കോഴിക്കോട്: ഷാഫി പറമ്പിൽ എം.പിയെ പേരാമ്പ്രയിൽ പൊലീസ് മർദിക്കുന്നതിന്റെ വിഡിയോ പങ്കുവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. ‘പൊലീസ് ഷാഫി പറമ്പിലിനെ തല്ലിയില്ല എന്ന് ഇന്നലെ മുതൽ പച്ചക്ക് കള്ളം പറയുന്ന പോലീസ് ഇതൊന്നു കാണൂ, കള്ളം മാത്രം പറയുന്ന അഭ്യന്തര മന്ത്രിക്ക് പറ്റിയ പൊലീസ് തന്നെ’ എന്ന അടിക്കുറിപ്പോടെയാണ് സമൂഹമാധ്യമത്തിൽ ദൃശ്യം പോസ്റ്റ് ചെയ്തത്. ശസ്ത്രക്രിയക്ക് വിധേയനായി കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ കഴിയുന്ന ഷാഫിയെ രാഹുൽ മാങ്കൂട്ടത്തിൽ സന്ദർശിച്ചു.
പേരാമ്പ്രയിൽ ഇന്നലെ യു.ഡി.എഫ് നടത്തിയ പ്രതിഷേധ പ്രകടനം പൊലീസ് തടഞ്ഞതിനെ തുടർന്ന് സംഘർഷാവസ്ഥ ഉടലെടുത്തപ്പോൾ അനുനയിപ്പിക്കാനെത്തിയതായിരുന്നു ഷാഫി പറമ്പിൽ അടക്കമുള്ള നേതാക്കൾ. ഇതിനിടെ, മുഖാമുഖം നിന്ന പൊലീസുകാർ ഷാഫിയുടെ തലയ്ക്കും മുഖത്തും ലാത്തികൊണ്ട് ആവർത്തിച്ച് അടിക്കുന്നത് രാഹുൽ പങ്കുവെച്ച ദൃശ്യത്തിൽ കാണാം. എന്നാൽ, പൊലീസ് മർദിച്ചിട്ടില്ലെന്നും ടിയർ ഗ്യാസ് പൊട്ടിച്ചപ്പോൾ രക്ഷപ്പെടുന്നതിനിടെ പരിക്കേറ്റതാണെന്നുമായിരുന്നു പൊലീസ് പറഞ്ഞത്. എന്നാൽ, ഈ വാദം തികച്ചും തെറ്റാണെന്ന് തെളിയിക്കുന്നതാണ് വിഡിയോ ദൃശ്യം.
പൊലീസ് അക്രമത്തിൽ മൂക്കിന് പരിക്കേറ്റ ഷാഫി പറമ്പിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫോട്ടോയും രാഹുൽ ഇന്നലെ പങ്കുവെച്ചിരുന്നു. ‘നിങ്ങൾ ശബരിമലയിൽ നടത്തിയ സ്വർണ്ണ മോഷണം മറയ്ക്കാൻ നിങ്ങൾ പൊടിച്ച ഓരോ തുള്ളി ചോരയ്ക്കും നിങ്ങൾ മറുപടി പറയേണ്ടി വരും ശ്രീ വിജയൻ, പറയിപ്പിക്കും ഈ നാട്’ എന്ന അടിക്കുറിപ്പോടെയാണ് രക്തക്കറ പുരണ്ട വസ്ത്രം ധരിച്ച് ആശുപത്രിയിൽ കിടക്കുന്ന ഫോട്ടോ രാഹുൽ പങ്കുവെച്ചത്.
