'ഇതാണ് പുതിയ ഇന്ത്യ'; കേന്ദ്ര സർക്കാറിന് രൂക്ഷ വിമർശനവുമായി പ്രകാശ് രാജ്

കോവിഡ് മഹാമാരി വരുത്തിവെച്ച ദുരിതങ്ങളിൽ സാധാരണക്കാർ യാതന അനുഭവിക്കുമ്പോൾ വിവാദങ്ങൾക്ക് പിറകേ പോകുന്ന കേന്ദ്ര സർക്കാറിന് രൂക്ഷ വിമർശനവുമായി നടൻ പ്രകാശ് രാജ്. കോവിഡ് കാലത്തെ പലായനങ്ങളുടെയും ബോളിവുഡ് താരം കങ്കണ റണൗട്ടിന്‍റെയും ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചാണ് പ്രകാശ് രാജ് വിമർശനമുയർത്തിയത്.

നിരവധി സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ കങ്കണ സഞ്ചരിക്കുന്നതും പാതയോരങ്ങളിൽ കുടുംബത്തോടൊപ്പം പലായനം ചെയ്യുന്ന സാധാരണക്കാരുടെയും ചിത്രമാണ് പങ്കുവെച്ചത്. 'അതെ, ഇതാണ് പുതിയ ഇന്ത്യ' എന്നും അദ്ദേഹം വിമർശിക്കുന്നു. 

ബി.ജെ.പിയോട് അനുഭാവ നിലപാടുകൾ സ്വീകരിക്കുന്ന നടി കങ്കണ റണൗട്ടിന് കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ വൈ പ്ലസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. മഹാരാഷ്ട്രയിലെ ശിവസേന നേതൃത്വത്തിലുള്ള സർക്കാറുമായി തുറന്ന ഏറ്റുമുട്ടൽ പ്രഖ്യാപിച്ച കങ്കണക്ക് ബി.ജെ.പിയുടെ പിന്തുണയുണ്ട്. 

Full View

സംഘ്പരിവാർ വിരുദ്ധ രാഷ്ട്രീയത്തിന്‍റെ വക്താവായ പ്രകാശ് രാജ് നേരത്തെയും നിരവധി തവണ കേന്ദ്ര സർക്കാറിനെതിരെ ശക്തമായ വിമർശനമുയർത്തിയിട്ടുണ്ട്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ കർണാടകയിലെ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിൽ നിന്നും സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു.

പ്രകാശ് രാജ് ദേശസ്നേഹിയല്ലെന്നും അതിനാൽ വരാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ കെ.ജി.എഫ് 2ൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് സംഘ്പരിവാർ അനുകൂലികൾ സമൂഹമാധ്യമ കാമ്പയിൻ നടത്തിയിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.