വാഷിങ്ടൺ: അമേരിക്കയിലെ ഒരു എയർട്രാഫ്രിക് കൺട്രോളിൽനിന്ന് പുറത്തുവന്ന ചില ശബ്ദങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. യുനൈറ്റഡ് സ്റ്റേറ്റ്സിലെ ഏറ്റവും തിരക്കുള്ള ഒരു എയർട്രാഫികിൽ, എയർട്രാഫിക് കൺട്രോൾ റൂമിൽനിന്ന് വിമാനങ്ങളുടെ യാത്രകൾ നിയന്ത്രിക്കുന്നതിനിടെ ഒരു വിമാനത്തിൽനിന്ന് പൂച്ചയുടേതുപോലത്തെ ‘മ്യാവൂ’ ശബ്ദവും നായ്ക്കളെപ്പോലെ കുരയും കേട്ടതാണ് തുടക്കം. ഈ ശബ്ദങ്ങൾ വന്ന ഉടൻതന്നെ മൊത്തം ആശയവിനിമയ സംവിധാനങ്ങളും തടസപ്പെടുകയായിരുന്നെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
റൊണാൾഡ് റീഗൻ വാഷിങ്ടൺ നാഷണൽ എയർപോർട്ടിലാണ് സംഭവം. എയർ ട്രാഫിക് കൺട്രോളിൽനിന്ന് ആശയ വിനിമയം നടത്തുന്നതിനിടെ രണ്ട് പൈലറ്റുമാർ മറുപടിയായി മൃഗങ്ങളുടെ ശബ്ദങ്ങൾ ഉണ്ടാക്കിയതാണ് പ്രശ്നമായത്. ഈ ശബ്ദങ്ങൾ എയർട്രാഫിക് കൺട്രോൾ ടീം റെക്കോർഡ് ചെയ്യുകയായിരുന്നു. ഏറ്റവും തിരക്കേറിയ, നിയന്ത്രിത വ്യോമാതിർത്തികളിൽപെട്ട ഒരിടത്ത് നടന്ന ഈ പ്രവൃത്തി ലാഘവത്തോടെ കാണേണ്ട ഒന്നല്ല എന്നും പ്രഫഷനലായി പെരുമാറാൻ പൈലറ്റുമാർ ശീലിക്കണമെന്നും അധികൃതർ ശാസിക്കുകയും ചെയ്തു.
അസാധാരണ ശബ്ദങ്ങൾ കേട്ടതിനെത്തുടർന്ന് കൺട്രോളർ നേരിട്ട് മുന്നറിയിപ്പ് നൽകുന്നതും റെക്കോർഡിങ്ങിൽ വ്യക്തമായി കേൾക്കാം. ‘നിങ്ങൾ പ്രഫഷനലായിരിക്കണം’ എന്ന് അവർ ശാസനയോടെ പൈലറ്റുമാരോട് പറയുന്നുണ്ട്. വ്യോമയാന ആശയവിനിമയങ്ങളിൽ കർശനമായ അച്ചടക്കം പാലിക്കേണ്ടതിന്റെ ആവശ്യകതയാണ് ഇതിലൂടെ ചർച്ചയായത്. ഈ സംഭവം വിമാന സുരക്ഷയെ ബാധിച്ചതായി റിപ്പോർട്ടുകളൊന്നുമില്ലെങ്കിലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധവേണമെന്ന നിർദേശം പൈലറ്റ് മാർക്ക് എയർ ട്രാഫിക് കൺട്രോളിൽനിന്ന് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.