രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്റ് ബി​.ജെ.പിക്ക് പാരയായി; ‘മികച്ച പണി’യെന്ന് കോൺഗ്രസിന്റെ പരിഹാസം

തിരുവനന്തപുരം: ഇന്നലെ വൈറലായ കുട്ടിയുടെ വിഡിയോ എടുത്ത് ​സമൂഹമാധ്യമത്തിൽ ​പോസ്റ്റ് ചെയ്ത ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന് കിട്ടിയത് എട്ടിന്റെ പണി. ക്ലിഫ് ഹൗസിലേക്ക് ബി.ജെ.പി നടത്തിയ മാർച്ച് തടയാൻ പൊലീസ് ബാരിക്കേഡ് കെട്ടിയപ്പോൾ വീട്ടി​ലേക്കുള്ള വഴി തടഞ്ഞത് ചോദ്യം ചെയ്യുന്ന കുട്ടിയുടെ വിഡിയോ ആണ് രാജീവ് ചന്ദ്രശേഖർ എക്സിൽ പോസ്റ്റ് ചെയ്തത്. രാഷ്ട്രീയക്കാർ യുവാക്കളെ തടയുകയോ അവരുടെ ജീവിതത്തിന് ഭാരമാകുകയോ ചെയ്യരുതെന്നും ശാക്തീകരിക്കുകയാണ് വേണ്ടതെന്നുമായിരുന്നു വിഡിയോയുടെ കൂടെ രാജീവ് ചന്ദ്രശേഖർ കൊടുത്ത അടിക്കുറിപ്പ്.

‘വീട്ടിലേക്കുള്ള വഴി തടഞ്ഞതിനെതിരെ നിർഭയമായി പ്രതിഷേധിച്ച ഈ യുവ മലയാളിക്ക് ബിഗ് സല്യൂട്ട്, ആദരവ്. രാഷ്ട്രീയക്കാർ നമ്മുടെ യുവാക്കളെ ശാക്തീകരിക്കണം, അവരെ തടസ്സപ്പെടുത്തുകയോ അവരുടെ ജീവിതത്തിന് ഒരു ഭാരമാകുകയോ ചെയ്യരുത്’ -അടിക്കുറിപ്പിൽ പറഞ്ഞു. എന്നാൽ, വിഡിയോയിലെ ഉപരോധം സ്വന്തം പാർട്ടി തന്നെ സൃഷ്ടിച്ചതാണെന്ന് മഹാനായ രാജീവ് ചന്ദ്രശേഖർ അറിഞ്ഞിരുന്നില്ലെന്ന് കോൺഗ്രസി​ന്റെ ഔദ്യോഗിക എക്സ് ഹാൻഡിൽ ചൂണ്ടിക്കാട്ടി. ഇന്റേൺ മികച്ച പണിയാണ് ചെയ്യുന്നതെന്നും കുറിപ്പിൽ പരിഹസിച്ചു.

ക്ലിഫ് ഹൗസിന് സമീപം താമസിക്കുന്ന കുട്ടി വീട്ടിലേക്ക് പോകുന്നതിനിടെ പൊലീസ് ബാരിക്കേഡ് കണ്ട് പ്രതികരിക്കുന്നതാണ് വിഡിയോയുടെ ഉള്ളടക്കം. മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് ബി.ജെ.പി നടത്തുന്ന മാർച്ച് തടയാനായിരുന്നു പൊലീസ് മുന്നൊരുക്കം. ഇതോടെ വീട്ടിലേക്ക് പോകാനുള്ള വഴി മുട്ടിയ സ്കൂൾ വിദ്യാർഥി പൊലീസുകാരുടെ അടുത്തെത്തി രണ്ട് ഓപ്ഷനുകള്‍ നല്‍കുകയായിരുന്നു. ‘ഒന്നുകിൽ എന്നെ ബാരിക്കേഡ് മാറ്റി ഈ വഴി കടത്തിവിടണം. അല്ലെങ്കില്‍, എനിക്ക് ചോറ് തരണം’ എന്നായിരുന്നു കുട്ടിയുടെ ആവശ്യം.

ഒടുവില്‍ പൊലീസ് ബാരിക്കേ‍ഡുകള്‍ മാറ്റി വീട്ടിലേക്കുള്ള വഴിയൊരുക്കിയാണ് ‘പ്രശ്നം’ പരിഹരിച്ചത്. നിരവധിപേർ കുട്ടിയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ, തന്റെ പാർട്ടി പരിപാടി കാരണമാണ് കുട്ടിയുടെ വഴിമുട്ടിയതെന്ന് തിരിച്ചറിയാതെ പ്രതികരിച്ചതാണ് രാജീവ് ച​ന്ദ്രശേഖറിനെ വെട്ടിലാക്കിയത്.

Tags:    
News Summary - Rajeev Chandrasekhar's X post against BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.