കൊച്ചി: വ്യാപക എതിർപ്പുകൾ തള്ളി, കേന്ദ്ര സർക്കാറിന്‍റെ സ്കൂൾ വിദ്യാഭ്യാസ പദ്ധതിയായ പി.എം ശ്രീയുടെ ധാരണപത്രത്തിൽ കേരളം ഒപ്പിട്ട പശ്ചാത്തലത്തിൽ എസ്.എഫ്.ഐക്കെതിരെ പരിഹാസവുമായി കോൺഗ്രസ് നേതാവ് ഡോ. ജിന്റോ ജോൺ. വിദ്യാർഥി സംഘടനകളുമായി വിദ്യാഭ്യാസ മന്ത്രി നടത്തിയ ചർച്ചക്ക് ശേഷം മാധ്യമങ്ങളെ കാണുന്ന എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവിന്റെ വിഡിയോ പങ്കുവെച്ച് ‘അല്പമെങ്കിലും ഉളുപ്പാകാം...’ എന്നാണ് അദ്ദേഹം കുറിച്ചത്. എ.ബി.വി.പി ഒഴികെയുള്ള മുഴുവൻ വിദ്യാർഥി സംഘടനകളും പി.എം ശ്രീയെ എതിർത്തുവെന്നും കേരളത്തിൽ ഒരിക്കലും നടപ്പാക്കില്ലെന്നുമാണ് സഞ്ജീവ് വിഡിയോയിൽ പറയുന്നത്.
‘പി എം ശ്രീ അങ്ങനെ പിണറായി ശ്രീ ആയി. എന്തൊക്കെയായിരുന്നു... ഇടതുപക്ഷ ബദൽ, സംഘപരിവാർ പ്രതിരോധം! മാങ്ങാത്തൊലി, തേങ്ങാക്കുല. ഇത്രക്ക് അനൈക്യമുള്ള പിണറായിസ്റ്റ് മുന്നണി ആണത്രേ 3.0 ഉണ്ടാക്കുന്നത്!! പരസ്പര ധാരണയില്ലാത്ത പിണറായി മന്ത്രിസഭയാണ് നരേന്ദ്ര മോദിയുമായുള്ള സംഘപരിവാർ പാഠ്യപദ്ധതിയിൽ ധാരാണാപത്രം ഒപ്പിട്ടത്. തൃശൂർ പൂരം വരെ കലക്കി സുരേഷ് ഗോപിക്ക് പാർലമെന്റിലേക്ക് വഴിവെട്ടിയ പിണറായി വിജയന്റെ മുന്നിൽ കീഴങ്ങിയ സിപിഐ ഇവിടേയും തേഞ്ഞു... ഇത്തരം നിലപാടുകളിൽ എന്നും തോൽക്കാൻ മാത്രമാണ് സിപിഐക്ക് വിധി. ഇപ്പോൾ ഉറപ്പായില്ലേ പിണറായി മന്ത്രിസഭയിലെ രണ്ടാം കക്ഷി ബിജെപി ആണെന്ന്. ഈ മുന്നണി എൽഡിഎഫ് അല്ല സിജെപി ആണ്...’ -ജിന്റോ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
അതേസമയം, പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പിട്ടത് തങ്ങളുടെ സമരവിജയമാണെന്ന അവകാശവാദവുമായി എ.ബി.വി.പി രംഗത്തെത്തി. ‘കേരള സർക്കാർ കേവലമായ രാഷ്ട്രീയ താൽപര്യം മുൻനിർത്തി സംസ്ഥാനത്ത് പിഎം ശ്രീ പദ്ധതിക്ക് എതിരെ നിലപാടെടുത്തപ്പോൾ വിദ്യാർത്ഥികളുടെ ക്ഷേമം പരിഗണിച്ച് പദ്ധതി കേരളത്തിൽ നടപ്പിലാക്കണം എന്ന നിലപാടെടുത്ത ഏക വിദ്യാർത്ഥി സംഘടന എബിവിപി മാത്രമാണ്. പദ്ധതി നടപ്പാക്കാനുള്ള സർക്കാർ തീരുമാനം തുടർ സമരങ്ങളുടെ വിജയമാണ്. സംസ്ഥാനത്തെ പതിനായിരക്കണക്കിന് വിദ്യാർത്ഥികൾക്ക് ഗുണഫലം ലഭിക്കും. 2025 ഏപ്രിൽ 18ന് പിഎം ശ്രീ പദ്ധതി നടപ്പിലാക്കണം എന്ന് ആവശ്യപ്പെട്ട് എബിവിപി പ്രതിനിധി സംഘം വിദ്യാഭ്യാസ മന്ത്രിയെ കാണുകയും വലിയ സമരങ്ങളുമായി വിദ്യാർഥികളെ സംഘടിപ്പിച്ച് തെരുവിലിറങ്ങുകയും ചെയ്തു. ജില്ലകളിൽ വിദ്യാഭ്യാസ മന്ത്രിക്ക് നേരെ നടന്ന കരിങ്കൊടി പ്രതിഷേധത്തിന് നേരെ പോലീസിൻ്റെയും സിപിഐഎം ഗുണ്ടകളുടെയും വ്യാപക ആക്രമണമുണ്ടായി. പദ്ധതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് എബിവിപി നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിന് നേരെ പോലീസ് ലാത്തി വീശി. സംസ്ഥാന സെക്രട്ടറിയടക്കം 19 പ്രവർത്തകർ ജയിലിടക്കപ്പെട്ടു. എബിവിപിയുടെ ശക്തമായ പ്രതിഷേധത്തിൻ്റെ ഫലമായി വിദ്യാഭ്യാസ മന്ത്രി വിളിച്ച യോഗത്തിൽ കേരളത്തിലെ ഇതര വിദ്യാർത്ഥി സംഘടനകൾ മുഴുവനും പദ്ധതിയെ എതിർത്തപ്പോളും സംസ്ഥാനത്ത് ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസ നിലവാരം ഉറപ്പാക്കുന്ന പദ്ധതിയിൽ കേരളം അംഗമാകണം എന്ന നിലപാട് എടുത്തത് എബിവിപി മാത്രമാണ്. മാസങ്ങളോളം നീണ്ട തുടർ സമരങ്ങളുടെ ഫലമാണ് ഇന്നത്തെ നിലപാട് മാറ്റം’ - എബിവിപി സംസ്ഥാന സെക്രട്ടറി ഇ യു ഈശ്വരപ്രസാദ് പ്രസ്താവനയിൽ പറഞ്ഞു.
