‘ട്രോളുകൾക്കപ്പുറം ഇത് ഗുരുതര സുരക്ഷാഭീഷണി’; എഫ് 35 യുദ്ധവിമാനം തിരുവനന്തപുരത്ത് ലാൻഡ് ചെയ്തതിനെതിരെ സന്ദീപ് വാര്യർ, കേന്ദ്ര-സംസ്ഥാന സർക്കാറുകളോട് 16 ചോദ്യങ്ങൾ

തിരുവനന്തപുരം: യു.കെ റോയൽ എയർഫോഴ്സിന്റെ എഫ് 35 യുദ്ധ വിമാനം തിരുവനന്തപുരത്ത് ലാൻഡ് ചെയ്യാൻ അനുമതി കൊടുത്തതിനെതിരെ കോണഗ്രസ് നേതാവ് സന്ദീപ് വാര്യർ. സർക്കാർ നടപടി ഗുരുതരമായ സുരക്ഷാഭീഷണിയും സംശയങ്ങൾ ഉയർത്തുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു. അഞ്ചാം തലമുറ യുദ്ധവിമാനം ഇന്ത്യൻ മണ്ണിൽ, അതും സിവിലിയൻ എയർപോർട്ട് ആയ തിരുവനന്തപുരത്ത് ലാൻഡ് ചെയ്യാൻ അനുവദിച്ചത് ഏത് നയതന്ത്ര കരാറി​ന്റെ പുറത്താണെന്ന് അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ ചോദിച്ചു. ‘എഫ് 35 വിമാനത്തിൽ യുദ്ധോപകരണങ്ങൾ, ആയുധങ്ങൾ, നിരീക്ഷണ ഉപകരണങ്ങൾ, ഡാറ്റാ കളക്ഷൻ സിസ്റ്റംസ് എന്നിവ ആക്ടീവ് ആയിരുന്നോ? ഇത് ഇന്ത്യൻ അതിർത്തിക്കുള്ളിൽ പ്രവർത്തിച്ചിട്ടുണ്ടോ? പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ ഇന്ത്യയുടെ സിവിലിയൻ, മിലിട്ടറി ഡാറ്റാ സെക്യൂരിറ്റിക്ക് ഇത് ഭീഷണിയല്ലേ?’ -സന്ദീപ് വാര്യർ ചോദിക്കുന്നു.

നാറ്റോ സഖ്യത്തിന്റെ ഫൈറ്റർ ജെറ്റ് കേരളത്തിൽ ലാൻഡ് ചെയ്യാൻ കേന്ദ്രസർക്കാർ നൽകിയ അനുമതിക്കെതിരെ കേരളം ഭരിക്കുന്ന ഇടതുപക്ഷ സർക്കാരിന് പ്രത്യയശാസ്ത്രപരമായ ഒരു എതിർപ്പ് പോലുമില്ലേ എന്നും അദ്ദേഹം ചോദിച്ചു. ‘ഇറാനെ ആക്രമിക്കാൻ നാറ്റോ സഖ്യം കൊണ്ടുവന്ന ഫൈറ്റർ ജറ്റിനാണ് പിണറായി വിജയൻ ഭരിക്കുന്ന കേരളത്തിൽ അഭയം നൽകിയിരിക്കുന്നത്. നാറ്റോ സഖ്യത്തിന് കേരളത്തിലെ എയർപോർട്ടുകൾ തുറന്നിട്ടു കൊടുക്കുന്നതിൽ നിങ്ങൾക്ക് പ്രതിഷേധമില്ലേ?’ -​സന്ദീപ് ചോദിച്ചു.

കുറിപ്പിന്റെ പൂർണരൂപം:

ട്രോളുകൾക്കും കൗതുക വാർത്തകൾക്കും അപ്പുറം യുകെ റോയൽ എയർഫോഴ്സിന്റെ എഫ് 35 തിരുവനന്തപുരത്ത് ലാൻഡ് ചെയ്യാൻ അനുമതി കൊടുത്തത് ഗുരുതരമായ സുരക്ഷാഭീഷണിയും സംശയങ്ങൾ ഉയർത്തുന്നതുമാണ്.

കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ സ്വീകരിക്കുന്ന മൗനം ആശങ്കാജനകമാണ്.

യുകെ റോയൽ എയർഫോഴ്സിന്റെ എഫ് 35 അഞ്ചാം തലമുറ യുദ്ധവിമാനം ഇന്ത്യൻ മണ്ണിൽ , അതും സിവിലിയൻ എയർപോർട്ട് ആയ തിരുവനന്തപുരത്ത് ലാൻഡ് ചെയ്യാൻ അനുവദിച്ചത് ഏത് നയതന്ത്ര കരാറിൻ്റെ പുറത്താണ് ?

പ്രതിരോധ മന്ത്രാലയം, വിദേശകാര്യമന്ത്രാലയം, നാഷണൽ സെക്യൂരിറ്റി കൗൺസിൽ തുടങ്ങിയവയുടെ ക്ലിയറൻസ് ലഭിച്ചതിനുശേഷമാണോ അഞ്ചാം തലമുറ യുദ്ധവിമാനത്തെ തിരുവനന്തപുരത്ത് ലാൻഡ് ചെയ്യാൻ അനുവദിച്ചത് ?

ഇന്ത്യൻ എയർഫോഴ്സ് അടക്കമുള്ള ഇന്ത്യൻ പ്രതിരോധ സേനാ വിഭാഗങ്ങളോട് അനുമതി തേടിയിട്ടാണോ അമേരിക്കൻ നിർമ്മിത അഞ്ചാം തലമുറ യുദ്ധവിമാനത്തിന് ഇന്ത്യയിൽ ലാൻഡിങ് പെർമിഷൻ നൽകിയത് ?