കോളജ് യൂനിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആക്രമണത്തിൽ പ്രതിഷേധിച്ച് പേരാമ്പ്രയിൽ ഇന്നലെ യു.ഡി.എഫ് നടത്തിയ പ്രകടനത്തിനു നേരെ പൊലീസ് നടത്തിയ ലാത്തിചാർജിലാണ് ഷാഫി പറമ്പിൽ എം.പി ഉൾപ്പെടെ നിരവധിപേർക്ക് പരിക്കേറ്റത്. പ്രതിഷേധക്കാരെ മുഖാമുഖം നിന്ന് നേരിട്ട പൊലീസ് ലാത്തികൊണ്ട് ഷാഫിയുടെ തലക്കും മുഖത്തും മർദിക്കുകയായിരുന്നു. മൂക്കിന് സാരമായി പരിക്കേറ്റ ഷാഫി പറമ്പിലിനെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. അഞ്ചുദിവസം വിശ്രമം വേണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.
യൂനിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആക്രമണത്തിൽ പ്രതിഷേധിച്ച് ഇന്നലെ പേരാമ്പ്രയിൽ യു.ഡി.എഫ് ഹർത്താലായിരുന്നു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഓഫിസ് അടപ്പിക്കാൻ ശ്രമിച്ച യു.ഡി.എഫ് പ്രവർത്തകരും പഞ്ചായത്ത് പ്രസിഡന്റും സി.പി.എം നേതാവുമായ വി.കെ. പ്രമോദും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. വ്യാഴാഴ്ച പ്രവർത്തകർക്കെതിരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫും വി.കെ. പ്രമോദിനെതിരെയുള്ള കൈയേറ്റ ശ്രമത്തിൽ പ്രതിഷേധിച്ച് സി.പി.എമ്മും പേരാമ്പ്രയിൽ പ്രകടനം നടത്തി. ആദ്യം നടന്ന സി.പി.എം പ്രകടനം മാർക്കറ്റ് പരിസരത്തുനിന്ന് ആരംഭിച്ച് ബസ് സ്റ്റാൻഡിൽ സമാപിച്ചു. പിന്നീട് വന്ന യു.ഡി.എഫ് പ്രകടനം ബസ് സ്റ്റാൻഡിൽ എത്തുന്നതിനു മുമ്പ് പൊലീസ് തടഞ്ഞു. സ്റ്റാൻഡിൽ നിലയുറപ്പിച്ച സി.പി.എം പ്രവർത്തകരും യു.ഡി.എഫ് പ്രവർത്തകരും തമ്മിൽ സംഘർഷമില്ലാതിരിക്കാനാണ് പൊലീസ് തടഞ്ഞത്. എന്നാൽ, പിരിഞ്ഞു പോകാൻ യു.ഡി.എഫ് പ്രവർത്തകർ തയാറായില്ല. തുടർന്ന് പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ഗ്രനേഡ് പ്രയോഗിക്കുകയായിരുന്നു.
ഗ്രനേഡ് കൈയില്‍നിന്ന് പൊട്ടി വടകര ഡിവൈ.എസ്.പി സി. ഹരിപ്രസാദിന് പരിക്കേറ്റു. ഇദ്ദേഹത്തെ പേരാമ്പ്ര ഇ.എം.എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ സമയമാണ് ഷാഫി പറമ്പിലും കെ. പ്രവീൺ കുമാറും കെ.എം. അഭിജിത്തും എത്തുന്നത്. പിന്നീട് തുടർച്ചയായി പൊലീസ് കണ്ണീർവാതകം പ്രയോഗിക്കുകയും ലാത്തിചാർജ് നടത്തുകയുംചെയ്തു. എം.പിയെ കൂടാതെ ഡി.സി.സി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍, യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി കെ.എം. അഭിജിത്ത്, കെ.പി.സി.സി മെംബര്‍ സത്യന്‍ കടിയങ്ങാട്, ഡി.സി.സി സെക്രട്ടറി പി.കെ. രാഗേഷ്, കെ.കെ. വിനോദന്‍, കുറുക്കന്‍ കുന്നുമ്മല്‍ അഷ്‌റഫ്, ഫിനാന്‍ മാക്കത്ത്, സജീര്‍ പന്നിമുക്ക്, നിയാസ് തുളുനടത്തില്‍, ഷാജി ആനാലി എന്നിവര്‍ക്കും പരിക്കേറ്റു. ഇവർ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളജിലും സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.