മന്ത്രിസഭയിലും മുന്നണിയിലും സി.പി.ഐ ഉയർത്തിയ എതിർപ്പുകൾ തള്ളിയാണ് ധാരണപത്രത്തിൽ കേരളം ഒപ്പിട്ടത്. സർക്കാർ നിർദേശപ്രകാരം വ്യാഴാഴ്ച ഡൽഹിയിലെത്തിയ പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. കെ. വാസുകിയാണ് സംസ്ഥാനത്തിനുവേണ്ടി ധാരണപത്രത്തിൽ ഒപ്പിട്ടത്. പി.എം ശ്രീയിൽ ഒപ്പിടാത്തതിന്‍റെ പേരിൽ ഫണ്ട് തടയപ്പെട്ട സമഗ്ര ശിക്ഷ കേരളത്തിന്‍റെ (എസ്.എസ്.കെ) ഡയറക്ടർ ഡോ. എ.ആർ. സുപ്രിയയും സെക്രട്ടറിക്കൊപ്പമുണ്ടായിരുന്നു.
മൂന്നുതവണ മന്ത്രിസഭ യോഗത്തിൽ സി.പി.ഐ മന്ത്രിമാർ പദ്ധതിയിൽ ഒപ്പിടുന്നതിലെ ആശങ്ക അറിയിച്ചിരുന്നു. കഴിഞ്ഞ ബുധനാഴ്ചയിലെ മന്ത്രിസഭ യോഗത്തിലും മന്ത്രി കെ. രാജൻ സി.പി.ഐയുടെ പ്രതിഷേധവും ആശങ്കയും അറിയിച്ചു. പദ്ധതിയുടെ ഭാഗമാകുന്നതിലുള്ള വിയോജിപ്പ് സി.പി.എം നേതൃത്വത്തെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചതിന് പിന്നാലെയാണ് ഡൽഹിയിലെ ഒപ്പിടൽ.
പദ്ധതിയിൽ ഒപ്പിട്ടതോടെ സമഗ്രശിക്ഷ പദ്ധതിയിൽ തടഞ്ഞുവെച്ച കേന്ദ്രവിഹിതം ഉടൻ അനുവദിക്കാമെന്ന ഉറപ്പ് കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം പൊതുവിദ്യാഭ്യാസ സെക്രട്ടറിയെ അറിയിച്ചതായാണ് വിവരം. വിവിധ വർഷങ്ങളിലെ കേന്ദ്രവിഹിതമായ 1148 കോടി രൂപയാണ് തടഞ്ഞുവെച്ചത്.
2022ൽ കേന്ദ്ര സർക്കാർ തുടങ്ങിയ പദ്ധതിയുടെ നിഗൂഢ ചരട് മുൻനിർത്തിയാണ് കേരളം ഒപ്പിടുന്നതിൽനിന്ന് പിന്തിരിഞ്ഞുനിന്നത്. ആർ.എസ്.എസ് താൽപര്യപ്രകാരം കാവിവത്കരണ അജണ്ടയിൽ തയാറാക്കിയ ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി -2020) പൂർണാർഥത്തിൽ നടപ്പാക്കണമെന്നാണ് പദ്ധതിക്കായുള്ള ധാരണപത്രത്തിലെ ഒന്നാമത്തെ വ്യവസ്ഥ. ഈ വ്യവസ്ഥക്ക് കീഴിലാണ് പി.എം ശ്രീക്കായി കേരളം ഒപ്പിട്ടത്. േബ്ലാക്കുകളിൽ രണ്ട് സ്കൂളുകളെ വീതം തെരഞ്ഞെടുത്ത് അടിസ്ഥാന സൗകര്യവികസനം ഉൾപ്പെടെയുള്ളവക്ക് പി.എം ശ്രീ പദ്ധതി വഴി ഫണ്ട് അനുവദിക്കും. എന്നാൽ, ദേശീയ വിദ്യാഭ്യാസ നയം അടിസ്ഥാനപ്പെടുത്തിയുള്ള പാഠ്യപദ്ധതിയും ബോധനരീതിയും വിലയിരുത്തലുമായിരിക്കണം ഈ സ്കൂളുകൾ പിന്തുടരേണ്ടത്. പി.എം ശ്രീ എന്ന് ചേർത്ത് സ്കൂളിന്‍റെ പേര് മാറ്റുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം വെക്കുകയും വേണം. പദ്ധതിയുടെ ഭാഗമാകുന്ന സ്കൂളുകളുടെ പേര് പിന്നീട് മാറ്റാൻ പാടില്ലെന്നതടക്കം വ്യവസ്ഥകളും ധാരണപത്രത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.