ലണ്ടൻ: ‘മെറ്റാ’ അവരുടെ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളിലൊന്നിൽ പരസ്യത്തിനായി സ്കൂൾ വിദ്യാർഥിനികളുടെ ചിത്രങ്ങൾ ഉപയോഗിച്ചതായി മാതാപിതാക്കൾ. ഇത് അതിക്രമവും അസ്വസ്ഥത ഉളവാക്കുന്നതുമാണെന്ന് അവർ പ്രതികരിച്ചു. 13 വയസ്സ് പ്രായമുള്ള യൂനിഫോം ധരിച്ച പെൺകുട്ടികളുടെ മുഖവും പേരുകളും ഉൾച്ചേർത്ത പോസ്റ്റുകൾ തന്റെ ഇൻസ്റ്റാഗ്രാം ഫീഡിൽ വരുന്നത് ഒരാളുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
മെറ്റായുടെ ക്രമീകരണങ്ങൾ ഇങ്ങനെ ചെയ്യാനുള്ള അനുമതി ഉള്ള കാര്യം മാതാപിതാക്കൾക്ക് അറിയില്ലായിരുന്നു. തന്റെ അക്കൗണ്ട് സ്വകാര്യമാക്കിയാണ് വെച്ചിട്ടുള്ളതെന്ന് ഒരു മാതാവ് പറഞ്ഞു. പക്ഷേ, പോസ്റ്റുകൾ അവ ദൃശ്യമാകുന്ന ത്രെഡുകളിലേക്ക് യാന്ത്രികമായി ക്രോസ്-പോസ്റ്റ് ചെയ്യുകയായിരുന്നു. ഈ പോസ്റ്റുകൾ കുട്ടികളെയും അവരുടെ കുടുംബങ്ങളെയും ചൂഷണം ചെയ്യുന്നതായി തോന്നിയതായി ഇതു ശ്രദ്ധയിപ്പെട്ടയാൾ പറഞ്ഞു. നഗ്നമായ കാലുകളോ സ്റ്റോക്കിംഗുകളോ ഉള്ള ഷോർട്ട് സ്കർട്ടുകൾ ധരിച്ച സ്കൂൾ വിദ്യാർഥിനികളുടെ ചിത്രങ്ങളായിരുന്നു എല്ലാം. ഒരു വമ്പൻ കമ്പനി അവരുടെ ഉൽപ്പന്നം വിൽക്കുന്നതിനായി പെൺകുട്ടികളുടെ ചിത്രം ലൈംഗികവൽക്കരിക്കപ്പെട്ട രീതിയിൽ ചൂഷണം ചെയ്തതായി കണ്ടെത്തിയത് വളരെയധികം വിഷമിപ്പിച്ചതായി ഒരു കുട്ടിയുടെ പിതാവ് പറഞ്ഞു.
കാലിഫോർണിയയിലെ മെൻലോ പാർക്കിൽ ആസ്ഥാനമായുള്ള കമ്പനിയായ മെറ്റ ചിത്രങ്ങൾ അവരുടെ നയങ്ങൾ ലംഘിച്ചിട്ടില്ലെന്ന് പ്രതികരിച്ചു. തങ്ങളുടെ കമ്യൂണിറ്റി മാനദണ്ഡങ്ങളും മാർഗനിർദേശങ്ങളും പാലിക്കുന്ന പരസ്യമായി പങ്കിട്ട ഫോട്ടോകൾ കാണിച്ച് ത്രെഡുകൾ സന്ദർശിക്കാൻ ആളുകളെ ശിപാർശ ചെയ്തതായി അവർ സമ്മതിച്ചു. കൗമാരക്കാർ പങ്കിടുന്ന ത്രെഡുകൾ അവരുടെ സിസ്റ്റങ്ങൾ ശിപാർശ ചെയ്യുന്നില്ല. എന്നാൽ, പൊതുജനങ്ങൾക്ക് കാണാൻ അനുവദിക്കുന്ന തരത്തിൽ സജ്ജീകരിച്ചിരിക്കുന്ന മുതിർന്നവരുടെ അക്കൗണ്ടുകളിൽ നിന്നുള്ള പോസ്റ്റുകളായിരുന്നു ഇവ.
സ്കൂൾ പെൺകുട്ടികളുടെ പ്രൊമോഷണൽ പോസ്റ്റുകൾ മാത്രമേ തനിക്ക് അയച്ചിട്ടുള്ളൂ എന്ന് പോസ്റ്റുകൾ ലഭിച്ചയാൾ പറഞ്ഞു. സ്കൂൾ യൂണിഫോമിൽ ആൺകുട്ടികളൊന്നുമില്ലായിരുന്നു.
‘Get Threads’ എന്ന വലിയ ബട്ടൺ ഉൾപ്പെടുത്തിയ ഒരു പ്രൊമോഷണൽ പോസ്റ്റിൽ 15 വയസ്സുകാരിയുടെ ചിത്രം ഉപയോഗിച്ചതായി മറ്റൊരു മാതാവ് പറഞ്ഞു. ‘ അത് എന്റെ മകൾ സ്കൂളിൽ പോകുന്ന ഒരു ചിത്രമായിരുന്നു. ഇൻസ്റ്റാഗ്രാം അത് എടുത്തതാണെന്നും അത് ഒരു പ്രൊമോഷനായി ഉപയോഗിക്കുന്നുണ്ടെന്നും എനിക്കറിയില്ലായിരുന്നു. ഇത് തികച്ചും വെറുപ്പുളവാക്കുന്നതാണ്. അവൾ ഒരു പ്രായപൂർത്തിയാകാത്ത കുട്ടിയാണ്’ എന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.