭിന്നിപ്പിക്കാനാണ് ഇക്കൂട്ടരുടെ ശ്രമം. ഇന്ന് ജാതികളൊന്നും പരസ്പര പോരിന്റെ ദുരിതമനുഭവിക്കുന്നില്ല. ആരും ആരേയും കീഴ്പ്പെടുത്തുകയോ അകറ്റി നിർത്തുകയോ ചെയ്യുന്നില്ല. ഇടതും വലതുമാണ് ഇക്കണ്ട നാള് കേരളം ഭരിച്ചത്. ഇന്നും ജാതി ഭ്രാന്ത് ബാക്കിയുണ്ടെങ്കിൽ ഇവരാണ് ഉത്തരം പറയേണ്ടത്’ -ശശികല കഴിഞ്ഞ ദിവസം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.