കോലഞ്ചേരി: തനിക്കെതിരെ ട്വന്റി ട്വന്റി പ്രസിഡന്റ് സാബു എം. ജേക്കബ് ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി പി.വി. ശ്രീനിജിൻ എം.എൽ.എ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പോലും ആരോപിക്കാത്ത പുതിയ 20-20 തള്ളുമായി സാബു ഇറങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം പരിഹസിച്ചു.
‘ജെട്ടി മാമാ... ഞാൻ ഞെട്ടി മാമാ... 20-20 സ്ഥാനാർഥികാൻ ഞാൻ സാബുവിനെ കണ്ടുവെന്ന്. 2018ൽ പാർട്ടി മെമ്പർഷിപ്പിൽ വന്ന ഞാൻ 2021ൽ ഇയാളുടെ അടുത്ത് സ്ഥാനാർത്ഥിയാകാൻ പോയത്രേ… കൊള്ളാം…. നാസ കണ്ടുപിടിത്തമാണല്ലോ… പക്ഷെ ഒത്തില്ല….’ -ശ്രീനിജിൻ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
മന്ത്രി പി. രാജീവ് അടക്കമുള്ള സി.പി.എം നേതാക്കൾക്കും പി.വി. ശ്രീനിജിൻ എം.എൽ.എക്കും എതിരെ ഗുരുതര ആരോപണങ്ങളാണ് സാബു എം. ജേക്കബ് ഉന്നയിച്ചത്. ട്വന്റി ട്വന്റിയുടെ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ട് കോലഞ്ചേരിയിൽ നടന്ന സംസ്ഥാന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുന്നത്തുനാട്ടിൽ ട്വന്റി ട്വന്റിയുടെ സ്ഥാനാർഥിയാകാൻ പി.വി. ശ്രീനിജിൻ എം.എൽ.എ തന്നെ സമീപിച്ചുവെന്നാണ് സാബു പറഞ്ഞത്. ശ്രീനിജിൻറെ കൈയ്യിലിരിപ്പ് അറിയാവുന്നതുകൊണ്ട് സന്തോഷപൂർവ്വം ആ ആവശ്യം ഒഴിവാക്കുകയായിരുന്നു. ശ്രീനിജിന് തന്നോട് ഭയങ്കര സ്നേഹം ആണെന്നും അങ്ങനെയാണ് ഒരു ദിവസം അദ്ദേഹം സ്ഥാനാർഥിയാകാൻ വേണ്ടി കാണാൻ വന്നതെന്നും സാബു പരിഹസിച്ചു.
സി.പി.എം നേതാവായ മന്ത്രി പി. രാജീവും ടി.എൻ. മോഹനനും രസീതുകളില്ലാതെ തന്റെ പക്കൽ നിന്ന് പണം വാങ്ങിയെന്നും അദ്ദേഹം ആരോപിച്ചു. ‘ടി.എൻ. മോഹനൻ, മന്ത്രി രാജീവ് തുടങ്ങി എല്ലാനേതാക്കളും നമ്മുടെ അടുത്ത് വന്ന് തലയിൽ മുണ്ടും ഇട്ടോണ്ട് പൈസ വാങ്ങി പോയിട്ടുണ്ട്. ഒരു റസീപ്റ്റും തന്നിട്ടില്ല. ഈ പണം പാർട്ടിയിലും പോയിട്ടുണ്ടാവില്ല. പോക്കറ്റിൽ ഇട്ടിട്ടുണ്ടാവും’ - സാബു പറഞ്ഞു.
ഇൻഡ്യ മുന്നണിക്കെതിരെയാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ട്വന്റി20 പാര്‍ട്ടി മത്സരിക്കുന്നതെന്ന് സാബു പറഞ്ഞു. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ 60 പഞ്ചായത്തുകളിലും മൂന്ന് മുനിസിപ്പാലിറ്റികളിലും കൊച്ചി കോർപറേഷനിലും മത്സരിക്കാനാണ് ട്വന്റി ട്വന്റിയുടെ നീക്കം. 1600 സ്ഥാനാർഥികളെ നിർത്തും. കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലെയും മുഴുവൻ സീറ്റുകളിലും ട്വന്റി ട്വന്റി വിജയിക്കുമെന്നും സാബു എം. ജേക്കബ് അവകാശവാദം ഉന്നയിച്ചു. അധികാരത്തിൽ വരുന്ന എല്ലാ പഞ്ചായത്തിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന സൗജന്യ ആംബുലൻസ് സർവിസ് ഏർപ്പെടുത്തുമെന്നും സഞ്ചരിക്കുന്ന ആശുപത്രി നടപ്പാക്കുമെന്നും സാബു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.