എഫ് 35 വിമാനത്തിൽ യുദ്ധോപകരണങ്ങൾ, ആയുധങ്ങൾ, നിരീക്ഷണ ഉപകരണങ്ങൾ, ഡാറ്റാ കളക്ഷൻ സിസ്റ്റംസ് എന്നിവ ആക്ടീവ് ആയിരുന്നോ?

ഇത് ഇന്ത്യൻ അതിർത്തിക്കുള്ളിൽ പ്രവർത്തിച്ചിട്ടുണ്ടോ?

പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ ഇന്ത്യയുടെ സിവിലിയൻ, മിലിട്ടറി ഡാറ്റാ സെക്യൂരിറ്റിക്ക് ഇത് ഭീഷണിയല്ലേ?

അവകാശപ്പെടുന്ന പോലെ സാങ്കേതിക തകരാറുമൂലമാണ് ലാൻഡിങ് എങ്കിൽ എന്തുകൊണ്ടാണ് യുകെ സൈന്യത്തെ ഈ ജെറ്റ് നേരിട്ട് കൈകാര്യം ചെയ്യാൻ ഏൽപ്പിച്ചത്. എന്തുകൊണ്ടാണ് ഇന്ത്യൻ സൈന്യത്തിന്റെ മേൽനോട്ടത്തിൽ ബ്രിട്ടൻ ഇത് അനുവദിക്കാതിരുന്നത് . DRDO, ഇന്ത്യൻ എയർഫോഴ്സ്, HAL എന്നീ സ്ഥാപനങ്ങളെ ഈ വിമാനം പരിശോധിക്കുന്നതിന് എന്തുകൊണ്ട് അനുവദിച്ചില്ല ?

എഫ് 35 വിമാനത്തിൽ നിന്നും ഇന്ത്യൻ സെക്യൂരിറ്റി ഇൻസ്റ്റലേഷനുകളുടെ നിരീക്ഷണവും ഡാറ്റാ കളക്ഷനും നടന്നിട്ടില്ല എന്ന് ഉറപ്പുവരുത്താൻ എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ?

എഫ് 35 വിമാനം അതീവ രഹസ്യമായി നിഗൂഢമായി ഇന്റലിജൻസ് ഓപ്പറേഷൻസ് നടത്താനും തന്ത്രപ്രധാന മേഖലകളിൽ കടന്നുകയറാനും കഴിവുള്ള ഫൈറ്റർ ജെറ്റ് ആണെന്നിരിക്കെ ഇന്ത്യൻ സുരക്ഷാ സംവിധാനങ്ങൾ കോംപ്രമൈസ് ചെയ്യപ്പെട്ടിട്ടില്ല എന്ന് ഉറപ്പുവരുത്താൻ കേന്ദ്രസർക്കാർ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത് ?

വിദേശ യുദ്ധ വിമാനങ്ങൾക്ക് സാങ്കേതിക തകരാർ ഉന്നയിച്ചുകൊണ്ട് ഇന്ത്യയിൽ ലാൻഡ് ചെയ്യാൻ അനുമതി കൊടുക്കുന്നതിൽ ഇതൊരു കീഴ് വഴക്കമായി മാറില്ലേ ?

പാർലമെന്റിനെയോ ഡിഫൻസ് പാർലമെൻററി സ്റ്റാൻഡിങ് കമ്മിറ്റിയെയോ ഇക്കാര്യം അറിയിച്ചിട്ടുണ്ടോ , പ്രത്യേകിച്ചും ദേശ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യമായതിനാൽ. ?

ഈ വിഷയം കേന്ദ്ര പ്രതിരോധ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിലൂടെ ഇന്ത്യയിലെ പൗരന്മാരെ അറിയിച്ചിട്ടുണ്ടോ.

എന്തുകൊണ്ടാണ് ഇക്കാര്യത്തിൽ നിശബ്ദത പാലിക്കുന്നത്. ?

എന്തിനാണ് തിരുവനന്തപുരത്തെ സിവിലിയൻ എയർപോർട്ടിൽ ലാൻഡിങ് അനുവദിച്ചത് . കോയമ്പത്തൂരിലെയോ ചെന്നൈയിലെയോ ഇന്ത്യൻ എയർഫോഴ്സ് വിമാനത്താവളങ്ങളിലേക്ക് എന്തുകൊണ്ട് ഈ ഫൈറ്റർ ജെറ്റിനെ തിരിച്ചുവിട്ടില്ല ?

ഇനി ചോദ്യം കേരളം ഭരിക്കുന്ന ഇടതുപക്ഷ സർക്കാരിനോടാണ്

നാറ്റോ സഖ്യത്തിന്റെ ഫൈറ്റർ ജെറ്റ് കേരളത്തിൽ ലാൻഡ് ചെയ്യാൻ കേന്ദ്രസർക്കാർ നൽകിയ അനുമതിക്കെതിരെ നിങ്ങൾക്ക് പ്രത്യയശാസ്ത്രപരമായ ഒരു എതിർപ്പ് പോലുമില്ലേ?

നാറ്റോ സഖ്യത്തിന് കേരളത്തിലെ എയർപോർട്ടുകൾ തുറന്നിട്ടു കൊടുക്കുന്നതിൽ നിങ്ങൾക്ക് പ്രതിഷേധമില്ലേ?

ഇറാനെ ആക്രമിക്കാൻ നാറ്റോ സഖ്യം കൊണ്ടുവന്ന ഫൈറ്റർ ജറ്റിനാണ് പിണറായി വിജയൻ ഭരിക്കുന്ന കേരളത്തിൽ അഭയം നൽകിയിരിക്കുന്നത്.

Tags:    
News Summary - sandeep varier against Britain’s F-35B Fighter Jet Stranded at Trivandrum Airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.